പത്തനംതിട്ട :- മുഖ്യമന്ത്രിയുടെ ഈ വര്‍ഷത്തെ പോലീസ് മെഡലുകൾക്ക് ജില്ലയിലെ രണ്ട് ഡിവൈ.എസ്.പിമാര്‍ ഉള്‍പ്പെടെ എട്ടു പേര്‍ അര്‍ഹരായി. അടൂര്‍ ഡിവൈ. എസ്.പി ജി സന്തോഷ് കുമാര്‍, പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നുമാന്‍ ( ജില്ലക്ക് പുറത്തു അനുഷ്ഠിച്ച സേവനത്തിന് ), പന്തളം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ഡി പ്രജീഷ്, ജില്ലാ ക്രൈംബ്രാഞ്ച് എസ് ഐ കെ എസ് ധന്യ, ഡി എച്ച് ക്യൂ ക്യാമ്പിലെ റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ വി ഹരികുമാര്‍, അടൂര്‍ പോലീസ് സ്‌റ്റേഷനിലെ എസ് സിപിഓ പ്രമോദ് ജി കുമാര്‍, അടൂര്‍ ട്രാഫിക് എന്‍ഫോര്‍സ്‌മെന്റ് യൂണിറ്റിലെ എസ് പി ഓ എന്‍ കൃഷ്ണദാസ്, പമ്പ പോലീസ് സ്‌റ്റേഷനിലെ എസ്എ പി ഓ സൂരജ് ആര്‍ കുറുപ്പ് എന്നിവരാണ് മുഖ്യമന്ത്രിയുടെ ഈവര്‍ഷത്തെ പോലീസ് മെഡല്‍ ജേതാക്കള്‍.
ജി സന്തോഷ് കുമാര്‍ കോന്നി ഐരവണ്‍ സ്വദേശിയാണ്, ഭാര്യ ദീപ, മകള്‍ ദിയ. 2003 ല്‍ എസ്‌ഐ ആയി സര്‍വിസില്‍ പ്രവേശിച്ചു. ജില്ലയില്‍ ആദ്യം എസ് ഐ ആയി പമ്പയില്‍ നിയമിതനായി. തുടര്‍ന്ന് പന്തളം, പത്തനംതിട്ട കോയിപ്രം തിരുവല്ല, അടൂര്‍, കീഴ്‌വായ്പ്പൂര്‍ സ്‌റ്റേഷനുകളില്‍ എസ് ഐ ആയിരുന്നു.സി ഐ ആയി പമ്പ, അടൂര്‍ ആറന്മുള കീഴ്‌വായ്പ്പൂര്‍ തുടങ്ങിയ സ്‌റ്റേഷനുകളില്‍ ജോലിനോക്കി. കൊട്ടാരക്കര റൂറല്‍ ഡിസിആര്‍ബി, റാന്നി, പത്തനംതിട്ട സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ആയിരുന്നു.
നിലവില്‍ പത്തനംതിട്ട ഡിവൈ.എസ്.പി ആയ എസ്. നുമാന്‍, ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ആയിരിക്കേ ചെയ്ത സേവനങ്ങള്‍ പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹനായത്. മുമ്പ് മാന്നാര്‍,പത്തനംതിട്ട, റാന്നി എന്നിവിടങ്ങളില്‍ ഇന്‍സ്‌പെക്ടര്‍ ആയി ജോലി നോക്കിയിട്ടുണ്ട്. പന്തളം സ്വദേശിയാണ്, ഭാര്യ എച്ച് ഹാഷ്‌ന ബീഗം എന്‍സിസി വകുപ്പില്‍ സീനിയര്‍ സൂപ്രണ്ടാണ്. മൂത്ത മകള്‍ ഫാത്തിമ സഹ്‌റ ഹൈദരാബാദില്‍ പി ജി പഠനം, ഇളയ മകന്‍ മുഹമ്മദ് ഇര്‍ഫാന്‍ അടൂര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ പ്ലസ്ടുവിന് പഠിക്കുന്നു.


