പത്തനംതിട്ട: വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയുടെ ചിത്രം മാട്രിമോണിയൽ സൈറ്റിൽ പ്രത്യക്ഷപ്പെട്ടു. ചിത്രം കണ്ടു രജിസ്റ്റർ ചെയ്ത യുവാക്കളുടെ പക്കൽ നിന്നും പണം വാങ്ങി ചിത്രം അയച്ചു കൊടുത്ത് തട്ടിപ്പിന് ശ്രമിച്ച കേസിൽ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു.
പെരിങ്ങനാട് തെക്ക് നിധിൻ ഭവനം വീട്ടിൽ നിന്നും ഏഴംകുളം പറക്കോട് എം.ജി.എം സ്‌കൂളിന് സമീപം നിധിൻ ഭവനം വീട്ടിൽ താമസിക്കുന്ന കെ സി രാജൻ (54), ഇയാളുടെ ഭാര്യ ബിന്ദു രാജൻ(48) എന്നിവരാണ് പിടിയിലായത്. കേസിൽ എറണാകുളം സ്വദേശി തോമസാണ് ഒന്നാം പ്രതി. തോമസും രാജനും ചേർന്നാണ് മാട്രിമോണിയൽ സൈറ്റ് നടത്തിയത്. തോമസിന്റെ ഫോണിൽ നിന്നും ഫോട്ടോയും മറ്റു വിവരങ്ങളും സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുന്ന യുവാക്കൾക്ക് അയച്ചു കൊടുത്ത് അവരിൽ നിന്ന് പണം ഈടാക്കുകയായിരുന്നു. ബിന്ദുവിന്റെ യു.പി.ഐ ഐഡി വഴിയാണ് പണം വാങ്ങിയത്.
കഴിഞ്ഞ ദിവസങ്ങളിൽ യുവതി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോ, ഈ മാട്രിമോണിയൽ സൈറ്റിൽ രജിസ്റ്റർ ചെയ്തിരുന്ന യുവതിയുടെ പരിചയക്കാരനായ യുവാവ് ഫോട്ടോ കാണുകയും, യുവതിക്ക് അയച്ചു കൊടുക്കുകയും ചെയ്തപ്പോൾ ആണ് ഈ തട്ടിപ്പ് പുറത്തുവന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ യുവതി പോലീസിൽ പരാതി നൽകുകയുമായിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും പരാതിക്കാർ തന്നെയാണ് പ്രതികളെ കണ്ടെത്തിയത്. ഇവർ വിവരം അറിയിച്ചതനുസരിച്ച് പോലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരുടെ മൊബൈൽ ഫോണുകൾ ബന്തവസ്സിലെടുത്തു. ഒന്നാം പ്രതിക്കായുള്ള അനേ്വഷണം പോലീസ് ഊർജിതപ്പെടുത്തി എന്നാണറിയുന്നത്. പോലീസ് ഇൻസ്‌പെക്ടർ ഷിബുകുമാറിന്റെ നേതൃത്വത്തിലാണ് നടപടികൾ സ്വീകരിച്ചത്.


