പത്തനംതിട്ട – വെച്ചൂച്ചിറയിൽ എയ്ഡഡ് സ്‌കൂൾ അദ്ധ്യാപികയുടെ ഭർത്താവിന്റെ ആത്മഹത്യ ശമ്പള കുടിശിക കാരണമാണെന്ന് ആരോപിച്ച് പത്തനംതിട്ട ഡി.ഇ.ഓഫീസ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്ത നടപടി സർക്കാരിന് തിരിച്ചടിക്കും. വീഴ്ചയുടെ പേരിൽ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തതിന് കാരണമായി പറഞ്ഞിരുന്ന വസ്തുത തെറ്റാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്തു വന്നു. സംഭവം നടന്നപ്പോൾ തന്നെ ജീവനക്കാരുടെ ഭാഗത്ത് ന്യായമുണ്ടെന്നുള്ള വസ്തുത നമ്മളടക്കമുള്ള മാധ്യങ്ങൾ വാർത്തയാക്കിയിരുന്നു. ആത്മഹത്യ ചെയ്തയാളുടെ വീട്ടുകാരുടെ പ്രചാരണം മാധ്യമങ്ങൾ കൂടി ഏറ്റെടുത്തതോടെ പാർട്ടി കുടുംബത്തോടുള്ള കൂറു കാണിക്കാനും ജനരോഷം ശമിപ്പിക്കുന്നതിനും സർക്കാരിന്റെ മുഖം രക്ഷിക്കുന്നതിനും വേണ്ടി ഉദ്യോഗസ്ഥരെ ബലിയാടാക്കുകയായിരുന്നു.
ഡിഇ ഓഫീസിലെ മൂന്ന് ജീവനക്കാരുടെ സസ്‌പെൻഷന് കാരണമായി പറഞ്ഞിരുന്ന വസ്തുത തെറ്റെന്ന് തെളിയിക്കുന്നതാണ് വിവരാവകാശ രേഖകൾ. എയ്ഡഡ് ഹൈസ്‌കൂളിലെ അദ്ധ്യാപികയുടെ ശമ്പളം സമയബന്ധിതമായി നൽകാൻ നടപടിയെടുത്തില്ലെന്ന കാരണത്താലായിരുന്നു സസ്‌പെൻഷൻ. നാറാണം മൂഴി സെന്റ് ജോസഫ് ഹൈസ്‌കൂളിലെ അധ്യാപിക ലേഖ രവീന്ദ്രന്റെ ശമ്പളം ശരിയാക്കാൻ കഴിഞ്ഞ ജനുവരി 31ന് ശേഷം നടപടി ഉണ്ടായില്ലെന്നത് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്നായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ ഓഗസ്റ്റ് നാലിന് ഇറക്കിയ സസ്‌പെൻഷൻ ഉത്തരവിൽ പറഞ്ഞിരുന്നത്. എന്നാൽ ജനുവരി 31ന് ശേഷം ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ വരാവകാശപ്രകാരം ചോദിച്ചപ്പോഴാണ് മാർച്ച് ആറിന് ശമ്പളം നിജപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ പുറപ്പെടുവിച്ചെന്ന കാര്യം പുറത്തു വന്നത്.
മകന്റെ എൻജിനീയറിങ് പ്രവേശനത്തിന് പണം കണ്ടെത്താനാവാത്തതിൽ മനംനൊന്ത് അച്ഛൻ ആത്മഹത്യ ചെയ്തതോടെയാണ് അദ്ധ്യാപികയുടെ ശമ്പള പ്രശ്നം പുറത്തുവന്നത്. റാന്നി അത്തിക്കയം വടക്കേചരുവിൽ വി.ടി. ഷിജോ(47) ഓഗസ്റ്റ് മൂന്നിനാണ് ആത്മഹത്യ ചെയ്തത്. ഷിജോയുടെ ഭാര്യ ലേഖാ രവീന്ദ്രന്റെ ശമ്പളവും മറ്റ് ആനുകുല്യ ങ്ങളും സമയബന്ധിതമായി വിതരണം ചെയ്യാൻ നടപടി ഉണ്ടായില്ലെന്ന ആരോപണമാണ് ആത്മഹത്യയെ തുടർന്ന് ഉയർന്നത്. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ നിന്ന് പറഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. എന്നാൽ, ജൂലായ് ഏഴു മുതൽ പ്രാബല്യത്തിൽ വരുന്ന നിലയിൽ 51,400 രൂപ ശമ്പളമായി നിജപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ജൂലായ് ആറിന് പുറപ്പെടുവിച്ചിരുന്നു. നിജപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ലേഖാ രവീന്ദ്രൻ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാനുള്ള നടപടി സ്വീകരിക്കാൻ പ്രഥമാദ്ധ്യാപികയെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
ഡി ഓഫീസിലെ പിഎ എൻ.ജി. അനിൽകുമാർ, സുപ്രണ്ട് എസ്. ഫിറോസ്, സെക്ഷൻ ക്ലാർക്ക് ആർ. ബിനി എന്നിവരെയാണ് ജനുവരി 31ന് ശേഷം ഫയലിൽ നടപടി എടുത്തില്ലെന്ന കാരണത്താൽ സസ്‌പെൻഡ് ചെയ്തത്. 2012ൽ ഒരു അദ്ധ്യാപിക രാജിവെച്ച തസ്തികയിലേക്കാണ് ലേഖയെ നിയമിച്ചത്. രാജിവെച്ച അദ്ധ്യാപിക പിന്നിട്, അതേ തസ്തികയിൽ അവകാശവാദമുന്നയിച്ച് കോടതിയിൽ പോയതോടെ നിയമനത്തർക്കമുണ്ടായി. ലേഖയുടെ നിയമനം ഉപാധികളോടെ അംഗീകരിച്ച് ഹൈക്കോടതി 2024 നവംബർ 26ന് ഉത്തരവിട്ടിരുന്നു. ശമ്പളം നിജപ്പെടുത്തിയതിനു ശേഷം ഫെബ്രുവരി മുതൽ ശമ്പളം നൽകിയതിന്റെ രേഖകളും ഡിഇഒ ഓഫീസിലുണ്ട്.


