“മുറ്റത്തെ മുല്ല ” “അംഗസമാശ്വാസം” “സഹകരണം സൗഹൃദം” എന്നീ പദ്ധതികളിലൂടെ സഹകരണ വകുപ്പ് ജനമനസുകളിലേക്ക്

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – വേറിട്ട പദ്ധതികളിലൂടെ ജനമനസ് കീഴടക്കി സഹകരണ വകുപ്പ്. സഹകരണമേഖലയിലുള്ളവർക്ക് ആശ്വാസത്തിന്റെ കൈത്താങ്ങായി വിവിധ പദ്ധതികൾ വകുപ്പ് നടപ്പാക്കുന്നു. ‘മുറ്റത്തെ മുല്ല’ ലഘുവായ്പ പദ്ധതി വഴി 56 സംഘങ്ങൾ 3832 കുടുംബശ്രീ യൂണിറ്റിലൂടെ 92.90 കോടി രൂപ 2025 ഓഗ്സ്റ്റ് വരെ വിതരണം ചെയ്തു. കാൻസർ, വൃക്ക, കരൾ രോഗികൾ, എച്ച്.ഐ.വി ബാധിതർ, ഹൃദയ ശസ്ത്രക്രിയ നടത്തിയവർ, കിടപ്പുരോഗികൾ, മാതാപിതാക്കൾ മരണപ്പെട്ട പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെ 2806 പേർക്ക് അംഗസമാശ്വാസ നിധിയിലൂടെ 2021 മുതൽ ഇതുവരെ 5.75 കോടി രൂപയും നൽകി. ‘സഹകരണം സൗഹൃദം’ പദ്ധതിയിലൂടെ 2021 ന് ശേഷം 8.95 ലക്ഷം രൂപ ചെലവഴിച്ച് 31 ഭിന്നശേഷികാർക്ക് തൊഴിൽ നൽകി. ചെറുകിട വഴിയോര കച്ചവടക്കാർ, ചെറുസംരംഭകർ എന്നിവർക്കും ഓട്ടോറിക്ഷ വാങ്ങുന്നതിനുള്ള പ്രാരംഭ ചെലവിനും ആയി 5.62 ലക്ഷം രൂപയും വിതരണം ചെയ്തു.

ഭക്ഷ്യ കാർഷിക മേഖല സ്വയം പര്യാപ്തതമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘500 ഏക്കർ സ്ഥലത്ത് കൃഷി’ പദ്ധതിയിലൂടെ ജില്ലയിലെ 13 സംഘങ്ങൾ നെല്ല്, വാഴ, വിവിധയിനം പച്ചക്കറികൾ, കിഴങ്ങുവർഗം കൃഷിയിലൂടെ 300 പേർക്ക് തൊഴിൽ ലഭ്യമാക്കി. വിഷരഹിത പച്ചക്കറികൾ ഉൽപാദിപ്പിക്കുന്ന സുഭിക്ഷ കേരളം പദ്ധതിയിലൂടെ 13 സഹകരണ സംഘങ്ങൾ മാതൃക കൃഷിത്തോട്ടം നടത്തുന്നു. ഹരിതം സഹകരണത്തിലൂടെ പ്ലാവ്, കശുമാവ്, തെങ്ങ്, പുളിമരം, മാവ്, മാങ്കോസ്റ്റിൻ എന്നിവ നട്ട് പരിപാലിക്കുന്നു. ജില്ലയിലെ 87 സ്‌കൂളുകളിൽ 993 ഔഷധസസ്യം വിതരണം ചെയ്തു. ഓണം, ക്രിസ്മസ്, റംസാൻ, ബക്രീദ് ആഘോഷങ്ങളിൽ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ വിലക്കുറവിൽ ലഭിക്കുന്നതിന് കൺസ്യൂമർ ഫെഡറേഷനുമായി ചേർന്ന് ഉത്സവചന്ത സംഘടിപ്പിക്കുന്നു. സാമ്പത്തിക സാമൂഹിക ഉന്നമനത്തിനും അംഗങ്ങൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനും പ്ലാൻ ഫണ്ട് പദ്ധതി പ്രകാരം ജില്ലയിലെ സഹകരണ സംഘങ്ങൾക്ക് ഒമ്പത് വർഷമായി ധനസഹായവും വകുപ്പ് നൽകുന്നുണ്ട്.

സഹകാരികൾക്ക് ആശ്വാസനിധി പദ്ധതിയിലൂടെ 2022-23 ൽ 2.95 ലക്ഷം രൂപ ജില്ലയിൽ വിതരണം ചെയ്തു. ജില്ലയിലെ യുവ സംരംഭകരുടെ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും കൃഷി, ഐ ടി സേവനമേഖലയിലെ സംരംഭം എന്നിവയുടെ പുരോഗതിക്കായി രണ്ട് യുവജന സംരംഭക സഹകരണ സംഘവും രൂപീകരിച്ചു.

കോവിഡ് കാലത്ത് വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് 12 സഹകരണ സംഘങ്ങളിൽ നിന്നും ടിവി, പ്രൊജക്ടർ, സോളാർ പാനൽ, ലാപ്ടോപ് എന്നിവ സൗജന്യമായി വിതരണം ചെയ്തു. ഓൺലൈൻ ക്ലാസിനായി കുട്ടികൾക്ക് മൊബൈൽ വാങ്ങുന്നതിന് വിദ്യാതരംഗിണി പദ്ധതിയിലൂടെ 3.68 കോടി രൂപ 95 സഹകരണ സംഘങ്ങളിലൂടെ ജില്ലയിൽ വിതരണം ചെയ്തു.

പ്രളയ ദുരിത ബാധിതർക്കായി സർക്കാർ സഹകരണ വകുപ്പിലൂടെ ആവിഷ്‌കരിച്ച കെയർ ഹോം പദ്ധതിയിലൂടെ ജില്ലയിൽ 114 കുടുംബങ്ങൾക്ക് ഭവനം ഒരുക്കി. 5.64 കോടി രൂപയാണ് ഇതിനായി വകുപ്പ് വിനിയോഗിച്ചാത്. 2018ലെ പ്രകൃതി ദുരന്തത്തിൽ പൂർണമായി തകർന്നതും വാസയോഗ്യമല്ലാതായതുമായ വീടുകളുടെ പുനർനിർമാണമാണ് സാധ്യമാക്കിയത്. 2019 ൽ വീടുകളുടെ നിർമാണം പൂർത്തിയായി.

Leave a Reply

Your email address will not be published. Required fields are marked *