ലക്ഷങ്ങൾ തിരിച്ചടയ്ക്കാൻ കഴിയാതെ ക്ഷീരകർഷക ആത്മഹത്യയുടെ വക്കിൽ ; ക്ഷീരവികസന വകുപ്പിന്റെ എംഎസ്ഡിപി പദ്ധതിയെന്ന കെണി

Kerala Pathanamthitta
Print Friendly, PDF & Email

അടൂർ: ക്ഷീരവികസന വകുപ്പിന്റെ വാഗ്ദാനം വിശ്വസിച്ച് ലക്ഷങ്ങൾ വായ്പയെടുത്ത് പശുഫാം തുടങ്ങിയ യുവതി കടം കയറി ആത്മഹത്യയുടെ വക്കിൽ. കടമ്പനാട് നെല്ലിമുകൾ അരുൺ നിവാസിൽ എൽ.ജി. അശ്വതി എന്ന ക്ഷീരകർഷകയാണ് ലക്ഷങ്ങളുടെ ബാധ്യത തിരിച്ചടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നത്. ക്ഷീരവികസന വകുപ്പിന്റെ 2024-25 ലെ മിൽക്ക് ഷെഡ് ഡെവലപ്‌മെന്റ് പദ്ധതി (എംഎസ്ഡിപി) പദ്ധതി പ്രകാരം സ്മാർട്ട് ഡയറി യൂണിറ്റ് തുടങ്ങുന്നതിന് അശ്വതി അപേക്ഷ നൽകിയിരുന്നു. 10 പശുക്കൾ അടങ്ങുന്ന ഒരു യൂണിറ്റും അനുബന്ധ സാമഗ്രികളുമാണ് പദ്ധതി പ്രകാരം സ്ഥാപിക്കേണ്ടത്. ഇതിനായി അശ്വതി ക്ഷീരശ്രീ പോർട്ടലിൽ രജിസ്റ്റർ ചെയ്തു. 11.60 ലക്ഷം രൂപ ചെലവു വരുന്ന പദ്ധതിക്ക് 4.60 ലക്ഷം രൂപ സബ്‌സിഡിയായി നൽകുമെന്നും അറിയിച്ചിരുന്നു. വായ്പ നൽകുന്ന ബാങ്കിനാകും സബ്‌സിഡി തുക ക്ഷീരവികസന വകുപ്പ് കൈമാറുക. ജില്ലാ ക്ഷീരവികസന ഓഫീസറും പറക്കോട് ബ്ലോക്ക് ഓഫീസറും വീട്ടിലെത്തി പ്രൊജക്ട് അനുവദിച്ചതായി അറിയിച്ചു. അവരുടെ നിർദേശപ്രകാരം പദ്ധതിക്ക് ആവശ്യമായ 10 പശുക്കൾ, പുല്ല്കട്ടർ, കറവയന്ത്രം, റബർ മാറ്റ് എന്നിവ വാങ്ങുകയും ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുകയും ചെയ്തു. രണ്ടു മാസത്തിനുള്ളിൽ സബ്‌സിഡി തുക കിട്ടുമെന്ന് ഉറപ്പും നൽകി. ബാങ്ക് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നുവെങ്കിലും അത് ലഭിക്കുന്നതിന് മുൻപ് പലരിൽ നിന്ന് കടം വാങ്ങിയും മറ്റും പദ്ധതി പൂർത്തീകരിച്ചു. അപ്പോഴേക്കും ബാങ്ക് വായ്പയും ലഭ്യമായി.

അശ്വതിക്ക് വായ്പ നൽകണമെന്നാവശ്യപ്പെട്ട് ക്ഷീരവികസന വകുപ്പ് ബാങ്കിന് കത്ത് നൽകിയിരുന്നു. പദ്ധതിയിൽ പറഞ്ഞിരുന്ന കാര്യങ്ങൾ മുഴുവൻ പൂർത്തിയാക്കി ബാങ്ക് ലോൺ നൽകിയതിന്റെ കത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് കൈമാറിയതിന് പിന്നാലെ ക്ഷീരവികസന ഡയറക്ടററ്റേിൽ നിന്നും പദ്ധതി മാറ്റി വച്ചതായി അറിയിപ്പു കിട്ടി. 2025-26 സാമ്പത്തിക വർഷം ഈ പദ്ധതിയുടെ ആനുകൂല്യം നിങ്ങൾക്ക് തന്നെ ലഭിക്കുമെന്ന് ഉറപ്പും ലഭിച്ചു. അശ്വതി ഈ വർഷവും ഇതേ സ്‌കീമിന് അപേക്ഷിച്ചു. എന്നാൽ, കഴിഞ്ഞ തവണ അപേക്ഷിച്ചത് കാരണം നിങ്ങൾ ഈ വർഷം അപേക്ഷിക്കാൻ യോഗ്യയല്ല എന്ന മറുപടിയാണ് ലഭിച്ചത്. സ്മാർട്ട് ഡയറി യൂണിറ്റ് തുടങ്ങുന്നതിന് സംസ്ഥാനത്താകെ 17 യുവകർഷകരെയാണ് തെരഞ്ഞെടുത്തിരുന്നത്. ഇവരിൽ ചിലർക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുമുണ്ട്. സർക്കാർ പദ്ധതി വിഹിതം വെട്ടിക്കുറച്ചത് കാരണമാണ് ഈ പദ്ധതിക്ക് സബ്‌സിഡി നൽകാൻ കഴിയാതെ പോയത് എന്നാണ് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശാലിനി പറയുന്നത്. എന്തായാലും പ്രതിമാസം 25,000 രൂപയോളം തിരിച്ചടയ്‌ക്കേണ്ട ഗതികേടിലാണ് അശ്വതി. ക്ഷീരവികസന വകുപ്പ് വാഗ്ദാനം ചെയ്ത സബ്‌സിഡി ലഭിച്ചിരുന്നുവെങ്കിൽ പ്രതിമാസ തവണകളിൽ വലിയ കുറവ് ലഭിക്കുമായിരുന്നുവെന്നും അശ്വതി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *