കുടുംബശ്രീയിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കി: ഡെപ്യൂട്ടി സ്പീക്കർ

Kerala Pathanamthitta
Print Friendly, PDF & Email

പന്തളം – കുടുംബശ്രീ 27 വർഷം പിന്നിടുമ്പോൾ ജില്ലയിൽ ഒന്നര ലക്ഷം അംഗങ്ങളുള്ള വലിയ കൂട്ടായ്മയായി മാറിയെന്നും കുടുംബങ്ങളിൽ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനായെന്നും നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. പന്തളം കുളനട പ്രീമിയം കഫേയിൽ കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച മാധ്യമ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ പ്രധാന ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നായി കുടുംബശ്രീ ഉയർന്നു. സംരംഭങ്ങൾ ആരംഭിക്കുന്നതിന് വനിതാ വികസന കോർപറേഷൻ, പിന്നോക്ക വികസന കോർപറേഷൻ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിലൂടെ കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകുന്നു. കൃഷി, ക്ഷീരവികസനം, ചെറുകിട വ്യവസായം, ടൂറിസം തുടങ്ങി എല്ലാ മേഖലയിലും സമഗ്ര വികസനം കുടുംബശ്രീയിലൂടെ സാധ്യമായി. കുടുംബശ്രീ പ്രവർത്തനങ്ങളെ കൂടുതൽ ജനകീയമാക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക് വലുതാണെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.

സ്ത്രീകളെ സ്വയം പര്യാപ്തരാക്കി മുഖ്യധാരയിലേക്ക് കൊണ്ടുവന്നതിൽ കുടുംബശ്രീ പ്രധാന പങ്ക് വഹിച്ചതായി അധ്യക്ഷൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം പറഞ്ഞു. തൊഴിൽ നൈപുണ്യ പരിശീലനത്തിലൂടെ നിരവധി പേർക്ക് ആശ്രയമാകാൻ കുടുംബശ്രീക്കായെന്നും അദേഹം കൂട്ടിച്ചേർത്തു.

കുടുംബശ്രീ നേതൃത്വം നൽകുന്ന വിവിധ പദ്ധതികളെക്കുറിച്ച് അവബോധം നൽകുക, പദ്ധതി പ്രവർത്തനത്തിന് വ്യാപക പ്രചാരം നൽകുക എന്നീ ലക്ഷ്യത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചത്. കുടുംബശ്രീ നാൾവഴികൾ, ജില്ലയിൽ കുടുംബശ്രീയുടെ പ്രവർത്തനം, കുടുംബശ്രീ പ്രവർത്തനങ്ങളിൽ മാധ്യമങ്ങളുടെ പങ്ക് വിഷയങ്ങളിൽ ചർച്ച നടന്നു .

പ്രീമിയം കഫെയിൽ ഒരുക്കിയ കർക്കടക കഞ്ഞി ഫെസ്റ്റിന്റെ ഉദ്ഘാടനവും ഡെപ്യൂട്ടി സ്പീക്കർ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ അധ്യക്ഷൻ പി.എസ് മോഹനൻ മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ് ആദില, അസിസ്റ്റന്റ് കോർഡിനേറ്റർ കെ. ബിന്ദുരേഖ, ജില്ലാ ഇൻഫർമേഷൻ ഓഫീസ് അസിസ്റ്റന്റ് എഡിറ്റർ രാഹുൽ പ്രസാദ്, പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ, സെക്രട്ടറി ജി വിശാഖൻ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺമാർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *