വാക്കുതർക്കത്തിന്റെ പേരിൽ വയോധികനെ കുത്തിക്കൊല്ലാൻ ശ്രമം: ഒളിവിലായിരുന്ന രണ്ടാമത്തെ പ്രതിയും പിടിയിൽ

Crime

പത്തനംതിട്ട: വാക്കുതർക്കത്തെ തുടർന്നുള്ള വിരോധത്താൽ വയോധികനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതിയെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. ഊന്നുകൽ കുഴിമുറിയിൽ കൊച്ചുബാബു എന്ന ബാബു തോമസ് (45) ആണ് ഇന്ന് അറസ്റ്റിലായത്. കഴിഞ്ഞ മാസം 22 ന് രാത്രി ഒമ്പതിന് നെല്ലിക്കാല ജങ്ഷനിൽ ഉണ്ടായ വാക്കുതർക്കത്തെ തുടർന്നുള്ള വിരോധത്താൽ വെള്ളപ്പാറ മനുഭവനം വീട്ടിൽ രാജൻ ഗോപാല(64)നെയാണ് ബാബു തോമസ് ഉൾപ്പെടെ മൂന്നംഗ സംഘം ആക്രമിച്ചത്. വെള്ളപ്പാറ നെടുമുരുപ്പ് തുണ്ടത്തും പടിയിൽ വെച്ചായിരുന്നു സംഭവം.

രാജന്റെ മകൻ മിഥുനെ പ്രതികൾ വളഞ്ഞിട്ട് മർദ്ദിക്കുന്നത് കണ്ടപ്പോൾ തടസ്സം പിടിക്കവേ രണ്ടും മൂന്നും പ്രതികൾ ചേർന്നു ദേഹോപദ്രവം ഏൽപ്പിക്കുകയും ഒന്നാംപ്രതി ഇലന്തൂർ നെല്ലിക്കാല വെള്ളപ്പാറ നെടുമുരുപ്പ് ചാരുനിൽക്കുന്നതിൽ വിട്ടിൽ വി.ജി.അജയകുമാർ (42) മടിക്കുത്തിൽ വച്ചിരുന്ന കത്തി കൊണ്ട് കൊല്ലുമെന്നു പറഞ്ഞ് ഇടത്ത് വാരിയെല്ലിൽ കുത്തി മാരകമായി പരുക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാജൻ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. രാജന്റെ മൊഴിപ്രകാരം എസ്‌ഐ വി. വിഷ്ണു കേസെടുത്തു. സംഭവസ്ഥലത്ത് ശാസ്ത്രീയ അന്വേഷണ സംഘവും പോലീസ് ഫോട്ടോഗ്രാഫറും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു.

ആറന്മുള പോലീസ് ഇൻസ്‌പെക്ടർ വിഎസ് പ്രവീണിന്റെ നേതൃത്വത്തിൽ നടത്തിയ വ്യാപകമായ തെരച്ചിലിൽ രഹസ്യവിവരത്തെ തുടർന്ന്, പത്തനാപുരം പാടത്ത് ഒളിവിൽ കഴിഞ്ഞുവന്ന അജയകുമാറിനെ തന്ത്രപരമായ നീക്കത്തിൽ 24 ന് കണ്ടെത്തി പിടികൂടി. ഇയാളുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ സംഭവസ്ഥലത്തുനിന്നും കത്തി പോലീസ് കണ്ടെടുക്കുകയും ചെയ്തു. ബാബുവിനെ ഇന്ന് സ്‌റ്റേഷനിൽ വച്ച് ചോദ്യം ചെയ്ത് കുറ്റസമ്മതമൊഴി രേഖപ്പെടുത്തുകയും, തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി. പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐമാരായ വി വിഷ്ണു, ഹരികൃഷ്ണൻ, എസ്.സി.പി.ഓമാരായ പ്രദീപ്, ശിവപ്രസാദ്, താജുദ്ദീൻ സിപിഓമാരായ ഉണ്ണികൃഷ്ണൻ, അനൂപ്, അഖിൽ, ജേക്കബ്, വിഷ്ണു വിജയൻ എന്നിവരാണ് ഉണ്ടായിരുന്നത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *