പന്തളം – നഷ്ടപ്പെട്ട നാലു മൊബൈൽ ഫോണുകൾ ഉടമകൾക്ക് പോലീസ് കണ്ടെത്തി നൽകി. സി.ഇ.ഐ.ആർ (സെൻട്രൽ എക്യുപ്പ്മെന്റ് ഐഡന്റിറ്റി രജിസ്റ്റർ) പോർട്ടലിൽ രജിസ്റ്റർ ചെയ്ത പരാതികളിലാണ് ഉടനടി ഫലം കണ്ടത്. ഫോൺ നഷ്ടപ്പെടുന്നവർ സൈബർ സെല്ലിലോ അതതു പോലീസ് സ്റ്റേഷനിലോ പരാതി നൽകിയ ശേഷം രസീത് പ്രകാരം ഈ പോർട്ടലിൽ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണം. പോലീസിന്റെ സൈബർ ഹെൽപ് ഡസ്ക് തുടർന്നു നടത്തുന്ന അന്വേഷണത്തിൽ ആരുടെ ഉപയോഗത്തിലാണ് ഉള്ളതെന്ന് കണ്ടെത്തി പിടിച്ചെടുത്ത് ഉടമകൾക്ക് തിരികെ ഏൽപ്പിക്കും. ഫോണുകളുടെ ഐ.എം.ഇ നമ്പർ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടത്തുക. സൈബർ സെൽ ഉൾപ്പെടെ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഈ സംവിധാനം നിലവിലുണ്ട്. പന്തളം പോലീസ് സ്റ്റേഷനിൽ സി.പി.ഓ വിഭീഷാണ് നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ പോർട്ടലിന്റെ സേവനം പ്രയോജനപ്പെടുത്തി കണ്ടെത്തിയത്. ഇവ ഉടമകളെ വിളിച്ചു വരുത്തി എസ്.എച്ച്.ഓ ടി.ഡി.പ്രജീഷിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ കൈമാറി.


