വായന പക്ഷാചരണത്തിന് പത്തനംതിട്ട ജില്ലയിൽ തുടക്കം ; ലോകത്തെ മാറ്റാൻ പുസ്തകത്തിനാകും: പ്രമോദ് നാരായൺ എംഎൽഎ

Pathanamthitta
Print Friendly, PDF & Email

റാന്നി – ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാൻ വായനയ്ക്കാകുമെന്നും ലോകത്തെ മാറ്റിമറിച്ച പുസ്തകങ്ങളുണ്ടെന്നും പ്രമോദ് നാരായൺ എംഎൽഎ. ജില്ലാ ലൈബ്രറി കൗൺസിലും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം റാന്നി എം എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യൻ എന്ന മഹാപ്രകാശത്തിലേക്ക് കടക്കുന്നതിന് പുസ്തകം വായിക്കണം. മറ്റൊരാളെ മനസിലാക്കണമെങ്കിൽ വായന വേണം. ഓരോ പുസ്തകവും വ്യത്യസ്തമാണ്. പല വികാരങ്ങളെയും ഭാവങ്ങളെയും അറിയാനുള്ള ഏക ഉപാധിയാണ് വായന. പുസ്തകങ്ങളിലൂടെ വ്യക്തിയെ മാത്രമല്ല നാടിന്റെ ചേതോവികാരവും മനസിലാക്കാനാകുമെന്ന് മഹാത്മ ഗാന്ധിയുടെ ആത്മകഥ ഉദ്ധരിച്ച് എംഎൽഎ വ്യക്തമാക്കി. ഒരു വ്യക്തിയുടെ രൂപകൽപനയിൽ പുസ്തകം വഹിക്കുന്ന പങ്ക് പ്രധാനമാണ്. വായനയുടെ മാസ്മരിക ലോകം പുതുതലമുറ മനസിലാക്കണം. എം എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഡിജിറ്റൽ ലൈബ്രറിയുടെ പ്രവർത്തനം എംഎൽഎ ചൂണ്ടികാട്ടി. എംഎൽഎ ഫണ്ടിൽ നിന്നും 12.5 ലക്ഷം രൂപ അനുവദിച്ചാണ് ഡിജിറ്റൽ ലൈബ്രറി തയ്യാറാക്കിയത്.

സംസ്ഥാനത്തിന്റെ സാംസ്‌കാരിക- നവോത്ഥാന മുന്നേറ്റത്തിൽ പ്രധാന പങ്കുവഹിച്ചത് ലൈബ്രറി കൗൺസിലിന്റെ പ്രവർത്തനമാണെന്ന് മുഖ്യപ്രഭാഷണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം പറഞ്ഞു. സാഹിത്യത്തിന്റെ വിവിധ തലങ്ങളെ പരിപോഷിപ്പിക്കാൻ വായനയ്ക്കാകും. കേരളത്തിലെ ഗ്രാമ- നഗരങ്ങളിൽ വായനശാലകൾ ഉണ്ടെങ്കിലും പുതുതലമുറ ഇവ എത്രമാത്രം ഉപയോഗിക്കുന്നുണ്ടെന്ന് പരിശോധിക്കണം. മൊബൈലിന്റെ അമിത ഉപയോഗം വായനയെ ബാധിച്ചു. വായനയില്ലെങ്കിൽ ഒരു വ്യക്തി തന്നിലേക്ക് മാത്രം ഒതുങ്ങും. വായനയിലൂടെ സമൂഹത്തെ അറിയാം. വിദ്യാഭ്യാസം കൊണ്ട് മാത്രം പൂർണ പൗരനാകില്ല. സാഹിത്യം, സാംസ്‌കാരികം, ആത്മീയത വളരണമെങ്കിൽ വായന വേണം. വായിച്ച് വളർന്ന് ഉത്തമ പൗരനാകാൻ കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മൺമറഞ്ഞ സാഹിത്യകാരൻമാരെ അനുസ്മരിക്കുന്നതിനായി വിവിധ സെമിനാറുകൾ വായനാപക്ഷാചരണത്തോടനുബന്ധിച്ച സംഘടിപ്പിക്കുമെന്ന് അധ്യക്ഷത വഹിച്ച സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പ്രൊഫ. ടി.കെ.ജി നായർ പറഞ്ഞു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി വായന സന്ദേശം നൽകി. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ പ്രകാശ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ജി ആനന്ദൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എസ് ഹരിദാസ്, ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കോമളം അനിരുദ്ധൻ, റാന്നി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ. വി ആർ വിശ്വനാഥൻ നായർ, എം എസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ സ്മിജു ജേക്കബ്, പിആർഡി അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ പ്രവീൺ ജി നായർ തുടങ്ങിയവർ പങ്കെടുത്തു.

ചിത്രം : എംഎൽഎ
വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം റാന്നി എം എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രമോദ് നാരായൺ എംഎൽഎ നിർവഹിക്കുന്നു

ചിത്രം : ജില്ല
വായനപക്ഷാചരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം

Leave a Reply

Your email address will not be published. Required fields are marked *