ഹോണ്ട സിറ്റി കാറിൽ വന്ന് റബർ റോളർ മോഷ്ടിക്കുന്നത് സിസിടിവി പൊക്കി

Crime

അടൂർ: ഹോണ്ട സിറ്റി കാറിൽ വന്ന് റബ്ബർ ഷീറ്റ് അടിക്കുന്ന റോളറുകൾ മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കടത്തുകാവ് ഷാജി ഭവനം വീട്ടിൽ ഷാജി തങ്കച്ചൻ(49) ആണ് പിടിയിലായത്. ഏറത്ത് തുവയൂർ വടക്ക് ലക്ഷ്മി ഭവനം ഗോപാലകൃഷ്ണൻ ഉണ്ണിത്താന്റെ വീടിന് സമീപത്തെ ഷെഡ്ഡിൽ അതിക്രമിച്ചു കയറി അവിടെ സ്ഥാപിച്ചിരുന്ന മൂന്ന് റോളറുകളാണ്17 ന് പുലർച്ചെ പ്രതി മോഷ്ടിച്ചത്. 15,000 രൂപയുടെ നഷ്ടം സംഭവിച്ചു. ഇന്നലെ മോഷണ വിവരം അറിഞ്ഞ് വീട്ടിലെത്തിയ പോലീസ് സ്‌റ്റേഷൻ സബ് ഇൻസ്‌പെക്ടർ സുരേഷ് ബാബു ഗോപാലകൃഷ്ണൻ ഉണ്ണിത്താന്റെ മൊഴി രേഖപ്പെടുത്തി.

കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ്, സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മോഷ്ടാവ് വെള്ള ഹോണ്ട സിറ്റി കാറിലാണ് സഞ്ചരിച്ചത് എന്ന് മനസ്സിലാക്കി, പിന്നീട് കാറിന്റെ ഉടമസ്ഥനെ തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്നലെ രാത്രി 12 മണിയോടെ അടൂർ ടൗണിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്‌റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതിയെ തുടർന്ന് അറസ്റ്റ് ചെയ്തു. ഇയാളുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തി.

കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ തുടർന്ന് നടത്തിയ തെളിവെടുപ്പിൽ നൂറനാട് പാറ ജംഗ്ഷന് സമീപത്തുള്ള ആക്രിക്കടയിൽ നിന്നും റോളറുകൾ കണ്ടെടുത്തു. പിന്നീട്, പ്രതിയുടെ വടക്കടത്തുകാവിലുള്ള വീട്ടുമുറ്റത്ത് സൂക്ഷിച്ച കാറും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ് ഐ ടി സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *