പത്തനംതിട്ട – നരിയാപുരം തുണ്ടത്തിൽ വടക്കേതിൽ മോഹനൻ മകൻ ഷാനു (27) ആണ് പമ്പുക്കുഴി പാറമടയിൽ കുടുങ്ങിയത്. പുതുതായി ചുമതലയറ്റ് ജില്ലാ ഫയർ ഓഫീസർ വിശി വിശ്വനാഥിന്റെ നിർദ്ദേശപ്രകാരം ഫയർ ഫോഴ്സ് പുതുതായി ആരംഭിച്ച മൗണ്ടൻ റെസ്ക്യൂ ടീം സ്ഥലത്തെത്തി ചെങ്കുത്തായ പാറമടയുടെ വശത്തു നിന്നും ഷാനുവിനെ റെസ്ക്യൂ റോപ്പ് ഉൾപ്പെടെ ഉപകരണങ്ങളുടെ സഹായത്തോടെ മുകളിലേക്ക് വലിച്ച് കയറ്റുകയായിരുന്നു.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രമാകാന്ത്, രഞ്ജിത്ത്, ഷൈജു എന്നിവർ റോപ്പിൽ താഴേക്ക് ഇറങ്ങിച്ചെന്ന് ഷാനുവിനെ റോപ്പിൽ ബന്ധിപ്പിച്ച് മുകളിലേക്ക് എത്തിക്കുകയായിരുന്നു. മുകളിൽ നിന്നും ഏകദേശം 30 അടിയോളം താഴേക്ക് ഇറങ്ങിയ ഷാനു ചവിട്ടി നിൽക്കാൻ പറ്റുന്ന ഭാഗത്ത് പിടിച്ചു നിൽക്കുകയായിരുന്നു. ഇയാള് മാനസിക അസ്വാസ്ഥ്യം നേരിടുന്ന ആൾ ആണെന്ന് ബന്ധുക്കൾ അറിയിച്ചു. രക്ഷപ്പെടുത്തിയ ഷാനുവിനെ സ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് സംഘത്തെ ഏൽപ്പിച്ച് ഫയർ ഫോഴ്സ് മടങ്ങി.
സ്റ്റേഷൻ ഓഫിസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എ. സാബു, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രഞ്ജിത്ത് എസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പ്രവീൺ കുമാർ, അഞ്ചു, അനിൽകുമാർ, രാജശേഖരൻ നായർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
പുതുതായി രൂപീകരിച്ച മൗണ്ടൻ റെസ്ക്യൂ ടീമിൻറെ വിജയകരമായ ആദ്യ രക്ഷാപ്രവർത്തനം. ദുർഘടം പിടിച്ച വഴിയിലൂടെ ഏകദേശം ഒരു കിലോമീറ്റർ അടുത്ത് നടന്നാണ് മൗണ്ടൻ റെസ്ക്യൂ ടീം സ്ഥലത്ത് എത്തിയത്.




