ഭരണഘടന സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമ: മന്ത്രി വീണാ ജോർജ്

Kerala Pathanamthitta

സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു

പത്തനംതിട്ട – രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്ത്വമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനത്ത് നടന്ന 79-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്തി സന്ദേശം നൽകുകയായിരുന്നു മന്ത്രി.

വ്യത്യസ്ത ഭാഷയും സംസ്‌കാരവും ഭക്ഷണവും കലകളും ആസ്വദിക്കുന്ന ജനവിഭാഗത്തിന്റെ കൂട്ടായ്മയാണ് ഇന്ത്യ എന്ന മഹാരാജ്യം. പരസ്പരം ബന്ധിപ്പിക്കുന്നതും ഒന്നിച്ചു നിർത്തുന്നതും ഭരണഘടനയാണ്. രാജ്യം സ്വതന്ത്രമായി നിലനിൽക്കണമെങ്കിൽ മൗലിക അവകാശത്തിനൊപ്പം ഭരണഘടനയും സംരക്ഷിക്കപ്പെടണം. നാടിനെ വിഭജിക്കുവാൻ വിധ്വംസക ശക്തികൾ പ്രവർത്തിക്കുന്നു. ഇവർക്കെതിരെ ജനാധിപത്യ രീതിയിൽ നിലകൊള്ളണം. സ്വാതന്ത്ര്യസമരത്തെ വികലമായി ചിത്രീകരിക്കാനും തെറ്റായ പ്രചരണം നടത്തുന്നതിനും ശ്രമമുണ്ട്. ഇതിനെതിരെ ജനാധിപത്യരീതിയിൽ പ്രതിരോധം തീർക്കേണ്ടതും അണിചേരേണ്ടതും അത്യാവശ്യമാണ്.

ഭരണഘടന ഉറപ്പുനൽകുന്ന അവകാശം അനുഭവിച്ച് സ്വപ്‌നങ്ങളിലേക്ക് പറന്നുയരാൻ കുട്ടികൾക്കാകണം. രാജ്യത്തിന്റെ ഭാവി അവരിലാണ്. വീട്ടിലും വിദ്യാലയങ്ങളിലും പൊതു ഇടങ്ങളിലും കുട്ടികൾ സുരക്ഷിതരായിരിക്കണം. രാജ്യത്തെ നയിക്കേണ്ടവരാണ് കുഞ്ഞുങ്ങൾ. അവരെ സംരക്ഷിക്കാൻ ബാലസുരക്ഷിത കേരളമെന്ന മാതൃക പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നു.

അസമത്വം, അനീതി എന്നിവയ്‌ക്കെതിരെ സംസ്ഥാനത്തിന്റേത് ശ്രദ്ധേയ പ്രവർത്തനമാണ്. ലൈഫ് മിഷൻ, പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യവികസനം, സർക്കാർ ആശുപത്രികളുടെ നവീകരണം, പ്രക്യതിയുടെ വീണ്ടെടുപ്പ് എന്നിവയിലെല്ലാം പുരോഗതി കൈവരിച്ചു. നവംബർ ഒന്നിന് രാജ്യത്തെ ആദ്യ അതിദാരിദ്യനിർമാർജന സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും. ജനുവരി 26 ലെ റിപ്പബ്ലിക്ക് ദിനാഘോഷം ജില്ലയിലെ പുതിയ സ്റ്റേഡിയത്തിൽ നടത്താമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവച്ചു.

മുഖ്യാതിഥിയായി പങ്കെടുത്ത മന്ത്രി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ചു. പൊലിസ് മൂന്ന്, ഫോറസ്റ്റ് ഒന്ന്, ഫയർഫോഴ്സ് രണ്ട്, എക്സൈസ് ഒന്ന്, എസ്പിസി ആറ്, സ്‌കൗട്ട് ആൻഡ് ഗൈഡ്സ് നാല്, ജൂനിയർ റെഡ് ക്രോസ് മൂന്ന്, ഡിസ്പ്ലേ ബാൻഡ് സെറ്റ് രണ്ട് എന്നിങ്ങനെ പ്ലറ്റൂണുകൾ പരേഡിൽ അണിനിരന്നു. പെരുനാട് പൊലിസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജി വിഷ്ണുവായിരുന്നു പരേഡ് കമാൻഡർ.

തുടർന്ന് ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ ദേശഭക്തിഗാനം, സുംബാ ഡാൻസ്, വഞ്ചിപ്പാട്ട്, ദേശീയോദ്ഗ്രഥന നൃത്തം എന്നിവ അവതരിപ്പിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച ഗ്രൂപ്പുകൾക്കുള്ള ട്രോഫി വിതരണവും സമ്മാനദാനവും മന്ത്രി നിർവഹിച്ചു. ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ, ജില്ലാ പൊലിസ് മേധാവി ആർ ആനന്ദ്, പത്തനംതിട്ട നഗരസഭ ചെയർമാൻ ടി സക്കീർ ഹുസൈൻ, കൗൺസിലർമാരായ ജാസിൻ കുട്ടി, സി കെ അർജുനൻ, പി കെ അനീഷ്, എം സി ഷരീഫ്, എ സുരേഷ് കുമാർ, നീനു മോഹൻ, എഡിഎം ബി ജ്യോതി, കാതോലിക്കേറ്റ് കോളജ് പ്രിൻസിപ്പൽ ഡോ. സിന്ധു ജോൺസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ചിത്രം: ഫ്‌ളാഗ്

മന്ത്രി വീണാ ജോർജ് ദേശീയ പതാക ഉയർത്തുന്നു

ചിത്രം: പരേഡ്

മന്ത്രി വീണാ ജോർജ് പരേഡ് പരിശോധിക്കുന്നു

ചിത്രം: സല്യൂട്ട്

മാർച്ച് പാസ്റ്റിൽ മന്ത്രി വീണാ ജോർജ് അഭിവാദ്യം സ്വീകരിക്കുന്നു

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *