പുല്ലാട്ടെ കൊലപാതകം : ട്രെയിൻ യാത്ര പുനരാവിഷ്‌കരിച്ച പോലീസ് പ്രതി വലിച്ചെറിഞ്ഞ കത്തി തഴക്കരയിൽ നിന്നും കണ്ടെത്തി

Crime
Print Friendly, PDF & Email

പത്തനംതിട്ട: പുല്ലാട്ടെ ഭാര്യവീട്ടിൽ വെച്ച് ഭാര്യയെ കുത്തിക്കൊല്ലുകയും ഭാര്യാപിതാവിനെയും സഹോദരിയെയും കുത്തിപ്പരുക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതി ആക്രമണത്തിന് ഉപയോഗിച്ച കത്തി കണ്ടെടുക്കാൻ കോയിപ്രം പോലീസിന്റെ ഭഗീരഥ പ്രയത്‌നം ട്രെയിൻ യാത്ര പുനരാവിഷ്കരണം. കവിയൂർ കോട്ടൂർ സ്വദേശി അജിയെന്ന ജയകുമാർ (42) ആണ് ഭാര്യ ശാരി മോളെ (34)കുത്തിക്കൊന്നത്. ശാരിയുടെ പിതാവ് കെ. ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവരെ കുത്തി ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്തിട്ട് മുങ്ങുകയും, തിരുവല്ലയിൽ നിന്ന് പോലീസ് പിടികൂടുകയും ചെയ്ത കേസ് .

ദിവസങ്ങൾക്കകം ജയകുമാറിനെ തിരുവല്ലയിൽ നിന്ന് പോലീസ് പിടികൂടിയെങ്കിലും കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. താൻ ട്രെയിൻ യാത്രയ്ക്കിടെ കത്തി വലിച്ചെറിഞ്ഞുവെന്നായിരുന്നു ജയകുമാറിന്റെ മൊഴി. ജില്ലാ പോലീസ് മേധാവി ആനന്ദിന്റെ നിർദേശപ്രകാരം കത്തി കണ്ടെത്താനുള്ള തെരച്ചിലിന്റെ ഭാഗമായി ജയകുമാറിന്റെ യാത്ര പുനരാവിഷ്‌കരിച്ചു. കൃത്യം നടത്തിയ ശേഷം നാടുവിട്ട പ്രതി ട്രെയിനിൽ കായംകുളം മുതൽ ചെങ്ങന്നൂർ വരെ സഞ്ചരിച്ചത് പല തവണ പോലീസ് പുനരാവിഷ്‌കരിച്ചു.

ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞുവന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ തെളിവെടുപ്പിൽ ഈ വഴിയിലൂടെ പോലീസ് സംഘത്തിലെ ഉദ്യോഗസ്ഥർ പലതവണ യാത്ര ചെയ്തു. സ്വതന്ത്ര സാക്ഷി എന്ന നിലയ്ക്ക് കോയിപ്രം വില്ലേജ് അസിസ്റ്റന്റിനെയും പോലീസ് ഫോട്ടോഗ്രാഫറെയും കൂട്ടിയാണ് യാത്ര നടത്തിയത്. ഇതിലൂടെ പ്രതി കത്തി ഉപേക്ഷിച്ച സ്ഥലം പോലീസ് സംഘം കൃത്യമായി മനസ്സിലാക്കി. കൂടാതെ പല ഘട്ടങ്ങളിലായി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ 20 കിലോമീറ്ററോളം നടന്നു നിരീക്ഷിച്ച് പരിശോധന നടത്തുകയും ചെയ്തു.

ആവർത്തിച്ചുള്ള ട്രെയിൻ യാത്രകളിലൂടെ തഴക്കരയിലെ പൊന്തക്കാടിനുള്ളിൽ നിന്നും കത്തി കണ്ടെടുത്തു. ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്റെ മേൽനോട്ടത്തിലും കോയിപ്രം പോലീസ് ഇൻസ്‌പെക്ടർ പി എം ലിപിയുടെ നേതൃത്വത്തിലും നടത്തിയ ദൗത്യത്തിൽ എസ്.ഐ സുരേന്ദ്രൻ, എ.എസ്.ഐ ഷിബുരാജ്, എസ്.സി.പി.ഓ സുരേഷ്, സി.പി.ഓമാരായ ഇർഷാദ്, കേശു, അരവിന്ദ് റഷാദ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *