പത്തനംതിട്ട നഗരസഭാ ടൗൺ സ്‌ക്വയർ സമർപ്പണവും, കെകെ നായർ, ജസ്റ്റിസ് ഫാത്തിമാ ബീവി സ്മാരകങ്ങൾ ഉദ്ഘാടനവും ഫെബ്രുവരി 15 ശനിയാഴ്ച

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജില്ലയുടെ സാംസ്‌കാരിക കേന്ദ്രമാകാൻ ഒരുങ്ങുന്ന ടൗൺ സ്‌ക്വയർ ഈ വരുന്ന ശനിയാഴ്ച വൈകിട്ട്‌ നാലിന്‌ സ്പീക്കർ എ എൻ ഷംസീർ നാടിനായി‌ സമർപ്പിക്കും. മുൻ എംഎൽഎ കെ കെ നായരുടെ പ്രതിമ അദ്ദേഹം അനാച്ഛാദനം ചെയ്യും. നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ അദ്ധ്യക്ഷനാകും. സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്‌റ്റിസ്‌ ഫാത്തിമാ ബീവിയുടെ സ്മരണാർഥം പണികഴിപ്പിച്ച ഗേറ്റ് ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് സാംസ്കാരിക ഘോഷയാത്ര നടക്കും. ടൗൺഹാളിന്‌ മുന്നിൽനിന്ന് ആരംഭിക്കുന്ന ഘോഷയാത്രയിൽ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും കുടുംബശ്രീ അംഗങ്ങളും അണിനിരക്കും.

ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഗാനമേളയും മറ്റ് കലാപരിപാടികളും നടക്കും. ജനങ്ങളുടെ സാംസ്കാരിക ഒത്തു ചേരലുകൾക്ക് വേദിയാകുന്ന ടൗൺസ്‌ക്വയർ മനോഹരമായ കാഴ്ചയൊരുക്കും. ഓപ്പൺ സ്റ്റേജും ആയിരം പേർക്ക് ഇരിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. പ്രത്യേക ശബ്ദ – വെളിച്ച സംവിധാനം, വശങ്ങളിൽ പാർക്ക്, ചെറു പൂന്തോട്ടം, സ്നാക്സ് ബാർ, ശൗചാലയങ്ങൾ എന്നിവയുൾപ്പെടെ നഗര ഹൃദയത്തിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നായി ഇവിടം മാറും. പത്തനംതിട്ട മാസ്റ്റർ പ്ലാനിന്റെ ഭാഗമായ പദ്ധതിക്കായി നഗരസഭ പണം നൽകിയാണ് സ്ഥലം ഏറ്റെടുത്തത്. പൊതുജനങ്ങളുടെ ഒത്തുചേരലിന് നഗരത്തിൽ ഇടമൊരുക്കുക എന്ന ഉത്തരവാദിത്തമാണ് ഭരണസമിതി നിർവഹിക്കുന്നത്. സാംസ്‌കാരിക ഇടപെടലുകളിലൂടെ ടൗൺ സ്ക്വയറിനെ സമ്പന്നമാക്കേണ്ടത് ജനങ്ങളാണെന്ന് നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *