മഞ്ഞപ്പിത്തം തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന അനിവാര്യം ; അതീവ ജാഗ്രത പുലർത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ

Health Pathanamthitta

പത്തനംതിട്ട – ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തം, വയറിളക്കം എന്നിവ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന അനിവാര്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ എൽ അനിത കുമാരി അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണം. മഞ്ഞപ്പിത്തത്തിനു കാരണമായ വൈറസുകൾക്ക് എ, ബി, സി, ഡി വകഭേദങ്ങൾ ഉണ്ട്. ഹെപ്പറ്റൈറ്റീസ് എ മലിനജലത്തിലൂടെയും ബി, സി, ഡി എന്നിവ രക്തം വഴിയും പകരുന്നു. രോഗകാരിയായ വൈറസിനെ ലാബ് പരിശോധന വഴിയാണ് തിരിച്ചറിയുന്നത്. മഞ്ഞപ്പിത്ത രോഗലക്ഷണങ്ങൾ കണ്ടാലുടൻ തൊട്ടടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് ചികിത്സ ആരംഭിക്കണം.
പുറത്തുനിന്നു ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. വയറിളക്ക രോഗങ്ങൾ, ഹെപ്പറ്റൈറ്റിസ് എ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മഞ്ഞപ്പിത്ത രോഗബാധ (ഹെപ്പറ്റൈറ്റിസ് എ), വയറിളക്ക രോഗങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള ഭക്ഷണത്തിന്റെയും ശീതള പാനീയങ്ങളുടെയും ഉപയോഗം, ശീതള പാനീയങ്ങളിലും മറ്റും വ്യവസായ ഉപയോഗത്തിനു മാത്രമുള്ള ഐസ് ചേർക്കൽ, ശുചിത്വക്കുറവ് എന്നീ കാരണങ്ങളാണ് പ്രധാനം.
വിവാഹങ്ങൾക്കും മറ്റു ചടങ്ങുകൾക്കും നൽകുന്ന വെൽക്കം ഡ്രിങ്കും തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം ചേർത്ത് നൽകുന്നതും രോഗനിരക്ക് വർധിക്കാൻ കാരണമാണ്. മഞ്ഞപ്പിത്തം പടർന്നു പിടിക്കാതിരിക്കാൻ വ്യക്തിശുചിത്വം, ആഹാര ശുചിത്വം, കുടിവെള്ള ശുചിത്വം, പരിസരശുചിത്വം എന്നിവ ഉറപ്പാക്കാൻ അതീവ ജാഗ്രത പുലർത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.

മഞ്ഞപ്പിത്തം (വൈറൽ ഹെപ്പറ്റൈറ്റിസ്)

കരളിനെ ബാധിക്കുന്ന രോഗമാണ് മഞ്ഞപ്പിത്തം (വൈറൽ ഹെപ്പറ്റൈറ്റിസ്). ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പിന്നീട് മൂത്രത്തിലും കണ്ണിനും ശരീരത്തിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നു.
മലിനമായതോ അല്ലെങ്കിൽ വേണ്ടത്ര ശുദ്ധീകരിക്കാത്തതോ ആയ ജലം, മലിനമായ ആഹാരം, രോഗിയുമായുള്ള സമ്പർക്കം എന്നിവ വഴി ഹെപ്പറ്റൈറ്റിസ് എ വൈറസുകൾ വേഗം പകരുന്നു. രോഗബാധിതനായ ഒരാൾ കുടുംബാംഗങ്ങൾക്ക് ഭക്ഷണം തയ്യാറാക്കുമ്പോഴും ആഹാരം പങ്കിട്ടു കഴിക്കുമ്പോഴും സമ്പർക്കം പുലർത്തുമ്പോഴും രോഗം മറ്റുള്ളവരിലേക്ക് പകരുന്നു. രോഗിയെ ശുശ്രൂഷിക്കുന്നവർ കൈ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. മലിനമായ കൈകളിലൂടെയും രോഗാണുക്കൾ വെള്ളത്തിലും ഭക്ഷണത്തിലും കലരുന്നതു വഴി രോഗം പകരുന്നു.

പ്രതിരോധ മാർഗം

തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. തിളപ്പിച്ചതും തിളപ്പിക്കാത്തതുമായ വെള്ളം കൂട്ടിക്കലർത്തി ഉപയോഗിക്കരുത്. പുറത്തുപോകുമ്പോൾ എപ്പോഴും തിളപ്പിച്ചാറിയ വെള്ളം കരുതുക. ആഹാരം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുമ്പും ശുചിമുറി ഉപയോഗിച്ച ശേഷവും പുറത്ത് പോയി വന്നതിനു ശേഷവും കൈ സോപ്പ് ഉപയോഗിച്ച് കഴുകുക. കിണറിന് ചുറ്റുമുള്ള പരിസരങ്ങളിൽ വൃത്തിഹീനമായ രീതിയിൽ വെള്ളം കെട്ടിക്കിടക്കാതെയും കിണറിലെ വെള്ളം മലിനമാകാതെയും സൂക്ഷിക്കുക. കൃത്യമായ ഇടവേളകളിൽ ആരോഗ്യപ്രവർത്തകരുടെ നിർദേശമനുസരിച്ച് കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്യുക. മഞ്ഞപ്പിത്ത ബാധയുള്ള പ്രദേശങ്ങളിൽ ശുദ്ധജല സ്രോതസ് സൂപ്പർ ക്ലോറിനേറ്റ് ചെയ്യണം. അണുവിമുക്തമായ ശുദ്ധജലം മാത്രം പാകം ചെയ്യാനും പാത്രങ്ങൾ കഴുകുന്നതിനും ഉപയോഗിക്കുക. വൃത്തിഹീനമായ സാഹചര്യത്തിൽ പാചകം ചെയ്ത ആഹാരസാധനങ്ങളും ശീതളപാനീയങ്ങളും പഴകിയതും മലിനമായതുമായ ആഹാരം കഴിക്കാതിരിക്കുക. പഴവർഗങ്ങളും പച്ചക്കറികളും കഴുകിയതിനുശേഷം ഉപയോഗിക്കുക. ആഹാര സാധനങ്ങളും കുടിവെള്ളവും എപ്പോഴും അടച്ചു സൂക്ഷിക്കുക. തുറസായ സ്ഥലത്ത് മലമൂത്രവിസർജനം ചെയ്യാതിരിക്കുക. കുഞ്ഞുങ്ങളുടെ വിസർജ്യങ്ങൾ സുരക്ഷിതമായി ശുചിമുറിയിലൂടെ മാത്രം നീക്കം ചെയ്യുക. വീട്ടുപരിസരത്ത് ചപ്പുചവറുകൾ കുന്നുകൂടാതെ ശ്രദ്ധിക്കുക. ഈച്ച ശല്യം ഒഴിവാക്കുക.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *