സേവനത്തിൽ വീഴ്ച : എയർഇന്ത്യ എക്സ്പ്രസ് യാത്രക്കാരിക്ക് 1.25 ലക്ഷം നഷ്ടപരിഹാരം നൽകണം

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – വിമാനയാത്രയിൽ കൃത്യമായ സേവനം നൽകുന്നതിൽ വീഴ്ച വരുത്തിയ എയർഇന്ത്യ കമ്പനി, 1.25 ലക്ഷം രൂപ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ വിധി. പന്തളം കുളനട ഉളളന്നൂര്‍ സദാനന്ദ വിലാസത്തില്‍ ശ്രീജയും കുടുംബവും ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനില്‍ കഴിഞ്ഞ ഫെബ്രുവരി 21 ന് ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് വിധി ഉണ്ടായത്. ഹര്‍ജികക്ഷിയും കുടുംബവും മണാലിയിലേക്ക് യാത്ര ചെയ്യുന്നതിനായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. കഴിഞ്ഞ ജനുവരി മൂന്നിന് കൊച്ചിയില്‍ നിന്നുമാണ് യാത്ര പുറപ്പെട്ടത്. യാത്രാമദ്ധ്യേ ലേഓവര്‍ ഉളളതിനാല്‍ വിമാനം ഭുവനേശ്വര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയിരുന്നു.

ഭുവനേശ്വര്‍ വിമാനത്താവളത്തിലെ ബാഗേജ് കണ്‍വെയര്‍ ബെല്‍റ്റില്‍ തങ്ങളുടെ ഒരു ബാഗ് കണ്ടയുടനെ പരാതിക്കാരി എയര്‍ഇന്ത്യാ എക്‌സ്പ്രസ് അധികൃതരെ ഉടന്‍ തന്നെ വിവരം അറിയിക്കുകയും, എന്നാൽ അവരുടെ മറുപടി അത് സുരക്ഷിതമായി ന്യൂഡല്‍ഹിയില്‍ എത്തുമെന്നും ആയിരുന്നു. അവരുടെ ഉറപ്പ് വിശ്വസിച്ച യാത്രക്കാരിക്ക്, എന്നാല്‍, ന്യൂഡല്‍ഹി വിമാനത്താവളത്തില്‍വെച്ച് ചെക്ക് ഔട്ട് ചെയ്തപ്പോള്‍ ഒരു ബാഗ് നഷ്ടപ്പെട്ടതായി കാണാന്‍ കഴിഞ്ഞു. തുടര്‍ന്ന്, എയര്‍ ഇന്ത്യ അധികൃതരോട് പരാതിപ്പെട്ടെങ്കിലും പ്രശ്‌നം പരിഹരിക്കാമെന്ന് പറയുക മാത്രമാണുണ്ടായത്.

പ്രശ്‌നപരിഹാരം സാദ്ധ്യമാകാതെ വന്നതോടെ 5000 രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് ഹര്‍ജി കക്ഷികളെ അറിയിച്ചു. ബാഗില്‍ അവശ്യമരുന്നുകളും ശീതകാല വസ്ത്രങ്ങളും യാത്രയില്‍ ഒഴിവാക്കാനാകാത്ത മറ്റ് സാമഗ്രികളും ആയിരുന്നതിനാല്‍ യാത്രികര്‍ക്ക് യാത്ര ഉപേക്ഷിച്ച് മടങ്ങേണ്ടി വന്ന സാഹചര്യമാണ് ഉണ്ടായത്. വാദികള്‍ നല്‍കിയ പരാതിയും തെളിവുകളും വിലയിരുത്തിയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. എതിര്‍കക്ഷി ഹാജരാകാതിരുന്നതിനാല്‍ വാദികളുടെ പരാതിയിലെ സത്യാവസ്ഥ ബോദ്ധ്യപ്പെട്ട് എതിര്‍കക്ഷി ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതി ചിലവും വിധിക്കുകയായിരുന്നു. ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേര്‍ന്നാണ് വിധി പ്രസ്താവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *