പത്തനംതിട്ട: കേന്ദ്ര സർക്കാർ പ്രസ് ഇൻഫർമേഷൻ ബ്യൂറോ ജില്ലയിലെ മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച ഏകദിന മാധ്യമ ശിൽപശാല ‘വാർത്താലാപ് ‘ ഇന്ന് രാവിലെ 10 മണി മുതൽ ഹോട്ടൽ എവർഗ്രീൻ കോണ്ടിനെന്റൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ബഹുമാനപ്പെട്ട ജില്ലാ കലക്ടർ എസ്. പ്രേംകൃഷ്ണൻ IAS ശില്പശാല ഉദ്ഘാടനം ചെയ്തു.
കറാച്ചി, ഇന്ത്യൻ സൈന്യം ആക്രമിച്ചു എന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ കേന്ദ്ര സർക്കാർ എല്ലാ ജില്ലാ കലക്ടറന്മാരെ ബന്ധപ്പെടുകയും രാത്രിയിൽ തന്നെ അസത്യമായ ഈ വാർത്തക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്ത സംഭവം ഓർമ്മിപ്പിച്ചു കൊണ്ട് കളക്ടർ പറഞ്ഞത്, സൈനിക നീക്കങ്ങളടക്കം വ്യാജ വാർത്തകൾ യാതൊരു ഔദ്യോഗിക സ്ഥിരീകരണം ഇല്ലാതെയും പ്രചരിപ്പിക്കുന്ന മാധ്യമ പ്രവർത്തനം അല്ല വേണ്ടതെന്നും, കൂടുതൽ സ്ഥിരീകരണം നടത്തിയ ശേഷമാകണം വാർത്തയുടെ പ്രചാരണം വേണ്ടതെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരെ ഓർമ്മിപ്പിച്ചു.
പി.ഐ.ബി റീജിയണൽ അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനി ചാമി IIS അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ, ഹൃസ്വമായ വീഡിയോകളുടെ പ്രദർശനത്തിനു ശേഷം, വാർത്താ പ്രചാരണം എങ്ങനെ മാറിപ്പോകുന്നു എന്നും, എ ഐ സാങ്കേതിക വരവോടെ ഞെട്ടിപ്പിക്കുന്ന വീഡിയോകളുടെ സത്യാവസ്ഥ എന്താണെന്നും മനസിലാക്കാതെയാണ് നമ്മൾ പലരും വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും, കൂടുതൽ ജാഗ്രത പുലർത്തണമെന്നും ഓർമ്മിപ്പിച്ചു. .

പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ മുഖ്യപ്രഭാഷണം നടത്തി. പ്രസ് ക്ലബ്ബ് സെക്രട്ടറി ജി വൈശാഖൻ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. ശേഷം സോഷ്യൽമീഡിയ ജേർണലിസം യുഗത്തിലെ എഐ ടൂൾസ് എന്ന വിഷയത്തിൽ മാതൃഭൂമി മീഡിയ സ്‌കൂളിലെ ഡീൻ ഷാജൻ സി. കുമാർ സെമിനാറിൽ വിശദമായ ക്ലാസ് എടുത്തു. എ ഐ കാലത്ത് മാധ്യമ പ്രവർത്തകർക്ക് ആശ്രയിക്കാവുന്ന ആപ്ലിക്കേഷനുകൾ പരിചയപ്പെടുത്തിക്കൊണ്ടു അതിലെ നല്ലതും, ചീത്തയുമായ വശങ്ങളെക്കുറിച്ചും ബോധവത്കരിക്കുകയും, എ ഐ സാങ്കേതിക വരവോടെ ഉണ്ടാകുന്ന മാധ്യമ രംഗത്തെ മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മാധ്യമ വിദ്യാർത്ഥികളുടെയടക്കം സംശയങ്ങൾക്ക് അദ്ദേഹം മറുപടിയും നൽകി.
ഉത്തരവാദിത്ത മാധ്യമപ്രവർത്തനം എന്ന വിഷയത്തിൽ മലയാള മനോരമ അസി. എഡിറ്റർ ബോബി ഏബ്രഹാം ക്ലാസ് നയിച്ചു. തന്റെ 30 വർഷത്തെ മാധ്യമ രംഗത്തെ പരിചയത്തിലൂടെ എങ്ങനെയാണ് വാർത്തകൾ സൃഷ്ടിക്കേണ്ടതെന്നും, വാർത്തകളുടെ എഴുത്തിനു മുമ്പേ അതിലെ വാസ്തവം, സത്യം നേരിൽ കണ്ടറിഞ്ഞോ, അല്ലാതെയോ സ്ഥിരീകരണം നടത്തിയ ശേഷമേ വാർത്തകൾ പ്രചരിപ്പിക്കാവൂ എന്നും, ചില വാർത്തകൾ സത്യമായവ എഴുതിയാലും എങ്ങനെയത് മറ്റുള്ളവരെ ബാധിക്കുമെന്നും ഉദാഹരണങ്ങൾ സഹിതം അദ്ദേഹം വിവരിച്ചു. ബ്രെക്കിംഗ് ന്യൂസുകളുടെ പിന്നാലെയോടുന്ന ഇക്കാലത്ത് യാതൊരു സ്ഥിരീകരണവും നടത്താതെയുള്ള പോസ്റ്റ് ഓഫീസ് ജോലി നടത്തുന്നത് മാധ്യമ പ്രവർത്തനമല്ലന്നും, മാധ്യമ പ്രവർത്തകരാകാൻ അതിനുള്ള സ്കിൽ പ്രവർത്തി പരിചയത്തിലൂടെ ആർജ്ജിക്കേണ്ടതുണ്ടന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ ബാങ്കിങുകളും തട്ടിപ്പും എന്ന വിഷയത്തിൽ സുദീർഘമായ ക്ലാസ് നയിച്ചത് സാമ്പത്തിക സാക്ഷരത കൗൺസിലർ ഗോപകുമാർ ആയിരുന്നു. ഇന്നത്തെക്കാലത്ത് ബാങ്കിങ് രംഗത്തെ ചൂഷണങ്ങളെയും, അതിൽ നിന്നൊക്കെ എങ്ങനെ രക്ഷനേടാം എന്നും അദ്ദേഹം വിശദീകരിച്ചു.
അതിനു ശേഷം സൈബർ ക്രൈം എന്ന വിഷയത്തിൽ പത്തനംതിട്ട സൈബർ പോലീസ് എസ്.എച്ച്.ഓ സുനിൽ കൃഷ്ണൻ ക്ലാസ് നയിച്ചു. തന്റെ പോലീസ് ജീവിതത്തിലെ ക്രൈം സംഭവങ്ങളെ സരസമായി അവതരിപ്പിച്ചുകൊണ്ട് സൈബർ ഫ്രോഡുകളെക്കുറിച്ചും, അതിൽ വീണുപോകുന്ന സ്ത്രീകളടക്കമുള്ള മനുഷ്യരെക്കുറിച്ചും അദ്ദേഹം ഉദാഹരണങ്ങളാ കേസുകളുടെ വിഷാദശാംശങ്ങൾ പറഞ്ഞുകൊണ്ട് അവതരിപ്പിച്ചു. മാധ്യമ പ്രവർത്തകർക്ക്, പ്രത്യേകിച്ചും തുടക്കക്കാരായ മാധ്യമ പ്രവർത്തകർക്ക് വളരെ പ്രയോജനകരമാകുന്ന സെമിനാറായിരുന്നു നടന്നത്. ഏതാണ്ട് 60 ൽ കൂടുതൽ മാധ്യമ പ്രവർത്തകർ സെമിനാറിൽ പങ്കെടുത്തു.


