ചെങ്ങന്നൂർ – ബാങ്കിന്റെ എ.ടി.എം കൗണ്ടറിൽ റിജക്ടായി ഇരുന്ന 47500 രൂപ ഉടമസ്ഥന് തിരികെ നൽകി യുവാക്കൾ മാതൃകയായി. കഴിഞ്ഞ ദിവസം കൊല്ലകടവ് എസ്ബി.ഐ. സി.ഡി.എം.എ കൗണ്ടറിൽ നിന്നും കിട്ടിയ 47500 രൂപയാണ് കൊല്ലകടവിലെ പെട്രോൾ പമ്പ് ഉടമയായ പ്രസാദ് സിതാരയ്ക്ക് വെണ്മണി എസ്.ഐ സുഭാഷ് ബാബുവിന്റെ സാന്നിദ്ധ്യത്തിൽ തിരികെ നൽകിയത്. കാരക്കാട്ടെ സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥരായ ഗോകുലും തരുണിനുമാണ് പണം കിട്ടിയത്. പെട്രോൾ പമ്പിലെ സ്റ്റാഫ് അതുവരെയുള്ള ക്യാഷ് കളക്ഷൻ കൊല്ലകടവിലെ എസ്.ബി ഐ യുടെ സി.ഡി എം.എ മെഷീൻനിൽ നിക്ഷേപിക്കുകയും ഒടുവിൽ നിക്ഷേപിച്ച തുക മെഷീനിൽ ഇട്ടതിന്റെ രസീതുമായി മടങ്ങുകയും ചെയ്തു. എന്നാൽ രണ്ടാമത് നിക്ഷേപിച്ച തുക റിജക്റ്റ് ആയി മെഷീനിൽ തന്നെ ഇരിക്കുകയായിരുന്നു. വൈകിട്ട് 3ന് അവിടെ എത്തിയ ഗോകുലും തരുണും ഈ പണം കാണുകയും അപ്പോൾ തന്നെ വെണ്മണി പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു. ഇന്ന് രാവിലെ ബാലൻസ് ചെക്ക് ചെയ്തപ്പോഴാണ് പൈസ നഷ്ടപ്പെട്ട വിവരം പ്രസാദ് സിതാര അറിയുന്നതും. തുടർന്ന് പൊലീസിൽ പരാതി നൽകി. അപ്പോൾ തന്നെ ഇരു കൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച എസ്.ഐ സുഭാഷ് ബാബുവിന്റെ സാന്നിദ്ധ്യത്തിൽ പണം തിരികെ ഏൽപ്പിച്ചു.


