കോഴഞ്ചേരി : ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടക്കുന്ന വികസന വേദി ഏറ്റെടുത്ത് പത്തനംതിട്ടയിലെ ജനങ്ങൾ. നമുക്ക് വികസനം ചർച്ച ചെയ്യാം എന്ന ‘ടാഗ് ലൈനുമായി’ തുടങ്ങിയ വികസന കോൺക്ലേവിൻ്റെ ആദ്യ ദിനം ഇന്നലെ ആറന്മുളയിലും, മല്ലപ്പുഴശേരി പഞ്ചായത്തിലെ കുഴിക്കാലയിലുമായി നടന്നു. രണ്ടാംദിനം ഇന്ന് കോഴഞ്ചേരി, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തുകളിലായിരുന്നു വികസന സദസ്സ്. തങ്ങളുടെ പ്രദേശങ്ങളുടെ വികസന സങ്കൽപ്പങ്ങൾ പങ്കുവയ്ക്കാൻ സമൂഹത്തിൻ്റെ വിവിധ തലങ്ങളിൽ നിന്നുള്ളവർ കോൺക്ലേവുകളുടെ ഭാഗമായി.
അടിസ്ഥാന സൗകര്യങ്ങൾ, ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ തുടങ്ങി സമസ്ത മേഖലകളിലും നടപ്പാക്കാവുന്ന വ്യത്യസ്ത ആശയങ്ങൾ കോൺക്ലേവുകളിൽ ചർച്ചയായി. സുഗതകുമാരി ടീച്ചറുടെ വസതി ഉൾപ്പെടുന്ന ആറന്മുളയെന്ന പൈതൃക ഗ്രാമം സംരക്ഷിക്കൽ, ആറന്മുള കണ്ണാടി, പള്ളിയോടങ്ങൾ അടക്കമുള്ളവക്കായി ലോകോത്തര മ്യൂസിയം, ആറന്മുള കണ്ണാടി ശില്പി കുടുംബങ്ങളുടെ സംരക്ഷണം അടക്കം ചർച്ചയായി. ആറന്മുളയിൽ മിച്ചഭൂമിയായി പ്രഖ്യാപിക്കപ്പെട്ട 200 ഏക്കർ ഭൂമിയിൽ AIIMS ( എയിംസ് ) നടപ്പിലാക്കാൻ ശ്രമിച്ചാൽ ആറന്മുളക്കുണ്ടാകുന്ന പുരോഗതിയെക്കുറിച്ചും, കോഴിത്തോടിന്റെ നവീകരണവും, അതിൽ നടപ്പിലാക്കാൻ കഴിയുന്ന ടൂറിസം പ്രോക്ടിനെക്കുറിച്ചും ഒക്കെ നിർദ്ദേശമുണ്ടായി. കൃഷി ചെയ്യാതെ കിടക്കുന്ന പാടങ്ങളിൽ എല്ലാവരും ഒത്തൊരുമിച്ചു നിന്നാൽ കൃഷിയിറക്കാനാകുമെന്ന നിർദ്ദേശം അജയകുമാർ വല്ലുഴത്തിലും, ഉത്തമൻ കുറുന്താറും മുന്നോട്ടുവെച്ചു. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ ദൂരെ സ്ഥലങ്ങളിൽ നിന്ന് വരുന്ന ഭക്തർക്ക് താമസിക്കാനും, പ്രാഥമിക കൃത്യങ്ങൾ ചെയ്യുവാനും അടക്കമുള്ള സൗകര്യങ്ങളുടെ കുറവ് എങ്ങനെ പരിഹരിക്കാം എന്നതടക്കം ചർച്ചകൾ ഉണ്ടായി.

മല്ലപ്പുഴശ്ശേരിയിൽ പ്രധാനമായും തുമ്പമൺ തെക്കേമല റോഡിന്റെ ദയനീയാവസ്ഥയാണ് ചർച്ചയായത്. മല്ലിശ്ശേരി ചിറ, പന്നിവേലിച്ചിറ എന്നിവയിൽ നടപ്പിൽ വരുത്താനാകുന്ന ടൂറിസം പ്രോജക്ടുകളെക്കുറിച്ചും അർത്ഥവത്തായ നിർദ്ദേശങ്ങൾ ഉണ്ടായി. തെരുവുനായ, കൃഷി ചെയ്യാനാകാത്ത കാട്ടുപന്നിയുടെ ശല്യം എന്നതൊക്കെ നിരവധിയാളുകളുടെ പരാതികളാണ് ഉയർന്നുകേട്ടു. ജനങ്ങളിൽ വികസനത്തെ കുറിച്ചുള്ള പ്രതീക്ഷയും, വിശ്വാസ്യതയും വളർത്തുന്നതായി വികസന വേദികൾ. അമൃതധാര ഗോശാല ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ നാടൻ പശു പരിപാലകനും, ജൈവ കർഷകനുമായ അജയകുമാർ വല്യുഴത്തിലാണ് വികസന വേദിയുടെ അമരക്കാരൻ.

രണ്ടാം ദിനമായ ഇന്ന് രാവിലെ കോഴഞ്ചേരിയിൽ നടന്ന വികസന സദസ്സിൽ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള നിരവധിയാളുകളാണ് പങ്കെടുത്തത്.
കോഴഞ്ചേരിയെന്ന ചെറിയ നഗരമായ പഞ്ചായത്തിൽ റോഡ് വികസനം, നഗര മദ്ധ്യത്തിലൂടെ ഒഴുകുന്ന തോടിന്റെ ശോചനീയാവസ്ഥയും, പമ്പയിലേക്ക് മാലിന്യം ഒഴുക്കുന്ന പ്രവണതക്ക് എങ്ങനെ തടയിടാനാകും എന്നും, വിദേശ രാജ്യങ്ങളിൽ ഉള്ളതുപോലെ വേസ്റ്റ് മാനേജ്‌മെന്റ് നടപ്പിലാക്കാൻ സമ്മർദ്ദം ചെലുത്താനും നിർദ്ദേശമുണ്ടായി. നഗര വികസനത്തിനായി റിംഗ് റോഡ്, സ്റ്റേഡിയം, വയോജനങ്ങൾക്കും, കുട്ടികൾക്കുമായി പാർക്കുകൾ, ഇപ്പോൾ നിലവിലുള്ള “നാലുമണിക്കാറ്റ്’ എന്ന മനോഹര സ്ഥലം എങ്ങനെ ടൂറിസ്റ്റുകളെ ആകർഷിക്കത്തക്കതും, നാട്ടിലെ ജനങ്ങൾക്ക് എല്ലാ സൗകര്യങ്ങളുമുള്ള വിശ്രമ സ്ഥലമായി മാറ്റാൻ കഴിയുമെന്നും ചർച്ചയുണ്ടായി. സർക്കാർ ആശുപത്രിയുടെ മതിൽ റോഡിൽ നിന്ന് ആവിശ്യമായ അകലം പാലിക്കാതെ പുനർ നിർമ്മിക്കുന്നതിൽ പരാതികളുമായി പോയ ജോജി കാവുംപടിക്കലിനൊപ്പം ഒറ്റക്കെട്ടായി നിന്ന് വ്യാപക പ്രതിഷേധം ഉയർത്താനും, അധികാര കേന്ദ്രങ്ങളെ നിവേദനങ്ങളിൽ കൂടി കാര്യങ്ങൾ മനസിക്കാനുമുള്ള ശ്രമങ്ങൾ നടത്തുവാനും തീരുമാനമുണ്ടായി. റോഡിലെ പാർക്കിംഗ് ബുദ്ധിമുട്ടുകൾ, അതുമൂലം വ്യാപാരികൾ നേരിടുന്ന പ്രതിസന്ധികൾ ഒക്കെ ചർച്ചയായി.

ഉച്ചക്ക് ശേഷം തോട്ടപ്പുഴശേരിയിൽ നടന്ന വികസന വേദിയിൽ അൻപതിലധികം പൗര പ്രമുഖർ പങ്കെടുത്തു. കൃഷിയെ ആശ്രയിക്കുന്നതും, കർഷകരുമായി ജനങ്ങളെ എങ്ങനെ സഹായിക്കാനാകുമെന്ന് ചർച്ചയുണ്ടായി. കൃഷിക്കായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിരിക്കുന്ന പദ്ധതികളുടെ ഭാഗമാകാൻ ജനങ്ങൾ മുന്നോട്ട് വരണമെന്നും, അതുവഴി എങ്ങനെ കൃഷിയെ പരിപോഷിപ്പിക്കാമെന്നും ചർച്ച ചെയ്തു.


മൂന്നാം ദിനമായ നാളെ, രാവിലെ 10 മണിക്ക് നാരങ്ങാനം ആലിങ്കൽ ജംഗ്ഷനിലും. ഉച്ചക്ക് ശേഷം വൈകീട്ട് 3 മണിക്ക് ഇലന്തൂർ ജംഗ്ഷനിലും
വികസന കോൺക്ലേവുകൾ നടക്കും.


