ആൻഡമാനിൽ നിന്നും മഞ്ചേരിയിലേക്ക് മയക്കു മരുന്ന് കടത്തിയ കേസിൽ പ്രതികൾക്ക് പതിനഞ്ചു വർഷം കഠിന തടവ്

Crime
Print Friendly, PDF & Email

മലപ്പുറം – കൊറിയര്‍ സര്‍വീസ് വഴി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ നിന്നും മാരക മയക്കുമരുന്നായ മെത്താംഫിറ്റമിന്‍ അരക്കിലോയോളം മഞ്ചേരിയില്‍ എത്തിച്ച് വില്‍പ്പന നടത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്ക് 15 വര്‍ഷം കഠിന തടവ്. കേസിലെ ഏറനാട് പാണക്കാട് പഴങ്കര കുഴിയില്‍ വീട്ടില്‍ നിഷാന്ത് (25), മലപ്പുറം അംശം ഡൗണ്‍ഹില്‍ ദേശത്ത് പുതുശ്ശേരി വീട്ടില്‍ റിയാസ് (33), പാണക്കാട് പട്ടര്‍ക്കടവ് ദേശം മൂന്നുക്കാരന്‍ വീട്ടില്‍ സിറാജുദീന്‍ (30) എന്നിവരെയാണ് ശിക്ഷിച്ചത്.

മഞ്ചേരി എന്‍.ഡി.പി.എസ് സ്‌പെഷല്‍ കോടതി ജഡ്ജ് ടി.ജി.വര്‍ഗീസാണ് 1985 ലെ എന്‍.ഡി.പി.എസ് ആക്റ്റ് പ്രകാരം പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തി പതിനഞ്ചു വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ വീതം പിഴ അടയ്ക്കുന്നതിനും വിധിച്ചത്. 2023 ഫെബ്രുവരി 21 നാണ് കേസിനാസ്പദമായ സംഭവം. മഞ്ചേരി തുറയ്ക്കല്‍ ബൈപാസിലുള്ള ബ്ലൂ ഡാര്‍ട്ട് കൊറിയര്‍ സര്‍വീസ് വഴി ആന്‍ ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ നിന്നും പാഴ്‌സല്‍ ആയി എത്തിച്ച അരക്കിലോ മെത്താംഫിറ്റമിന്‍ ഏറ്റുവാങ്ങി കാറില്‍ കയറുന്നതിനിടയിലാണ് എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ പി.കെ മുഹമ്മദ് ഷഫീഖും സംഘവും പ്രതികളെ പിടികൂടുന്നത്. മഞ്ചേരി ഭാഗത്ത് വില്‍പ്പന നടത്തുന്നതിനായാണ് പ്രതികള്‍ മരുന്ന് എത്തിച്ചത്.

കാളികാവ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ടി. ഷിജുമോന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പഴുതടച്ച അന്വേഷണത്തിന്റെ ഫലമായാണ് പ്രതികളെ തൊണ്ടി സഹിതം പിടികൂടാന്‍ സാധിച്ചത്.

ഒന്നാം പ്രതി നിഷാന്തിന്റെ പേരിലാണ് പാഴ്‌സല്‍ എത്തിയത്. ജാമിന്റെയും പീനട്ട് ബട്ടറിന്റെയും ഗ്ലാസ്സ് ജാറുകളില്‍ ഒളിപ്പിച്ചായിരുന്നു കടത്ത്. മറ്റു പ്രതികളുടെ സുഹൃത്തായ നാലാം പ്രതി മുഹമ്മദ് സാബിദ് ആണ് രാജേന്ദ്രന്‍ എന്ന വ്യാജ മേല്‍ വിലാസത്തില്‍ ഒന്നാം പ്രതി നിഷാന്തിന്റെ പേരില്‍ കൊറിയര്‍ ആയി മയക്കുമരുന്ന് അയച്ചത്. നാലാം പ്രതി മുഹമ്മദ് സാബിത് ഇപ്പോഴും ഒളിവിലാണ്. എക്‌സൈസ് ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.എന്‍. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ കേസന്വേഷണം നടത്തിയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷന് വേണ്ടി എന്‍ഡിപിഎസ് കോടതി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.സുരേഷ് ഹാജരായി. കേസില്‍ തെളിവായി 52 രേഖകള്‍ സമര്‍പ്പിക്കുകയും 22 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. ശിക്ഷിക്കപ്പെട്ട മൂന്ന് പ്രതികളെയും തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *