പത്തനംതിട്ട സിപിഐ സമ്മേളനത്തിൽ എ.പി. ജയൻ പക്ഷം തരംതാഴ്ത്തലിൽ പ്രതിഷേധം അറിയിച്ചു : വീണ്ടും ജില്ലാ സെക്രട്ടറിയാക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും സമവായത്തിലൂടെ ചിറ്റയം ഗോപകുമാറിനെ ജില്ലാ സെക്രട്ടറിയാക്കി മുഖം രക്ഷിച്ച് സംസ്ഥാന നേതൃത്വം:

Kerala Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട :- സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി നിയമസഭ ഡെപ്യൂട്ടീ സ്പീക്കർ കൂടിയായ ചിറ്റയം ഗോപകുമാർ എംഎൽഎ യെ തിരഞ്ഞെടുത്തു. തരംതാഴ്ത്തപ്പെട്ട മുൻ ജില്ലാ സെക്രട്ടറി എ.പി. ജയനെ വീണ്ടും സെക്രട്ടറിയാക്കണമെന്ന് ഭൂരിഭാഗം സമ്മേളന പ്രതിനിധികളും ആവശ്യപ്പെട്ടതോടെയാണ് ഒത്തുതീർപ്പിന്റെ ഭാഗമായി ചിറ്റയം ഗോപകുമാറിനെ ജില്ലാ സെക്രട്ടറിയാക്കി സംസ്ഥാന നേതൃത്വം തലയൂരിയത്. 10 ഏരിയകളിൽ നിന്നായി 295 പ്രതിനിധികളാണ് സമ്മേനത്തിൽ പങ്കെടുത്തത്. മുൻ ജില്ലാ സെക്രട്ടറി എ.പി. ജയനെതിരെ പാർട്ടി കൈക്കൊണ്ട തരംതാഴ്ത്തൽ നടപടിക്കെതിരെ എട്ട് ഏരിയകളിൽ നിന്നും ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ രൂക്ഷ വിമർശനമുയർത്തി.

ഇതോടെ ഏറെനേരം സമ്മേളന നടപടികൾ നിർത്തി വച്ച് സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വത്തിന്റെ നേതൃത്വത്തിൽ സമവായ ചർച്ച നടന്നു. എപി ജയനെ സെക്രട്ടറിയാക്കണമെന്ന ആവശ്യത്തിന് മുന്നിൽ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കാനാവാതെ വിയർത്തു. വൈകിട്ട് നടന്ന സംഘടനാ തെരഞ്ഞെടുപ്പിൽ സംസ്ഥാന നേതൃത്വം മുന്നോട്ട് വച്ച ചിറ്റയം ഗോപകുമാറിന്റെയും 50 അംഗ ജില്ലാ കൗൺസിൽ അംഗങ്ങളുടെയും പേരുകൾ സമ്മേളനപ്രതിനിധികൾ അംഗീകരിക്കുകയായിരുന്നു. സംസ്ഥാന സമ്മേളനത്തിലെക്കുള്ള പ്രതിനിധികളെയും യോഗത്തിൽ തെരഞ്ഞെടുത്തു. എപി ജയനെ ജില്ലാ കൗൺസിലിൽ വീണ്ടും ഉൾപ്പെടുത്തിയിട്ടുണ്ട്.

സിപിഐ ദേശീയ കൗൺസിൽ അംഗം കൂടിയാണ് ചിറ്റയം ഗോപകുമാർ എംഎൽഎ . കൊല്ലം ജില്ലയിലെ പനയം വില്ലേജിൽ ചിറ്റയം കാട്ടുവിള പുത്തൻ വീട്ടിൽ ടി ഗോപാലകൃഷ്ണന്റെയും ടി കെ ദേവയാനിയും മകനായി കർഷക തൊഴിലാളി കുടുംബത്തിൽ 1965 ൽ ജനിച്ചു. അഞ്ചാലും മൂട്, കൊട്ടാരക്കര എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കൊട്ടാർക്കര സെന്റ് ഗ്രീഗോറിയസ് കോളേജിൽ എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറിയായി വിദ്യാർത്ഥി രാഷ്ട്രീയം ആരംഭിച്ചു. അതിനു മുമ്പ് ബാലവേദി പ്രവർത്തനം തുടങ്ങി. എഐഎസ്എഫ് കൊട്ടാരക്കര താലൂക്ക് സെക്രട്ടറി, കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാനകമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. തുടർന്ന് എഐവൈഎഫിലും എഐടിയുസിയിലും പ്രവർത്തനം ആരംഭിച്ചു. കർഷക തൊഴിലാളി ഫെഡറേഷൻ (ബികെഎംയു) കൊല്ലം ജില്ലാ സെക്രട്ടറി, സംസ്ഥാനകമ്മിറ്റി അംഗം, ദേശീയ കൗൺസിൽ അംഗം, എഐടിയുസി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം, കശുഅണ്ടി തൊഴിലാളി യൂണിയൻ കേന്ദ്ര കൗൺസിൽ സംസ്ഥാന സെക്രട്ടറി, ആശാവർക്കേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്, പട്ടികജാതി വികസന കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ പ്രസിഡന്റ്, കെടിഡിസി എംപ്ലോയിസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്, സിപിഐ സംസ്ഥാന കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കലാസാംസ്‌കാരിക സംഘടനയായ ഇപ്റ്റ’, യുവകലാസാഹിതി എന്നീ സംഘടനകളിലും ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് അടൂർ എന്ന സംഘനയുടെ രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

1995 ൽ കൊട്ടാരക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2008 ൽ കേരള സ്‌റ്റേറ്റ് കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായിരിക്കെയാണ് 2011 ൽ അടൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി വന്നത്. അന്ന് 607 വോട്ടിന് വിജയിച്ചു. 2016 ൽ വീണ്ടും 25640 വോട്ടിൽ വിജയിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 2,909 വോട്ടിനും വിജയിച്ചു. റിട്ട കർഷകതൊഴിലാളി ക്ഷേമനിധി ഓഫീസർ സി ഷെർളി ബായി ആണ് ഭാര്യ. അമൃത എസ് ജി (ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് ലക്ച്ചറർ സെന്റ് സിറിൾസ് കോളേജ്, അടൂർ). അനുജ എസ്ജി (എൽ എൽ ബി വിദ്യാർത്ഥി തിരുവനന്തപുരം ഗവ: ലോ കോളേജ്) എന്നിവർ മക്കൾ. 50 അംഗ ജില്ലാ കൗൺസിൽ അംഗങ്ങളെയും 28 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.

അർഹതപ്പെട്ടവർക്ക് പട്ടയം നൽകണം എന്ന സി പി ഐ ആവശ്യപ്പെട്ടു.

പത്തനംതിട്ട ജില്ലയിലെ അർഹതപ്പെട്ടവർക്ക് പട്ടയം വിതരണം ചെയ്യാനുള്ള നടപടികൾസ്വീകരിക്കണമെന്ന് സിപിഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വന്യജീവി ആക്രമണങ്ങളിൽ നിന്നും കർഷകരെ സംരക്ഷിക്കുക, പെരുമ്പെട്ടിയിലെ കർഷകർക്കുള്ള പട്ടയ വിതരണ നടപടികൾ വേഗത്തിലാക്കുക, റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, പട്ടികജാതി വിദ്യാർത്ഥികളുടെ വിദ്യാദ്യാസ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ച് കാലതാമസമില്ലാതെവിതരണം ചെയ്യണമെന്നും സമ്മേളനം പ്രമേയങ്ങളിലൂടെ സർക്കാരിനോടാവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. ഡി സജി, ബാബു പാലക്കൽ, കെ സതീശ്, സുമതി നരേന്ദ്രൻ എന്നിവർ പ്രസീഡിയം അംഗങ്ങളായി. അടൂർ സേതു രക്തസാക്ഷി പ്രമേയവും അഡ്വ. കെ ജി രതീഷ് കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി ആർ ഗോപിനാഥൻ, കെ. പ്രകാശ് ബാബു, പി. സന്തോഷ് കുമാർ, പി.പി.സുനീർ എം.പി, മന്ത്രി പി. പ്രസാദ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മുല്ലക്കര രത്‌നാകരൻ, കെ.ആർ.ചന്ദ്രമോഹൻ, സി.എൻ.ജയദേവൻ, ആർ. രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *