ടിക്കറ്റ് എടുക്കാൻ പറഞ്ഞപ്പോൾ കെ.എസ്.ആർ.ടി.സി. കണ്ടക്ടറെ ചീത്തവിളിച്ചു : യാത്രക്കാരനെതിരെ കേസ്

Pathanamthitta Crime
Print Friendly, PDF & Email

അടൂർ – ലാസ്റ്റ് ബസ്സിൽ ടിക്കറ്റെടുക്കാത്തത് ചോദ്യം ചെയ്ത കെ.എസ്.ആർ.ടി.സി.കണ്ടക്ടർക്കു നേരെ അസഭ്യവർഷ നടത്തിയ സംഭവത്തിൽ ഷിബു എന്ന യാത്രക്കാരനെതിരേ പോലീസ് കേസെടുത്തു. കൊട്ടാരക്കര മൈലം എസ്.ജി.കോട്ടേജിൽ ഷിബുവിനെതിരെയാണ് അസഭ്യം വിളിച്ചതിനും കണ്ടക്ടറുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കേസെടുത്തത്. അടൂർ ഡിപ്പോയിൽ കായംകുളം – അടൂർ റൂട്ടിൽ ഓടിയിരുന്ന കെ.എസ്.ആർ.ടി.സി ബസിലെ മനീഷ് എന്ന കണ്ടക്ടറെയാണ് ഷിബു അസഭ്യം വിളിച്ചതും കൈയേറ്റം ചെയ്യാൻ ശ്രമിച്ചതും.

കണ്ടക്ടറെ ചീത്ത വിളിക്കുന്നത് യാത്രക്കാർ മൊബൈലിൽ പകർത്തിയിരുന്നു. ഈ ദൃശ്യം പിന്നീട് സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചു. ശനിയാഴ്ച രാത്രി 8.40 ന് പഴകുളം ഭാഗത്തു വച്ചായിരുന്നു സംഭവം. കായംകുളത്തു നിന്നും പുറപ്പെട്ടതായിരുന്നു ബസ്. ചാരുംമൂട് കഴിഞ്ഞപ്പോൾ മെഷീനിലെ ടിക്കറ്റിന്റെയും യാത്രക്കാരുടെയും കണക്കും തമ്മിൽ വ്യത്യാസമുണ്ടായി. തുടർന്ന് കണ്ടക്ടർ ഓരോ യാത്രക്കാരുടെയും അടുത്തെത്തി ടിക്കറ്റ് എടുത്തിരുന്നോ എന്ന് ആവർത്തിച്ച് അന്വേഷിച്ചു. ഇതിനിടയിൽ ടിക്കറ്റ് എടുക്കാതിരുന്ന ഷിബു കണ്ടക്ടർക്കു നേരെ തിരിയുകയായിരുന്നു. തനിക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചോ എന്ന് ചോദിച്ച് പരിഹസിച്ചുവെന്നും താൻ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നവനാണെന്നും, മന്ത്രി ഗണേഷ് കുമാറിന്റെ പി.എ. ടിക്കറ്റിന്റെ പണം കൊണ്ടു തരുമെന്നും പറഞ്ഞുവെന്നും കണ്ടക്ടർ പറയുന്നു. മറ്റൊരു യാത്രക്കാരൻ പ്രശ്‌നത്തിൽ ഇടപെട്ടെങ്കിലും അയാളെയും ഷിബു മർദ്ദിക്കാൻ ശ്രമിച്ചതായും മനീഷ് വ്യക്തമാക്കി. യാത്രക്കാരൻ മദ്യപിച്ചിരുന്നു എന്ന് മറ്റു യാത്രക്കാർ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *