സിപിഎം അംഗത്തിന്റെ പരാതിയിൽ മല്ലപ്പുഴശേരി പഞ്ചായത്തിൽ ഓംബുഡ്‌സ്മാൻ ഇടപെടൽ : സിപിഐ പ്രസിഡന്റും സെക്രട്ടറിയും കാൽലക്ഷം വീതം പിഴ അടയ്ക്കണം :

Kerala Pathanamthitta

പത്തനംതിട്ട – സിപിഐക്കാരിയായ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരേ സിപിഎം പഞ്ചായത്തംഗം ഓംബുഡ്‌സ്മാനിൽ പരാതി നൽകി. പരാതി ലഭിച്ച ഓംബുഡ്‌സ്മാൻ അർഹതപ്പെട്ടയാൾക്ക് ജോലിയും നഷ്ടപരിഹാരവും നൽകാനും ഉത്തരവിട്ടു.

മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ്, സെക്രട്ടറി ആർ. സുമാഭായി എന്നിവർക്കെതിരേയാണ് തദ്ദേശസ്ഥാപന ഓംബുഡ്‌സ്മാന്റെ അപൂർവ ഉത്തരവ് ഉണ്ടായിരിക്കുന്നത്. പല തവണ സിറ്റിങ് നടത്തി വിശദമായ വാദം കേട്ട ശേഷമാണ് ഉത്തരവ് നൽകിയിരിക്കുന്നത്. ഉദ്യോഗാർഥിക്ക് ജോലി, നഷ്ടപരിഹാരം എന്നിവയ്ക്ക് പുറമെ സർക്കാരിന് നേരിട്ടും ഓംബുഡ്‌സ്മാൻ ജസ്റ്റിസ് പി.ഡി.രാജൻ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. മാർച്ച് ആദ്യ വാരം സിറ്റിങ് പൂർത്തിയാക്കിയ പരാതിയിലാണ് ഇപ്പോൾ ഉത്തരവ് വന്നത്.

മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ പ്രോജക്ട് അസിസ്റ്റന്റ് നിയമനത്തിൽ ചട്ടം ലംഘിച്ചതിന് പഞ്ചായത്ത് പ്രസിഡന്റ്് മിനി ജിജു ജോസഫും സെക്രട്ടറി ആർ. സുമാഭായിയും 25,000 രൂപ പിഴ അടയ്ക്കാനാണ് ഉത്തരവ് ഉണ്ടായിട്ടുള്ളത്. സി.പി.എം അംഗം സജീവ് ഭാസ്‌കറാണ് ഓംബുഡ്‌സ്മാനെ സമീപിച്ചത്. ഇതിൽ നിയമ ലംഘന തീരുമാനം എടുത്ത കമ്മറ്റിയിൽ പങ്കെടുത്ത അംഗങ്ങളെ കമ്മിഷൻ ശാസിക്കുകയും ചെയ്തു. 13 അംഗ ഭരണസമിതിയിലെ 10 പേരാണ് യോഗത്തിൽ ഉണ്ടായിരുന്നത്. ഇടത് അംഗങ്ങൾക്ക് പുറമെ കോൺഗ്രസ്, ബി.ജെ.പി അംഗങ്ങളും നിയമ ലംഘന തീരുമാനത്തെ കാര്യമായി എതിർത്തിരുന്നില്ല. ഇതോടെ ഇവരും കമ്മിഷന്റെ പരാമർശത്തിനു വിധേയരായിരുന്നു. പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് ആദ്യം തെരഞ്ഞെടുത്തയാളെ ഒഴിവാക്കാനുള്ള പഞ്ചായത്ത് കമ്മിറ്റി തീരുമാനം പഞ്ചായത്ത് രാജ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് സജീവ് ഭാസ്‌കർ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്.

പഞ്ചായത്തിന്റെ തീരുമാനം റദ്ദാക്കിയ ഓംബുഡ്‌സ്മാൻ അർഹനായ വ്യക്തിക്ക് നിയമനം നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. പ്രോജക്ട് അസിസ്റ്റന്റ് കരാർ നിയമനത്തിൽ അവസാന ഘട്ടത്തിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഇതിൽ കൂടുതൽ മാർക്ക് കിട്ടിയ ആളെ നിയമിക്കാൻ തീരുമാനമെടുത്തു. കുടുംബശ്രീയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായ വ്യക്തിയുടെ മകനെയാണ് തെരഞ്ഞെടുത്തതെന്നും ഇത് ഒഴിവാക്കണമെന്നും പഞ്ചായത്തിന് പരാതി ലഭിച്ചിരുന്നു.

എന്നാൽ മേൽവിലാസം ഇല്ലാതെയാണ് പരാതികൾ എന്നും ഇതിലെ വാചകങ്ങളെല്ലാം ഒന്നു തന്നെയെന്നും അന്വേഷണത്തിൽ ഓംബുഡ്‌സ്മാൻ കണ്ടെത്തി. ഇതേ തുടർന്ന് ഡിസംബർ 11 ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റി മുൻ തീരുമാനം റദ്ദാക്കി. ഈ സാമ്പത്തിക വർഷം ആരെയും നിയമിക്കേണ്ടെന്നും തീരുമാനിച്ചു. ഇതിനെതിരെയാണ് ഭരണസമിതി അംഗം സജീവ് ഭാസ്‌കർ പരാതി നൽകിയത്. യോഗത്തിൽ പങ്കെടുത്ത പ്രസിഡന്റ്, സെക്രട്ടറി ഉൾപ്പെടെയുള്ള 10 പേരെ എതിർകക്ഷികൾ ആക്കിയായിരുന്നു പരാതി. ഉദ്യോഗാർഥി ആയിരുന്ന സുബിൻ സുരേന്ദ്രനും പരാതി നൽകിയിരുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *