പത്തനംതിട്ട ജില്ലയിൽ 268 കുടുംബങ്ങൾക്ക് പട്ടയം ; അർഹരായ എല്ലാവർക്കും ഭൂമി : മന്ത്രി കെ രാജൻ ; പട്ടയ വിതരണത്തിൽ സർക്കാർ മുമ്പന്തിയില്ലെന്ന് മന്ത്രി വീണാ ജോർജ്

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജില്ലയിൽ 268 കുടുംബങ്ങൾ ഭൂമിക്ക് അവകാശികളായി. ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ മുദ്രാവാക്യവുമായി റവന്യു വകുപ്പ് പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മേളയിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്, എംഎൽഎമാരായ കെ യു ജനീഷ് കുമാർ, പ്രമോദ് നാരായൺ എന്നിവരിൽ നിന്ന് പട്ടയം ഏറ്റുവാങ്ങി. അർഹരായ എല്ലാവർക്കും ഭൂമി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഓൺലൈനായി പട്ടയമേള ഉദ്ഘാടനം ചെയ്ത റവന്യു വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു.

ഒമ്പതു വർഷത്തിനിടെ 4.09 ലക്ഷം പട്ടയം വിതരണം ചെയ്തു. ഇതിൽ 2.23 ലക്ഷവും കഴിഞ്ഞ നാലു വർഷത്തിനിടെ നൽകി. പട്ടയം അസംബ്ലി സംഘടിപ്പിച്ച് ഭൂരഹിതരെ കണ്ടെത്തി അർഹരായവർക്ക് രേഖ നൽകി. ജില്ലകളിൽ പരിഹരമാകാത്ത വിഷയത്തിന് സംസ്ഥാനതലത്തിൽ തീരുമാനമാക്കി. പട്ടയഡാഷ് ബോർഡിൽ ആവശ്യക്കാരെ ഉൾപ്പെടുത്തി ഭൂമി ഉറപ്പാക്കി. പട്ടയവിഷയത്തിൽ സംസ്ഥാന സർക്കാർ നേരിട്ട് നടപടി എടുക്കേണ്ടവയാണ് പട്ടയഡാഷ് ബോർഡിൽ ഉൾപ്പെടുത്തിയത്. വില്ലേജ്, താലൂക്ക്, ജില്ല, സംസ്ഥാന തലങ്ങളിലൂടെ വിവിധ ഘട്ടങ്ങളിലായി നിയമവശം പരിശോധിച്ച് നൂലാമാലകൾ പരിഹരിച്ചു.

ബോധപൂർവമായി ഭൂമി കയ്യേറ്റം നടത്തുന്നവർക്കെതിരെ സർക്കാർ നടപടിയെടുത്തു. കയ്യേറ്റം ഒഴിപ്പിച്ച് സാധാരണക്കാർക്ക് ഭൂമി നൽകും. പട്ടയഅർഹതയുടെ വരുമാന പരിധി 2.5 ലക്ഷമാക്കി ഉയർത്തും. ഡിജിറ്റൽ റീസർവേ സംസ്ഥാനത്ത് പുരോഗമിക്കുന്നു. ഭൂമിയുടെ ഉടമസ്ഥത പരിശോധിച്ച് അർഹരായവർക്ക് നൽകുകയാണ് ലക്ഷ്യം. ഓരോ കുടംബത്തിനും ഡിജിറ്റൽ റവന്യു കാർഡ് നൽകും. ഒരു വ്യക്തിയുടെ പേരിൽ ഭൂമി, നികുതി, കെട്ടിട വിവരം, ഭൂമിയുടെ തരം തുടങ്ങിയ എല്ലാ വിവരവും ചിപ്പ് ഘടിപ്പിച്ച കാർഡ് രൂപത്തിൽ ലഭ്യമാക്കും. ഓരോ കുടുംബവുമായി ബന്ധപ്പെട്ട വിവരം ഉൾപ്പെടുത്തി ഡിജി ലോക്കർ സംവിധാനവും ഏർപ്പെടുത്തും. പട്ടയ മിഷൻ പ്രവർത്തനവുമായി സർക്കാർ അതിവേഗം മുന്നോട്ട് പോകുകയാണെന്നും മന്ത്രി അറിയിച്ചു.

അർഹരായവർക്ക് പട്ടയം നൽകുന്നതിൽ സർക്കാർ ഏറെ മുൻപന്തിയിലാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ പട്ടയം നൽകിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ചുവപ്പുനാടയിൽ കുടുങ്ങിയ ഫയലുകളിൽ തീരുമാനമുണ്ടാക്കി. റവന്യു, വനം അടക്കം വിവിധ വകുപ്പുകളുടെ കൃത്യമായ പ്രവർത്തനത്തിലൂടെയാണ് ഇത് സാധിച്ചത്. വനനിയമത്തിലൂടെ കോന്നി, റാന്നി മേഖലയിലുള്ള മലമ്പണ്ടാര കുടുംബങ്ങളിലുള്ളവർക്ക് പട്ടയം ലഭിച്ചു. ഓരോ നിയോജക മണ്ഡലത്തിലും റവന്യു അസംബ്ലി സംഘടിപ്പിച്ചു. ജില്ലാതല പട്ടയ സെല്ലിന്റെ പ്രവർത്തനം ഊർജിതമാക്കി.

സ്വന്തമായി ഭൂമിയില്ലാത്ത ഒരാൾ പോലും സമൂഹത്തിൽ ഉണ്ടാകരുത്. നവംബർ ഒന്നിന് അതിദരിദ്ര മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും. എല്ലാവർക്കും ഭൂമിയടക്കം ഉറപ്പാക്കിയാണ് സർക്കാർ ഈ ലക്ഷ്യത്തിലെത്തുന്നത്. റവന്യു വകുപ്പിന്റെ ഇടപെടലും പ്രശംസനീയം. ഡിജിറ്റൽ കാർഡ്, ഡിജിറ്റൽ സർവേ ഉൾപ്പെടെ റവന്യൂ വകുപ്പിന്റെ പ്രവർത്തനം പുരോഗമിക്കുന്നതായി മന്ത്രി കൂട്ടിച്ചേർത്തു.
സർക്കാർ ജനങ്ങൾക്കൊപ്പമാണെന്നും സങ്കീർണമായ നിരവധി പ്രതിസന്ധികൾ അതിജീവിച്ചാണ് അർഹരായവർക്ക് പട്ടയം നൽകുന്നതെന്നും കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ പറഞ്ഞു. എല്ലാവർക്കും ഭൂമി എന്നത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് റാന്നി എംഎൽഎ പ്രമോദ് നാരായൺ വ്യക്തമാക്കി. ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.

49 വനാവകാശരേഖ ഉൾപ്പെടെ 268 പട്ടയമാണ് വിതരണം ചെയ്തത്. കോന്നി (36), റാന്നി (79), ആറന്മുള (80), തിരുവല്ല (24) എന്നിങ്ങനെയാണ് നിയോജക മണ്ഡലം തിരിച്ചുള്ള കണക്ക്. പട്ടയ ഡാഷ്‌ബോർഡിൽ ഉൾപ്പെട്ട തിരുവല്ല കോയിപ്രം വില്ലേജിലെ തെറ്റുപാറ കോളനിയിലെ 10 കൈവശക്കാർക്ക് പട്ടയം ലഭിച്ചു. മലമ്പണ്ടാര വിഭാഗത്തിലെ 49 കുടുംബങ്ങൾ പട്ടയം ഏറ്റുവാങ്ങി. വനാവകാശ നിയമപ്രകാരം ഒരേക്കർ ഭൂമി ഇവർക്ക് ലഭിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, തിരുവല്ല സബ് കലക്ടർ സുമിത് കുമാർ താക്കൂർ, എഡിഎം ബി ജ്യോതി, അടൂർ ആർഡിഒ എം ബിപിൻകുമാർ, റാന്നി ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസർ എസ് എ നജീം, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ചിത്രം: പട്ടയം
പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈനായി നിർവഹിക്കുന്നു

ചിത്രം: പട്ടയം 1
പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജില്ലാതല പട്ടയമേളയിൽ അധ്യക്ഷ പ്രസംഗം നടത്തുന്ന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

Leave a Reply

Your email address will not be published. Required fields are marked *