അടൂര്‍ – സർക്കാർ ജോക്കിക്കാരേറെ ആശ്രയിക്കുന്ന വേണാട് എക്‌സ്പ്രസിൽ തിരക്കൊഴിയുന്നില്ല. ബദലായി ആരംഭിച്ച പുതിയ സ്‌പെഷല്‍ മെമുവും തഥൈവ..! തിക്കും തിരക്കും കാരണം അതിലും കാലുകുത്താന്‍ ഇടമില്ല. അതാകട്ടെ സമയ ക്ലിപ്തതയും പാലിക്കുന്നില്ല. വേണാട് വൈകിയോടുന്നതും അതിലെ തിരക്കും കാരണമാണ് സ്‌പെഷല്‍ മെമു അനുവദിച്ചത്. പുലര്‍ച്ചെ 5.55 ന് കൊല്ലത്ത് നിന്നും ആരംഭിക്കുന്ന മെമു 9.35ന് എറണാകുളം ജങ്ഷനില്‍ എത്തുന്നതാണ് സമയക്രമം. എന്നാല്‍ മിക്കപ്പോഴും ഔട്ടറില്‍ ദീര്‍ഘസമയം പിടിച്ചിടുന്നത് മൂലം 9.50 നാണ് എറണാകുളം ജങ്ഷനില്‍ എത്തുന്നത്. ഇതു കാരണം എറണാകുളത്തെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ മെട്രോയിലും ബസിലുമൊക്കെ കയറി ഓഫീസില്‍ എത്തുമ്പോഴേക്കും 10 മണി കഴിഞ്ഞിരിക്കും. യാത്രക്കാര്‍ക്ക് കൃത്യസമയത്ത് ജോലിക്കെത്താന്‍ കഴിയാതെ അരദിവസത്തെ അവധി എടുക്കേണ്ടതായും വരുന്നുണ്ട്.
സമയം ലാഭിക്കാന്‍ പലരും എറണാകുളം ഔട്ടറില്‍ ട്രെയിന്‍ പിടിച്ചിടുമ്പോള്‍ ഇറങ്ങി പാളം മുറിച്ച് കടന്ന് പോകുന്നതും കാണാം. ഓഫീസ് സമയത്തിന് മുന്‍പ് വേണാട് എറണാകുളത്ത് എത്തിയിരുന്നപ്പോള്‍ ഇതിനെ ആശ്രയിച്ചിരുന്നവര്‍ ഇപ്പോള്‍ മെമുവിലാണ് സഞ്ചാരം. എറണാകുളത്തെ സര്‍ക്കാര്‍, സ്വകാര്യ, ആശുപത്രി മേഖലയില്‍ ജോലി ചെയ്യുന്നവരും വിദ്യാര്‍ത്ഥികളുമാണ് മെമുവിലെ സ്ഥിരം യാത്രക്കാര്‍. എട്ട് ബോഗി മാത്രമാണ് ഉള്ളത്. മെമു കരുനാഗപ്പള്ളിയാകുമ്പോഴേക്കും നിറയുന്ന അവസ്ഥയാണ്. രണ്ടെണ്ണം വനിതാ കമ്പാര്‍ട്ട്‌മെന്റാണ്. അവധി ദിവസം കഴിഞ്ഞുള്ള ആദ്യ പ്രവര്‍ത്തി ദിവസം കൊല്ലത്ത് നിന്നു തന്നെ ബോഗി നിറയും. പിന്നീടങ്ങോട്ടുള്ള സ്‌റ്റോപ്പുകളില്‍ ട്രെയിനില്‍ കയറിപ്പറ്റാന്‍ ഇടിയാണ്. മെമുവില്‍ ഒന്ന് കയറി പറ്റ ണമെങ്കില്‍ ഭഗീരഥ പ്രയത്‌നം തന്നെ വേണം.കൂട്ടയിടിക്കിടയില്‍ പ്രായമായവരാണ് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്. മെമുവിന് നാല് ബോഗി കൂടി വര്‍ധിപ്പിച്ചാല്‍ തിര ക്കിന് ഒരു പരിധി വരെ പരിഹാരമാകും. കൊല്ലം കഴിഞ്ഞാല്‍ പിന്നെ ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം എന്നീ റെയില്‍വേ സ്‌റ്റേഷനുകളില്‍ ഈ ട്രെയിനില്‍ കയറാന്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ദേശീയപാത വികസനം നടക്കുന്നതിനാലുള്ള റോഡിലെ തിരക്ക് മൂലം പലരും ട്രെയിനെ ആശ്രയിക്കുന്നതും തിരക്ക് ക്രമാതീതമാക്കി.


