പെരിങ്ങരക്ക് പിന്നാലെ കാരയ്ക്കലിലും സുകുമാരൻ നായർക്കെതിരേ കട്ടപ്പ ബോർഡ്

Kerala Pathanamthitta
Print Friendly, PDF & Email

തിരുവല്ല: പെരിങ്ങരക്ക് പിന്നാലെ കാരയ്ക്കലിലും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരേ കട്ടപ്പ ബോർഡ്. കാരയ്ക്കൽ 845ാം നമ്പർ എൻഎസ്എസ് കരയോഗത്തിന് മുമ്പിലാണ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് എതിരെ ബാഹുബലിയെ പിന്നിൽ നിന്നും കുത്തുന്ന കട്ടപ്പയുടെ ചിത്രം ഉൾപ്പെടുത്തിയുള്ള ബാനർ പ്രത്യക്ഷപ്പെട്ടത്. കരയോഗ കെട്ടിടത്തിന്റെ പ്രധാന ഗേറ്റിൽ ആണ് ബാനർ സ്ഥാപിച്ചിരിക്കുന്നത്. സേവ് നായർ ഫോറത്തിന്റെ പേരിലാണ് ബാനർ ഉയർത്തിയിരിക്കുന്നത്. കുടുംബ കാര്യത്തിനുവേണ്ടി അയ്യപ്പഭക്തരെ പിന്നിൽ നിന്ന് കുത്തി നിരീശ്വരവാദികൾക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരൻ നായർ സമുദായത്തിന് നാണക്കേട് എന്നതാണ് ബാനറിൽ എഴുതിയിരിക്കുന്നത്. തിരുവല്ലയിലെ തന്നെ പെരിങ്ങര 1110ാം നമ്പർ കരയോഗത്തിന് മുമ്പിലും പെരിങ്ങരയുടെ വിവിധ ഭാഗങ്ങളിലുമായി ഞായറാഴ്ച പുലർച്ചയോടെ നാല് ബാനറുകൾ ഉയർന്നിരുന്നു. ചില കരയോഗങ്ങളിൽ നിന്ന് രാജിവെച്ചവരെ ഉദ്ദേശിച്ചു, നാല് നായന്മാർ പോയതുകൊണ്ട് എൻഎസ്എസിന് ഒന്നുമില്ലന്ന മന്ത്രി കെബി ഗണേഷ്‌കുമാറിന്റെ പ്രസ്താവനയും വ്യാപക ചർച്ചക്കും, പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *