മെഴുവേലിയിലെ നവജാത ശിശുവിന്റെ മരണം : ആശുപത്രിയിലുള്ള മാതാവിനെ ഇന്ന് അറസ്റ്റ് ചെയ്യും : കാമുകന്റെ മൊഴിയുമെടുത്തു പോലീസ്

Crime
Print Friendly, PDF & Email

പത്തനംതിട്ട: മെഴുവേലി പത്തിശ്ശേരിയിലെ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആശുപത്രിയിൽ ചികില്‍സയിലുള്ള മാതാവിനെ ഇന്ന് അറസ്റ്റ് ചെയ്യും. ഗര്‍ഭിണിയായ വിവരം മറച്ചു വച്ച് പ്രസവിക്കുകയും കുട്ടി മരിച്ച വിവരം മൂടി വയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തതിനാണ് പോലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. കുട്ടി മരിച്ചത് എങ്ങനെ എന്നുള്ള കാര്യത്തില്‍ ഫോറന്‍സിക് സര്‍ജന്റെ പരിശോധന, പ്രസവം നടന്ന സ്ഥലത്തും, മൃതദേഹം കിടന്നതുമായ സ്ഥലങ്ങള്‍ പരിശോധിച്ച ശേഷം അന്തിമ തീരുമാനത്തിലെത്തും. കുഞ്ഞുമായി കുളിമുറിയില്‍ വീണപ്പോഴാണ് പരുക്കേറ്റതെന്നും കുഞ്ഞ് മരിച്ചതെന്നുമാണ് അമ്മയുടെ മൊഴി. ഇത് പോലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് കുഞ്ഞിന്റെ മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഈ ക്ഷതം എങ്ങനെയുണ്ടായി എന്നതാണ് ഫോറന്‍സിക് സര്‍ജന്‍ പരിശോധിക്കുന്നത്. മാതാവ് പറഞ്ഞതു പോലെ വീണപ്പോള്‍ കുഞ്ഞിന്റെ തല ഇടിച്ചതാണോ അതോ വലിച്ചെറിഞ്ഞപ്പോള്‍ തറയി വീണ് മരണം സംഭവിച്ചതാണോ എന്നാകും പരിശോധിക്കും. ഇതിന്റെ ഫലം അറിഞ്ഞ ശേഷമാകും കൊലപാതകക്കുറ്റം ചുമത്തുക. നിലവില്‍ പ്രസവം നടന്നതും കുട്ടി മരിച്ചതുമായ വിവരങ്ങള്‍ മറച്ചു വച്ചതിനാകും ജാമ്യമില്ലാ വകുപ്പിട്ട് അറസ്റ്റ് ചെയ്യുക. ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ ഉഷ നേഴ്സിംഗ് ഹോമില്‍ ചികില്‍സയില്‍ കഴിയുന്ന യുവതി സുഖം പ്രാപിച്ചിട്ടുണ്ട്.

കഴിഞ്ഞ 17 ന് പുലര്‍ച്ചെയാണ് വീടിന്റെ ശുചിമുറിയില്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പൊക്കിള്‍ കൊടി വേര്‍പെടുത്തിയ ശേഷം കുഞ്ഞിനെ ചേമ്പിലയില്‍ പൊതിഞ്ഞ് സമീപത്തെ പറമ്പിലെ വാഴയുടെ ചുവട്ടില്‍ കൊണ്ടിടുകയായിരുന്നു. രക്തസ്രാവം നിലയ്ക്കാതെ വന്നപ്പോള്‍ കിടങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. സ്ഥിതി വഷളായതിനെ തുടര്‍ന്ന് ചെങ്ങന്നൂര്‍ അങ്ങാടിക്കലിലെ ഉഷാ നഴ്‌സിങ് ഹോമിലേക്ക് മാറ്റുകയായിരുന്നു. അവിടെ എത്തിയ യുവതിയെ പരിശോധിച്ചപ്പോള്‍ പ്രസവം നടന്നുവെന്ന് ഡോക്ടര്‍ക്ക് മനസിലായി. എന്നാല്‍, താന്‍ പ്രസവിച്ചിട്ടില്ല എന്ന നിലപാടായിരുന്നു യുവതിക്ക്. ഡോക്ടര്‍ ഏറെ നോരം ചോദ്യം ചെയ്തപ്പോള്‍ പ്രസവിച്ചുവെന്നും കുഞ്ഞ് മരിച്ചു പോയെന്നും പറഞ്ഞു. തുടര്‍ന്ന് ഡോക്ടര്‍ ഇലവുംതിട്ട പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ തെരച്ചിലില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.

സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ കാമുകനായ ഇലവുംതിട്ട സ്വദേശിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. കുമ്പഴയിലെ ലോഡ്ജിലും മറ്റുമായി പല തവണ ശാരീരിക ബന്ധം ഉണ്ടായിട്ടുണ്ട്. യുവതി ഗര്‍ഭിണിയായ വിവരം അറിയാമായിരുന്നു. എന്നാല്‍, പ്രസവത്തീയതി കണക്കു കൂട്ടിയത് തെറ്റിയതാണ് വിനയായത്. സെപ്റ്റംബറിലോ ഒക്‌ടോബറിലോ ആകും പ്രസവം എന്നാണ് ഇരുവരും കരുതിയിരുന്നത്. എന്നാല്‍, മാസം തികഞ്ഞാണ് യുവതി പ്രസവിച്ചത് എന്നാണ് ഡോക്ടര്‍ പറയുന്നത്. കുഞ്ഞ് പൂര്‍ണ ആരോഗ്യവതിയുമായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *