വാർത്തകൾ നിറഞ്ഞതോടെ അവസാനം പഞ്ചായത്തിന്റെ കണ്ണുകൾ തുറന്നു ; എടത്വായിൽ മാലിന്യ നീക്കം തകൃതിയിൽ

Kerala Alappuzha

എടത്വ – ഓൺലൈൻ, പ്രിന്റ് മാധ്യമങ്ങളിലൊക്കെ വാർത്തകൾ നിറഞ്ഞതോടെ പഞ്ചായത്ത് അധികാരികളുടെ കണ്ണുകൾ തുറന്നു. എടത്വ ടൗണിലും, പാലത്തിന്റെ അടിയിലെയും, മാർക്കറ്റിലെയും മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾ തകൃതിയിൽ പുരോഗമിക്കുന്നു. നീക്കം ചെയ്യാനുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ അടക്കം ചാക്കിലാക്കി വെച്ചിരിക്കുന്നു. മാലിന്യം നീക്കിത്തുടങ്ങിയെന്ന് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് പഞ്ചായത്ത് അറിയിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ആൻസി ബിജോയി, വൈസ് പ്രസിഡന്റ് രേഷ്മ ജോൺസൺ, സ്ഥിര സമിതി അദ്ധ്യക്ഷൻ പി.സി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യം നീക്കം ചെയ്യാനുള്ള നടപടികൾക്ക് തുടക്കമിട്ടിരിക്കുന്നത്.

എടത്വ പാലത്തിനടിയിൽ മാലിന്യം ദുർഗന്ധം വമിക്കുന്നത് കാരണം അതുവഴി മൂക്ക് പൊത്താതെ മനുഷ്യർക്ക് പോകാൻ കഴിയുമായിരുന്നില്ല. ഇവിടെയാണ് ജനകീയ ഹോട്ടലും പ്രവർത്തിക്കുന്നത്. ടൗണിനു 100 മീറ്റർ ചുറ്റളവിൽ ആണ് എല്ലാ സർക്കാർ സ്ഥാപനങ്ങളും, ധനകാര്യ സ്ഥാപനങ്ങളും, സ്‌കൂളുകളുമൊക്കെ സ്ഥിതിചെയ്യുന്നത്. പൊതുപ്രവർത്തകനായ ഡോ. ജോൺസൺ വി. ഇടിക്കുള ഈ വിഷയത്തിൽ ഇടപെടുകയും, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, ജില്ലാ കളക്ടർ, കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് എന്നിവർക്ക് പരാതി നൽകിയിരുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ വിദേശ രാജ്യങ്ങളിലുള്ള എടത്വ നിവാസികൾ അടക്കം ഈ വിഷയത്തിൽ സജീവമായി ഇടപെട്ടിരുന്നു. അതിലൊരാളായ ജേക്കബ്‌സ് എടത്വ ചില നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചത് മാതൃകാപരമായി തോന്നി. പഞ്ചായത്ത് അധികാരികൾക്ക് സാധിക്കുമെങ്കിൽ ഇങ്ങനെയുള്ള ആളുകളുടെ നിർദ്ദേശങ്ങളും കൂടി പരിഗണിക്കാവുന്നതാണ്.

അദ്ദേഹം ചില നിർദ്ദേശങ്ങൾ വെച്ചിട്ടുണ്ട്.
👇
എടത്വ ഗ്രാമ പഞ്ചായത്തിലെ മാലിന്യം നീക്കം ചെയ്യാൻ ഒരു ചെറിയ നിർദ്ദേശം…. തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക..
നല്ലൊരു പഞ്ചായത്ത് ഭരണ സമതി ഉണ്ടെങ്കിൽ വളരെ കുറഞ്ഞ ചിലവിൽ മാലിന്യം നീക്കം ചെയ്യാവുന്നതേ ഉള്ളു . പക്ഷെ നമ്മൾ അതൊന്നും ചെയ്യൂല്ല. ആദ്യം സ്ഥലം കണ്ടെത്തി ഒരു മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കണം. അവിടെ മാലിന്യം സ്റ്റോർ ചെയ്യാനുള്ള സൗകര്യം ഉണ്ടാകണം . ശേഷം ഓരോ വീടിനു മുന്നിലും മാലിന്യം സൂക്ഷിക്കാനുള്ള ബിൻ എല്ലാ വീട്ടുകാരും വാങ്ങി വയ്ക്കാൻ പറയണം. അതിൽ ഖര ദ്രവ മാലിന്യങ്ങൾ പ്രത്യേകം സൂക്ഷിക്കാനുള്ള സംവിധാനം ഉണ്ടാകണം. മാലിന്യം എടുക്കാൻ വാഹനം വരുന്ന ദിവസം വീട്ടുകാർ ഈ ബിന്നുകളിൽ അവ നിക്ഷേപിക്കണം . എല്ലാ ആഴ്ചയും എല്ലാ വാർഡുകളിൽ നിന്നും ആഴ്ചയിൽ രണ്ടു ദിവസം വാഹനത്തിൽ ഖര-ദ്രവ മാലിന്യം സംഭരിക്കണം. ഓരോ വീട്ടിൽ നിന്നും മാസം അമ്പതു രൂപ വീതം വാങ്ങിയാൽ ആ സ്റ്റോർ ചെയ്തു വച്ചിരിക്കുന്ന മാലിന്യം എടുക്കുന്ന തൊഴിലാളികൾക്ക് കൊടുക്കാനുള്ള പണവും ആകും. വിദേശ രാജ്യങ്ങളിൽ ചെയ്യുന്നത് പോലെ. അത് പോലെ തന്നെ പഞ്ചായത്തിലെ പ്രജകളായ നമ്മൾക്ക് കൃത്യമായ ഒരു ബോധവൽക്കരണവും നടത്തേണ്ടത് അത്യാവിശ്യമാണ്. മാലിന്യം ഈ ബിന്നുകളിൽ ഇടാത്തവരിൽ നിന്നും, സ്വന്തം വീടുകൾക്ക് മുന്നിലെ വഴിയിലും, നദികളിലും, അതിന്റെ തീരങ്ങളിലും മാലിന്യം അലഷ്യമായ് നിക്ഷേപിക്കുന്നവരിൽ നിന്നും ഫൈനുകൾ സ്വീകരിക്കുകയും ആവാം. ഇ മാലിന്യങ്ങൾ സംസ്കരിച്ചു പഞ്ചായത്തിന് വരുമാനം ആക്കുകയും ചെയ്യാം.

മാലിന്യ പ്ലാന്റ് സ്ഥാപിക്കാനും വാഹനവും വാങ്ങുള്ള ഫണ്ട് എങ്ങനെ ?

ഒരു ആയിരമോ അധിലധികമോ രൂപ വീതം എല്ലാ വീടുകളിൽ നിന്നും വാങ്ങണം ( നല്ലൊരു സംരംഭത്തിന് അതിൽ കൂടുതലും ഫണ്ട് സമാഹരിക്കാൻ ആകും ). ഏതാണ്ട് അയ്യായിരം വീടുകൾ എടത്വ ഉണ്ടാകും. അമ്പതു ലക്ഷത്തിനു മുകളിൽ പണം ലഭിക്കും. മാലിന്യം കൊണ്ട് പോകാനുള്ള വാഹനങ്ങൾ വാങ്ങുന്നതിനു വേണ്ടി. വലിയ വാഹനവും ഇടവഴികൾ കയറാൻ ചെറിയ വാഹനവും, സൈക്കിൾ റിക്ഷയും ആവിശ്യമാണ്. ബാക്കി വേണ്ടി വരുന്ന ഫണ്ട് പഞ്ചായത്ത് ഫണ്ടിൽ നിന്നും ഉപയോഗപ്പെടുത്താം.

@ ജേക്കബ്സ് എടത്വ

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *