തിരുവല്ല: സഹോദരനെ മർദ്ദിക്കുന്നത് തടയാൻ എത്തിയ യുവാവ് തലയ്ക്ക് അടിയേറ്റു മരിച്ചു. കവിയൂർ കണിയാംപാറയിൽ ഇന്നലെ രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം. കണിയാംപാറ മുട്ടത്തുപാറ പൊന്താമലയിൽ വീട്ടിൽ ബിജോയ് (43) ആണ് മരിച്ചത്. ബിജോയിയുടെ സഹോദരൻ ബൈജുവിനെ നാലുപേർ അടങ്ങുന്ന സംഘം ചേർന്ന് വീടിന് സമീപത്തെ റോഡിൽ വച്ച് മർദ്ദിച്ചു. ബൈജുവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ ബിജോയ് മർദ്ദനം തടയാൻ ശ്രമിച്ചു. ഇതിനിടെയാണ് ബിജോയിയുടെ തലയ്ക്ക് അടിയേറ്റത്. അടിയേറ്റ് നിലത്ത് വീണ ബിജോയ് സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. വടികളും കല്ലും ഉപയോഗിച്ച് ആയിരുന്നു ആക്രമണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ ബിജോയിയുടെ പിതൃ സഹോദരിയുടെ മകൻ വാഴപ്പറമ്പിൽ റോയ് എന്ന് വിളിക്കുന്ന സാം വി ജോസഫ്, ഭാര്യ സൂസൻ, മകൾ, കുടുംബ സുഹൃത്ത് ധനേഷ് എന്നിവരെ തിരുവല്ല പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നീട് മകളെ ഒഴിവാക്കി മറ്റു മൂന്നു പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ബിജോയുടെ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇരു വീട്ടുകാരും തമ്മിൽ കാലങ്ങളായി വസ്തു സംബന്ധിച്ച തർക്കം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. ഇതേ ചൊല്ലി ഇടയ്ക്കിടെ തർക്കങ്ങളും പതിവായിരുന്നു.


