പത്തനംതിട്ട – കേരളത്തിന്റെ ചരിത്രത്തിൽ ഇന്നേവരെ നടന്നിട്ടില്ലാത്തത്ര തീവെട്ടിക്കൊള്ളയാണ് കഴിഞ്ഞ ഒമ്പതര വർഷത്തിനിടയിൽ ശബരിമലയിൽ നടന്നത് എന്നു വ്യക്തമായിക്കൊണ്ടിരിക്കുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്ഷേത്രവിശ്വാസമില്ലാത്ത ഒരു കൂട്ടം ആൾക്കാർ ഭക്തജനങ്ങൾ നൽകിയ കാണിക്ക പോലും അടിച്ചു മാറ്റി കേരളത്തിനകത്തും പുറത്തുമുള്ള അയ്യപ്പഭക്തന്മാരെ ചതിച്ച കഥകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
കേരളത്തിൽ കഴിഞ്ഞ ഒമ്പതര വർഷമായി ദേവസ്വം ഭരണം കയ്യാളിയ ദേവസ്വം പ്രസിഡന്റുമാരും മന്ത്രിമാരും ഭക്തി തൊട്ടുതീണ്ടിയിട്ടില്ലാത്തവരോ കപടഭക്തന്മാരോ ആയതു കൊണ്ടാണ് പരിപാവനമായ ശബരിമലയിൽ ഭഗവാനു വെച്ച കാണിക്ക പോലും അടിച്ചു മാറ്റുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്. ഇവർ വിശ്വാസ സമൂഹത്തെ കബളിപ്പിക്കുകയാണ്. ആചാരലംഘനം അടക്കമുള്ളവയ്ക്കു നേതൃത്വം നൽകി. ഇപ്പോൾ മുച്ചൂടും മോഷ്ടിച്ചു നശിപ്പിക്കുന്നു.
ഏറ്റവുമൊടുവിൽ വന്ന വാർത്തകൾ പറയുന്നത് 1999 ൽ വിജയ് മല്യ സ്വർണം പൂശി നൽകിയ ദ്വാരപാലക ശിൽപങ്ങളാണ് ദേവസ്വം രേഖകളിൽ ചെമ്പാക്കി വീണ്ടും ഉണ്ണികൃഷ്ണൻ പോറ്റി എന്ന ബിനാമിക്കു നൽകിയത് എന്നാണ്. ദേവസ്വം ബോർഡ് ശബരിമലയിൽ നിന്ന് ഇളക്കിക്കൊടുത്ത സ്വർണം പൂശിയ പാളികളല്ല തങ്ങളുടെ അരികിൽ വന്നത് എന്നും വേറെ ചെമ്പുപാളികളിലാണ് സ്വർണം പൂശി നൽകിയത് എന്നും ഉണ്ണികൃഷ്ണൻ പോറ്റിക്കു വേണ്ടി സ്വർണം പൂശിയ കമ്പനി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് പറയുന്നു. അപ്പോൾ പ്രധാനപ്പെട്ട ചോദ്യങ്ങൾ അവശേഷിക്കുകയാണ്.

ദേവസ്വം മന്ത്രി വാസവനോട് എനിക്ക് ആറു ചോദ്യങ്ങൾ ചോദിക്കാനുണ്ട്.
1. 1999 ൽ വ്യവസായിയായ വിജയ് മല്യ ദ്വാരപാലക ശിൽപങ്ങൾ സ്വർണം പൂശി നൽകിയെന്നാണ് വാർത്തകൾ. അത് ദേവസ്വം രേഖകളിൽ എങ്ങനെ ചെമ്പായി? ഈ തിരുത്തലിന് പിന്നിൽ ആര്.? വിജയ് മല്യയുമായുള്ള കരാർ പൂർത്തീകരിച്ചതിന്റെ രേഖകൾ പുറത്തു വിടാമോ?
2. ശബരിമലയിൽ സ്വർണം പൂശാൻ എന്ന പേരിൽ ഉണ്ണികൃഷ്ണൻ പോറ്റി എന്നയാൾ വ്യാപകമായി പണം പിരിച്ചതായി അറിയാമോ..? ഇത്തരത്തിൽ രാജ്യത്തുടനീളം ശബരിമലയുടെ പേരിൽ പണം പിരിക്കാൻ ദേവസ്വം ബോർഡ് അനുമതി നൽകിയിരുന്നോ? ഇല്ലെങ്കിൽ സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിൽ എന്തുകൊണ്ട് കേസെടുക്കുന്നില്ല?
3. ദേവസ്വം മാനുവലും ഹൈക്കോടതി ഉത്തരവും അനുസരിച്ച് ശബരിമലയിൽ നിന്ന് സ്വർണം പൂശാൻ ഇവയൊന്നും പുറത്തു കൊണ്ടു പോകാൻ പാടില്ല. ഇത് ദേവസ്വത്തിനും മന്ത്രിക്കും അറിവുള്ളതാണ്. എന്നിട്ടും ഉണ്ണികൃഷ്ണൻ പോറ്റി എന്നയാൾക്ക് ഇതിന് എങ്ങനെ അനുമതി ലഭിച്ചു? ആരാണ് അനുമതി നൽകിയത്?
4. ഇത്രയും വിലപിടിപ്പുള്ള സ്വർണം കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടു വരുമ്പോഴും കൃത്യമായി തൂക്കി നോക്കേണ്ടതാണ്. എന്നാൽ ഇതൊന്നും സംഭവിച്ചില്ല എന്നാണ് മനസിലാകുന്നത്. തൂക്കത്തിൽ വൻകുറവുണ്ടായി എന്നാണ്. ഇത്രയും നിസാരമായി കൈകാര്യം ചെയ്യണമെങ്കിൽ കാണാതായ നാലു കിലോയിൽ ഉന്നതർക്കടക്കം ഗുണം കിട്ടിയിട്ടുണ്ടാകണം. ഈ ഉണ്ണികൃഷ്ണൻ പോറ്റി ആരുടെ ബിനാമിയാണ്? ശബരിമലയിൽ അയാൾക്കിത്ര സ്വാധീനം എങ്ങനെ വന്നു?
5. ശബരിമലയിലെ പീഠം കാണാതായിട്ട് ഏതാണ്ട് പത്ത് വർഷമായി. എന്നിട്ട് ഇത് എന്തു കൊണ്ട് റിപ്പോർട്ട് ചെയ്തില്ല. എന്തുകൊണ്ടാണ് ഇത്ര വിലപിടിപ്പുള്ള സാധനം കാണാതായിട്ടും ദേവസ്വം ബോർഡ് ഇതുവരെ പരാതി നൽകാതിരുന്നത്. എന്തു കൊണ്ട് ഒരു ഓഡിറ്റിലും ഈ പീഠം കാണാനില്ല എന്ന കാര്യം വന്നില്ല?
6. വിജയ് മല്യ സ്വർണം പൂശിയ പാളികൾക്കു പകരം ചെമ്പുപാളികളാണ് സ്വർണം പൂശാൻ തങ്ങളുടെ അടുത്ത് എത്തിച്ചത് എന്ന് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന കമ്പനി പറയുന്നു. അപ്പോൾ ആ സ്വർണപ്പാളികൾ എവിടെ? ആരാണ് അത് മോഷ്ടിച്ചത്? ഈ മോഷണത്തിൽ ഇതുവരെ കേസെടുത്തിട്ടുണ്ടോ?
ഇത്ര വലിയ ഒരു മോഷണമാണ് ദേവസ്വം ഇന്റലിജന്റ്‌സ് എന്ന ഉമ്മാക്കിയെക്കൊണ്ട് അന്വേഷിപ്പിക്കുന്നത്. അപ്പത്തിലും അരവണയിലും അഴിമതി നടത്തുമ്പോലെയല്ല ഇത്. ഭഗവാന്റെ മുതൽ മോഷ്ടിച്ചാണ് ഇപ്പോൾ അഴിമതി. ഇത് ഭക്തജനങ്ങളുടെ വികാരമാണ്. അവരുടെ വിയർപ്പാണ്. അവരുടെ കാണിക്കകളിലും പ്രാർഥനകളിലും നിന്നുമാണ് ഈ ക്ഷേത്രങ്ങളിൽ ഐശ്വര്യം കുമിഞ്ഞു കൂടിയത്. ഈ കപടഭക്തർ ഭഗവാന്റെ ശ്രീകോവിലിൽ നിന്നു പോലും മോഷണം നടത്തിയിരിക്കുന്നു. ഇതിനു വേണ്ടി ശക്തമായ നിയമങ്ങളെയും കോടതി വിധികളെയും വരെ കാറ്റിൽ പറത്തി.
ശബരിമലയുടെ കാര്യത്തിൽ വിപുലമായ അധികാരങ്ങളാണ് കേരള ഹൈക്കോടതിക്ക് ഉള്ളത്. 1950 ലെ തിരുകൊച്ചി ദേവസ്വം ആക്് അനുസരിച്ച് ഓഡിറ്റ് നടത്താനുള്ള അധികാരവും, ദേവസ്വം ബോർഡ് പ്രസിഡന്റ്, മെമ്പർമാർ, ഉദ്യോഗസ്ഥർ എന്നിവരെ നീക്കം ചെയ്യാനുള്ള അധികാരവും ഹൈക്കോടതിക്കുണ്ട്. തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകളിലേയും, ശബരിമലയിലേയും ക്രമക്കേടും, അഴിമതിയും അന്വേക്കുന്നതിനായി 1990 ൽ ജസ്റ്റിസ് പരിപൂർണ്ണൻ അദ്ധ്യക്ഷനായ ദേവസ്വം ബഞ്ച് മുൻ ചീഫ് സെക്രട്ടറി വി രാമചന്ദ്രൻ ചെയർമാനായ ഒരു കമ്മറ്റി രൂപീകരിച്ചിരുന്നു.
ഈ കമ്മിറ്റി 1991 ൽ റിപ്പോർട്ട് സമർപ്പിച്ചു. അതിലെ ഒരു പ്രധാന നിർദേശമായിരുന്നു ശബരിമലയുടെ കാര്യങ്ങൾക്കായി ഒരു ജില്ലാ ജഡ്ജിയെ സ്‌പെഷ്യൽ കമ്മീഷണർ ആയി നിയമിക്കണം എന്നുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ ശബരിമലയിൽ സ്വീകരിക്കേണ്ട എല്ലാപ്രധാന നടപടികളും, തീരുമാനങ്ങളും സ്‌പെഷ്യൽ കമ്മീഷണർ മുഖേന ഹൈക്കടതിയെ അറിയിച്ച് ഉത്തരവ് വാങ്ങേണ്ടതുണ്ട്. ഈ രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് ഹൈക്കോടതി അംഗീകരിച്ച് ഉത്തരവായിട്ടുള്ളതാണ്. എന്നാൽ ഇപ്പോൾ ഹൈക്കോടതി ഉത്തവുകൾക്കും, തീരുമാനങ്ങൾക്കും വിരുദ്ധമായിട്ടാണ് ശബരിമലയിൽ കാര്യങ്ങൾ നടക്കുന്നത്. ശബരിമലയിൽ എന്ത് തീരുമാനം എടുക്കുന്നതിനും ഹൈക്കോടതിയുടെ ദേവസ്വം ബഞ്ചിന്റെ അനുമതി വേണം. ദേവസ്വം മാന്വൽ, സബ് ഗ്രൂപ്പ് മാന്വൽ എന്നിവ പ്രകാരമാണ് ശബരിമല ഉൾപ്പെടെ ക്ഷേത്രങ്ങളിലെ വിലപിടുപ്പുള്ള വസ്തുക്കൾ കൈകാര്യം ചെയ്യേണ്ടത്
2019 മുതൽ ഇന്നേവരെ നടന്നിട്ടുള്ള കാര്യങ്ങളെല്ലാം കോടതി ഉത്തരവുകൾക്ക് വിരുദ്ധമാണ്. 2019 മുതൽ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിമാർ, ദേവസ്വംബോർഡ് പ്രസിഡന്റ്, മെമ്പർമാർ, ഉദ്യോഗസ്ഥന്മാർ എന്നിവരെല്ലാം ഇക്കാര്യത്തിൽ കുറ്റക്കാരാണ്. അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഹൈക്കോടതിയുടെ ദേവസ്വം ബഞ്ചിന്റെ നേതൃത്വത്തിൽ സാമ്പത്തിക തട്ടിപ്പ് , മോഷണം തുടങ്ങിയ കുറ്റങ്ങൾ അടക്കം ചേർത്ത് എഫ് ഐആർ രജിസ്റ്റർ ചെയ്ത് ഇപ്പോൾ നടന്നിട്ടുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കണം. ഹൈക്കോടതി ഉത്തരവ് ലംഘിച്ച നടത്തിയ ക്രമക്കേട് ആയതിനാൽ കോടതി അലക്ഷ്യത്തിനും കേസ് എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.


