പത്തനംതിട്ട – സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം മടക്കി നൽകാത്തതിനെതിരേ പോലീസ് കേസെടുത്തു. അയിരൂർ വില്ലേജ് സഹകരണ ബാങ്കിനെതിരേ നിക്ഷേപക നൽകിയ പരാതിയിൽ കോയിപ്രം പോലീസാണ് വഞ്ചനാക്കുറ്റം ഉൾപ്പെടെ ചുമത്തി കേസെടുത്തിരിക്കുന്നത്. ഒരു സഹകരണ ബാങ്ക് പണം നൽകാത്തതുമായി ബന്ധപ്പെട്ട് പോലീസ് നേരിട്ടെടുക്കുന്ന സംസ്ഥാനത്തെ ആദ്യ കേസാണിതെന്ന് പറയുന്നു.
ബാങ്ക് സെക്രട്ടറി, ഭരണസമിതിയംഗങ്ങൾ, മുൻ പ്രസിഡന്റ്, മുൻ ഭരണസമിതിയംഗം ഉൾപ്പെടെ 15 പേരെ പ്രതി ചേർത്താണ് കേസെടുത്തിരിക്കുന്നത്. പ്ലാങ്കമൺ തേക്കുങ്കൽ പളനിനിൽക്കുന്നതിൽ പാലപ്പുറത്ത് ലീലാമ്മ സൈമൺ (76) നൽകിയ പരാതിയിലാണ് കോയിപ്രം എസ്എച്ച്ഒ കേസ് രജിസ്റ്റർ ചെയ്തത്.
ഐപിസി 406, 420, 34 വകുപ്പുകളും ഭാരതീയ ന്യായ സംഹിത 316 (2), 318 (4), 3 (5) വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നത്. പരാതിക്കാരിയെ ചതിവിലൂടെ വിശ്വാസവഞ്ചന നടത്തി അന്യായമായി ലാഭമുണ്ടാക്കിയെന്നാണ് എഫ്‌ഐആറിൽ പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. വിവിധ അക്കൗണ്ടുകളിലായി സ്ഥിര നിക്ഷേപവും പലിശയും ഉൾപ്പെടെ 1,90,08,119 രൂപയാണ് പരാതിക്കാരിക്കു ലഭിക്കാനുള്ളത്.
2017 മുതൽ പല അക്കൗണ്ടുകളിലായി ചെറിയ തുകകളാണ് പരാതിക്കാരി സ്ഥിര നിക്ഷേപം നടത്തിയിരുന്നത്. മുതലും പലിശയും ചേർത്താണ് ഇപ്പോൾ 1.90 കോടി രൂപയിലെത്തി നിൽക്കുന്നത്. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നൽകുന്നില്ലെന്നായിരുന്നു ലീലാമ്മ സൈമണിന്റെ പരാതി.
അയിരൂർ വില്ലേജ് സഹകരണ ബാങ്ക് സെക്രട്ടറി റീനാ ജോണാണ് കേസിലെ ഒന്നാം പ്രതി. നിലവിലെ ഭരണസമിതിയംഗങ്ങളായ പി.ജെ. സജി, സുനിൽ തോമസ്, എസ്. സുരേഷ്, സുരേഷ് കുമാർ, ജെ. ജോബി, തോമസ് ഈശോ, വിക്രമൻ നാരായണൻ, മാത്യു വർഗീസ്, അമ്പിളി പ്രഭാകരൻ നായർ, ജേക്കബ് കോശി, മുൻ പ്രസിഡന്റ് വി. പ്രസാദ്, മുൻ ഡയറക്ടർ ബോർഡംഗം തോമസ് തമ്പി എന്നിവരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. തിരുവല്ല ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്റെയും എസ്.എച്ച്.ഓ പി.എം. ലിബിയുടെയും നേതൃത്വത്തിലാണ് കേസിൽ അന്വേഷണം.


