സ്വർണക്കടത്തും ഹൈവേ കൊള്ളയും അടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതി : അടൂരുകാരൻ സുജിത്ത് 1.300 കിലോ കഞ്ചാവുമായി പിടയിലായി

Crime

പന്തളം – കേരളത്തിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ സ്വര്‍ണക്കടത്ത്, പണംകവര്‍ച്ച, പിടിച്ചുപറി തുടങ്ങിയ ക്രിമിനല്‍ കേസുകളുള്ള യുവാവിനെ ഒന്നേകാല്‍ കിലോയിലധികം കഞ്ചാവുമായി ഡാന്‍സാഫ് സംഘവും പന്തളം പോലീസും ചേര്‍ന്ന് പിടികൂടി. അടൂര്‍ വടക്കടത്തുകാവ് പരുത്തിപ്പാറ പോലീസ് ക്യാമ്പിന് സമീപം കല്ലുവിളയില്‍ എസ് സുജിത് (22) ആണ് അറസ്റ്റിലായത്. പന്തളം പറന്തല്‍ പാലത്തിനു സമീപത്തുനിന്നും ഇന്നലെ രാത്രി 11 ഓടെയാണ് ഇയാള്‍ പിടിയിലായത്.

തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍, സ്വര്‍ണ്ണ കടത്ത്, പണംകവര്‍ച്ച, മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം ഡാന്‍സാഫ് സംഘത്തിന് കൈമാറിയതിനെതുടര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് യുവാവ് കുടുങ്ങിയത്. ദിവസങ്ങളായി ഡാന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. പറന്തല്‍ പാലത്തിന് സമീപം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ്, ബുള്ളറ്റ് മോട്ടോര്‍സൈക്കിളില്‍ സൂക്ഷിച്ച നിലയിലാണ് 1.300 കിലോ കഞ്ചാവ് പിടികൂടിയത്.ഇയാള്‍ കഞ്ചാവുമായി ഈ ഭാഗത്ത് എത്തുമെന്ന രഹസ്യവിവരപ്രകാരം പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു

പന്തളം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി ഡി പ്രജീഷിന്റെ മേല്‍നോട്ടത്തില്‍ എസ് ഐ അനീഷ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും, ഡാന്‍സാഫ് ടീമും, പാലത്തിന് വടക്കായി നടപ്പാതയോടു ചേര്‍ന്ന് സില്‍വര്‍ നിറത്തിലുള്ള ബുള്ളറ്റ് മോട്ടോര്‍ സൈക്കിളിന് സമീപത്ത് ഇയാളെ കണ്ടെത്തി. ഫോണില്‍ നോക്കി ബൈക്കില്‍ ചാരി നിന്ന യുവാവിനെ പോലീസ് സംഘം വളഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞുനിര്‍ത്തി സാഹസികമായി പിടികൂടുകയായിരുന്നു. വിശദമായ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇയാളുടെ ബൈക്ക് പരിശോധിച്ചപ്പോള്‍, ഹാന്‍ഡില്‍ ബാറിനും ഇന്ധന ടാങ്കിനും ഇടയില്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചനിലയില്‍ കഞ്ചാവ് കണ്ടെത്തി.

വില്പനക്ക് കൈവശം വച്ചതാണ് കഞ്ചാവെന്ന് ചോദ്യം ചെയ്യലില്‍ യുവാവ് പോലീസിനോട് സമ്മതിച്ചു. ബൈക്ക് സ്വന്തമാണെന്നും അറിയിച്ചു. പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്യുകയും പരിശോധന നടത്തുകയും ചെയ്തു. ധരിച്ചിരുന്ന പാന്റിന്റെ വലതു പോക്കറ്റില്‍ നിന്ന് രണ്ട് താക്കോലുകളും, ഇടതുവശത്തെ പോക്കറ്റില്‍ നിന്ന് 120 രൂപയും കണ്ടെടുത്തു. മൊബൈല്‍ ഫോണ്‍, മോട്ടോര്‍ സൈക്കിള്‍ എന്നിവയും പിടിച്ചെടുത്തു. തുടര്‍ന്ന്, പുലര്‍ച്ചെ 2.10 ന് അറസ്റ്റ് രേഖപ്പെടുത്തി. കഞ്ചാവിന്റെ ഉറവിടം തുടങ്ങിയ കാര്യങ്ങള്‍ അറിയുന്നതിന് വിശദമായ അന്വേഷണം നടക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

കൂട്ടാളികള്‍ക്കൊപ്പം കാര്‍ തടഞ്ഞു യാത്രികരെ ആക്രമിച്ച് പണം അപഹരിച്ചതിന് മഞ്ചേരി പോലീസ് 2023ല്‍ എടുത്ത കവര്‍ച്ച കേസില്‍ പ്രതിയായി. കാര്‍ തടഞ്ഞ് വ്യാപാരിയെ ആക്രമിച്ച് കാറില്‍ സൂക്ഷിച്ച സ്വര്‍ണം കടത്തിയ സംഘത്തിലും ഇയാളുണ്ടായിരുന്നു. ഇതിന് തൃശൂര്‍ പീച്ചി പോലീസില്‍ കേസുണ്ട്. കൂടാതെ കായംകുളം പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് മോഷണ കേസുകളിലും, ഏനാത്ത് സ്‌റ്റേഷനിലെ ഒരു ദേഹോപദ്രവകേസിലും പ്രതിയാണിയാള്‍. ഡാന്‍സാഫ് സംഘത്തിനൊപ്പം പന്തളം എസ് ഐ അനീഷ് എബ്രഹാം, എ എസ് ഐ സിറാഷ്, പോലീസ് ഉദ്യോഗസ്ഥരായ വിജയകുമാര്‍, മനു എന്നിവരും അടങ്ങിയ സംഘമാണ് സുജിത്തിനെ തന്ത്രപരമായി പിടികൂടിയത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *