വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവഴിച്ചത് 5000 കോടി രൂപ: മന്ത്രി വി.ശിവൻകുട്ടി

Pathanamthitta
Print Friendly, PDF & Email

റാന്നി – സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ 5000 കോടി രൂപ വിനിയോഗിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. തടിയൂർ സർക്കാർ മോഡൽ എൽ.പി സ്‌കൂൾ പുതിയ കെട്ടിട ഉദ്ഘാടനം ഓണലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം. പാഠപുസ്തക വിതരണം, അധ്യാപക പരിശീലനം, സ്‌കൂൾ ഉച്ചഭക്ഷണ മെനു പരിഷ്‌കരണം തുടങ്ങി എല്ലാ രീതിയിലും മികച്ച പഠനാന്തരീക്ഷം ഒരുക്കി.

വിദ്യാർഥികളുടെ പഠന പുരോഗതി നിരീക്ഷിക്കാൻ പോർട്ടൽ സജ്ജമാണ്. വിദ്യാർഥിയെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് അധ്യാപകർ വഹിക്കണം. ഭിന്നശേഷി കുട്ടികൾക്ക് സ്‌കൂൾ ഒളിമ്പിക്സ് സംഘടിപ്പിച്ചു. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ തുല്യപ്രാധാന്യം നൽകുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

റാന്നി മണ്ഡലത്തിലെ സ്‌കൂളുകളിൽ നിരവധി വികസന പദ്ധതികൾ നടക്കുന്നു. വരവൂർ സർക്കാർ യുപിഎസ്, കോട്ടങ്ങൽ, പെരുമ്പെട്ടി വടശേരിക്കര, നാറാണംമുഴി, തെള്ളിയൂർ, പ്ലാങ്കമൺ, ബംഗ്ലാകടവ് സർക്കാർ എൽ പി സ്‌കൂളുകൾക്ക് ഒരു കോടി രൂപ വീതം ബജറ്റിൽ അനുവദിച്ചു. കുടമുരട്ടി സ്‌കൂളിന് ഒരു കോടി രൂപയും കുന്നം സർക്കാർ എൽ പി സ്‌കൂളിന് 50 ലക്ഷം രൂപയും പ്ലാൻ പദ്ധതിയിലൂടെ അനുവദിച്ചു. തൊഴിൽ വകുപ്പ് നോഡൽ ഏജൻസിയായ റാന്നി സ്‌കിൽ ഹബ്ബിന് 10 കോടി രൂപയും നൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു.

റാന്നിയിലെ സ്‌കൂളൂകളിൽ അടിസ്ഥാന സൗകര്യം മെച്ചപ്പെട്ടതായി അധ്യക്ഷൻ പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. കുട്ടികളിലെ വായന ശീലം വളർത്താൻ ആരംഭിച്ച റാന്നി എംഎസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച ഡിജിറ്റൽ ലൈബ്രറി മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും എംഎൽഎ പറഞ്ഞു. ആന്റോ ആന്റണി എംപി മുഖ്യാതിഥിയായി.

വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 1.12 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിട നിർമിച്ചത്. നാല് ക്ലാസ് മുറി, ഹെഡ്മിസ്ട്രസ് ഓഫീസ്, ശുചിമുറി, സ്റ്റെയർകേസ് റൂം, വരാന്ത എന്നിവ ഉൾപെടുന്നു. പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിജി തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സുസൻ ജേക്കബ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ, വൈസ് പ്രസിഡന്റ് വിക്രമൻ നാരായണൻ, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ബി ജയശ്രീ, സാംകുട്ടി അയ്യക്കാവിൽ, അനുരാധ ശ്രീജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി പ്രസാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അംബുജാ ഭായ്, ബെൻസൻ പി തോമസ്, അനിത കുറുപ്പ്, ശ്രീകല ഹരികുമാർ, പ്രീതാ ബി നായർ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ബി ആർ അനില,വിദ്യാ കിരണം ജില്ലാ കോഓർഡിനേറ്റർ എ കെ പ്രകാശ്, സ്‌കൂൾ ഹെഡ്മിസ്ട്രസ് എ ആർ സുമ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *