പത്തനംതിട്ട – ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് വ്യക്തികളുടെ വിവരങ്ങൾ ചോർത്തി വൻ തട്ടിപ്പ് നടത്തിയ സംഘത്തിലെ നാലാം പ്രതി വാരണാസിയിൽ നിന്ന് പിടിയിൽ. ഉത്തർപ്രദേശ് വാരാണസി സ്വദേശിയായ അനേയ എന്നു വിളിക്കുന്ന പാലക്ക്സിങ് (19) ആണ് അറസ്റ്റിലായത്. ഈ കേസിൽ അറസ്റ്റിലാകുന്ന നാലാമത്തെ പ്രതിയും മൂന്നാമത്തെ ഇതര സംസ്ഥാനത്തു നിന്നുമുള്ളയാളുമാണ്. കേന്ദ്രസുരക്ഷാ ഏജൻസികൾ നൽകിയ വിവരം അനുസരിച്ച് അടൂർ കണ്ണംകോട് സ്വദേശി ജോയൽ വി. ജോസിനെയാണ് എസ്.പി ആർ. ആനന്ദിന്റെ നേതൃത്വത്തിൽ
സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊഴിയുടെയും ഫോൺ രേഖകളുടെയും അടിസ്ഥാനത്തിലാണ് മറ്റ് പ്രതികളിലേക്ക് ചെന്നെത്തിയത്. രണ്ടാം പ്രതിയായ ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി ഹിരാൽ ബെൻഅനൂജ് പട്ടേലി (37) നെയും മൂന്നാം പ്രതിയും ഉത്തർപ്രദേശിലെ പ്രതാപനഗർ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ കോൾ സർവയലൻസ് ഓഫീസറായിരുന്ന കോൺസ്റ്റബിൽ പ്രവീൺകുമാറിനെയും അന്വേഷണ സംഘം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. വ്യക്തികളുടെ വിവരങ്ങൾക്ക് പുറമേ രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വിവരങ്ങളും ഇവർ ചോർത്തിയതായി സംശയിക്കുന്നു. പാക്കിസ്ഥാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളിലേക്കും ഇവർ ഡേറ്റ കൈമാറിയതായി വിവരമുണ്ട്. എൻ.ഐ.എ, ഐ.ബി എന്നീ കേന്ദ്ര ഏജൻസികളുടെ കർശന നിരീക്ഷണത്തിലാണ് ജില്ലാ പോലീസ് അന്വേഷണവുമായി മുന്നോട്ട് പോകുന്നത്.
സ്വകാര്യ വിവരങ്ങളും മൊബൈൽ നമ്പരുകളുടെ ലൈവ് ലൊക്കേഷനുകളും കോൾ ഡേറ്റ റിക്കാർഡുകളും നിയമ നിർവഹണ ഏജൻസികൾ അറിയാതെ ചോർത്തിയെടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നാണ് ഇവർക്കെതിരേയുള്ള കേസ്. കുറ്റകൃത്യത്തിൽ സഹായിച്ചവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനായി ജില്ലാ പോലീസ് മേധാവി പ്രത്യേക സംഘം രൂപീകരിച്ച് അനേ്വഷണം നടത്തി വരികയായിരുന്നു.
പ്രതി വാരാണസിയിൽ ഉളളതായി മനസ്സിലാക്കിയതിനെ തുടർന്ന് ജില്ലാ ക്രൈം റിക്കോർഡ്സ് ബ്യൂറോ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബിനു വർഗീസിന്റെ മേൽനോട്ടത്തിൽ സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.കെ. സുനിൽ കൃഷ്ണൻ, സബ് ഇൻസ്പെക്ടർ വി.ഐ ആശ, എ.എസ്.ഐ സി.ആർ.ശ്രീകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ, രാജേഷ്. ജെ, എം.ആർ. പ്രസാദ് , സിവിൽ പോലീസ് ഓഫീസർ സഫൂറാമോൾ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


