പതിനാലുകാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിലായി

Crime
Print Friendly, PDF & Email

റാന്നി – പതിനാലു വയസുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിനെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. മാടമൺ മേലെകുറ്റി വീട്ടിൽ ജോബി തോമസ് (25) ആണ് പിടിയിലായത്. കഴിഞ്ഞ മാസം ആറിനും പത്തിനുമിടയിൽ ഇയാളുടെ വീട്ടിൽ വച്ചാണ് ലൈംഗിക പീഡനത്തിനിരയാക്കിയതെന്ന് കോന്നി എൻട്രി ഹോമിൽ കഴിയുന്ന പെൺകുട്ടി പോലീസിന് മൊഴിനൽകി. പെരുനാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. പോലീസ് ഇൻസ്‌പെക്ടർ ജി. വിഷ്ണുവാണ് കേസ് അന്വേഷിക്കുന്നത്.

യുവാവ് കുട്ടിയുമായി കറങ്ങി നടക്കുന്നതു കണ്ട് സംശയം തോന്നിയ അയൽവാസികൾ വാർഡ് മെമ്പറെ വിവരം അറിയിക്കുകയായിരുന്നു. മെമ്പർ കുട്ടിയോട് വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. തുടർന്ന് കൗൺസിലിങ് സൗകര്യം ഏർപ്പെടുത്തി. കൗൺസിലറോട് കുട്ടി വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. പിന്നീട് കോന്നി എൻട്രി ഹോമിലേക്ക് കുട്ടിയെ മാറ്റി. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് അവിടെയെത്തി 30 ന് വിശദമായ മൊഴി രേഖപ്പെടുത്തി. പെരുനാട് പോലീസ് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ ഉടനടി വീടിനു സമീപത്തു നിന്നും പിടികൂടി. തുടർ നടപടികൾക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *