ജമ്മു – രാജ്യത്തിന്റെ അതിർത്തികൾക്ക് കാവലായി നിലകൊള്ളുന്ന അതിർത്തി സുരക്ഷാ സേന (ബി.എസ്.എഫ്.) രൂപീകരണത്തിന്റെ 60ാം വാർഷികം രാജ്യത്തുട നീളം ആചരിക്കുന്നു. ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 60 ബി.എസ്.എഫ്. ജവാന്മാർ പങ്കെടുക്കുന്ന മോട്ടോർസൈക്കിൾ റാലിക്ക് ജമ്മുവിൽ തുടക്കം.
ബി.എസ്.എഫ്. ഡയറക്ടർ ജനറൽ ദൽജിത്ത് സിംഗ് കഴിഞ്ഞ ഒമ്പതിന് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. 17 ദിവസം നീണ്ടുനിൽക്കുന്ന സാഹസിക യാത്ര 2727 കിലോമീറ്റർ സഞ്ചരിച്ച് 19ന് ഗുജറാത്തിലെ ഭുജിൽ സമാപിക്കും. ‘ലഹരിമുക്ത ഭാരതം’ എന്ന ശക്തമായ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക, അതിർത്തി സംരക്ഷണത്തിനപ്പുറം ബി.എസ്.എഫ്. നടത്തുന്ന വിവിധ സേവനങ്ങളെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.
ജമ്മു, കാശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ അതിർത്തി മേഖലകളിൽ നിന്നുള്ള 60 മോട്ടോർസൈക്കിൾ റൈഡേഴ്‌സാണ് റാലിയിൽ പങ്കെടുക്കുന്നത്.കായംകുളം സ്വദേശി സുകുരാജ് ഒ.എസ്., പാലക്കാട് സ്വദേശി ശ്രീനീഷ് എന്നിവരാണ് റാലിയിലെ മലയാളി പങ്കാളികൾ.


