ഇടുക്കി : കേരള – തമിഴ്‌നാട് അതിർത്തി പങ്കിടുന്ന ഉൾനാടൻ പ്രദേശങ്ങളിൽ മ്യൂൾ അക്കൗണ്ട് തട്ടിപ്പുസംഘങ്ങൾ സജീവമായി. അക്കൗണ്ട് നമ്പറുകൾ കൈക്കലാക്കി നിയമവിരുദ്ധമായ പണമിടപാടുകൾ നടത്തുകയാണ് ഈ സംഘങ്ങളുടെ പ്രധാന ലക്ഷ്യം. ഏതാനും ആഴ്ചകളായി മേഖലയിലെ നിരവധി യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ബാങ്ക് അക്കൗണ്ടുകൾ സംഘം ദുരുപയോഗം ചെയ്യുന്നതായാണ് വിവരം.
തമിഴ്‌നാട്ടിലെ കമ്പം, ഗൂഡല്ലൂർ, തേനി എന്നിവിടങ്ങളിൽ നിന്നുള്ള ഇടനിലക്കാരാണ് ഈ തട്ടിപ്പുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. സാമ്പത്തികമായി പ്രയാസമുള്ളവരെയും എളുപ്പത്തിൽ പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്ന യുവജനങ്ങളെയും ലക്ഷ്യമിട്ടാണ് ഇവർ കെണിയൊരുക്കുന്നത്.
പുതിയ ബാങ്ക് അക്കൗണ്ടുകൾ എടുപ്പിച്ച്, അതിലെ വിവരങ്ങൾ കൈവശപ്പെടുത്തുകയാണ് ഇവരുടെ ആദ്യത്തെ രീതി.അക്കൗണ്ട് വിവരങ്ങൾ ലഭിച്ച ശേഷം, ഈ അക്കൗണ്ടുകളിലേക്ക് പണം അയച്ചാണ് സംഘം ഇടപാട് നടത്തുന്നത്. വൻ സാമ്പത്തിക തട്ടിപ്പുകളിലൂടെ ലഭിക്കുന്ന കള്ളപ്പണം കൈമാറ്റം ചെയ്യാനുള്ള മറയായാണ് ഈ അക്കൗണ്ടുകൾ ഉപയോഗിക്കപ്പെടുന്നത്.
ഇടപാട് പൂർത്തിയായാൽ ഉടൻതന്നെ, ആ അക്കൗണ്ട് പിന്നീട് ഒരിക്കലും ഉപയോഗിക്കരുതെന്ന് ഉടമയ്ക്ക് നിർദ്ദേശം നൽകും.ഇത്തരം അക്കൗണ്ടുകൾ ഉപയോഗിച്ച് തട്ടിപ്പുകൾ നടത്തിയാൽ, നിയമനടപടി ഉണ്ടാകുമ്പോൾ യഥാർത്ഥ കുറ്റവാളികൾ സുരക്ഷിതരാവുകയും, അക്കൗണ്ട് ഉടമകൾ കേസിൽ കുടുങ്ങുകയും ചെയ്യുന്ന ഗുരുതരമായ സാഹചര്യമാണുള്ളത്.
What do you feel about this post?
Like
Love
Happy
Haha
Sad

