മൈലപ്ര സഹകരണ വായ്പാത്തട്ടിപ്പ് : കുടുംബക്കാരെയും കൂട്ടി വായ്പയെടുത്ത മുൻ സെക്രട്ടറിയും പ്രസിഡന്റും തിരിച്ചടയ്ക്കാനുള്ളത് നാലു കോടിയോളം

Crime Pathanamthitta

പത്തനംതിട്ട – മൈലപ്ര സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് പ്രസിഡന്റും, സെക്രട്ടറിയും കുടുംബസമേതമെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. സഹകരണ വകുപ്പ് ചട്ടം 65 പ്രകാരം നടത്തിയ അന്വേഷണത്തിന്റെ രേഖകളാണ് വിവരാവകാശ നിയമപ്രകാരം പുറത്തു വന്നിരിക്കുന്നത്. മുന്‍ പ്രസിഡന്റും സെക്രട്ടറിയും ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും പേരില്‍ എടുത്തു കൂട്ടിയത് നാലു കോടിയോളം രൂപയുടെ വായ്പയാണ്. ചില്ലിക്കാശ് തിരികെ അടച്ചിട്ടില്ല . മുന്‍ പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍, സെക്രട്ടറി ജോഷ്വാ മാത്യു എന്നിവര്‍ എടുത്ത് വായ്പകളുടെ കണക്കുകൾ മാത്രമാണിത്.

ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളോ, മറ്റു ജീവനക്കാരോ ഈ രീതിയില്‍ വായ്പ കരസ്ഥമാക്കിയിട്ടുള്ളതായി വിവരം ലഭിച്ചിട്ടില്ല. ബാങ്കിന്റെ തന്നെ അനുബന്ധ സ്ഥാപനമായ മൈഫുഡ് റോളര്‍ ഫാക്ടറിയിലെ ഗോതമ്പ് പര്‍ച്ചേസുമായി ബന്ധപ്പെട്ട് 3.94 കോടിയുടെ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റ് ചെയ്ത ജോഷ്വാ മാത്യു ഇപ്പോള്‍ റിമാന്‍ഡിലാണ്. വായ്പാത്തട്ടിപ്പ് കേസില്‍ പ്രതിയായ ജെറി ഈശോ ഉമ്മന്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. 89 ബിനാമി വായ്പകളിലായി 86.12 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരുമ്പോഴാണ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്.

ദീര്‍ഘകാലം മൈലപ്ര സഹകരണ ബാങ്കിന്റെ പ്രസിഡന്റായിരുന്ന ജെറി ഈശോ ഉമ്മനും കുടുംബാംഗങ്ങള്‍ക്കുമായുള്ളത് 2.12 കോടി രൂപയുടെ വായ്പയാണ്. സ്വന്തം പേരിലും ഭാര്യ, രണ്ട് മക്കള്‍, മരുമക്കള്‍ എന്നിവരുടെ പേരുകളിലും വായ്പയുണ്ട്. എട്ട് വായ്പകളാണ് ജെറി ഈശോ ഉമ്മന്റെ കുടുംബത്തിലുള്ളത്. ഇവ തിരിച്ചടച്ചില്ല. 1,71,87,652 രൂപയുടെ വായ്പയും 40,28,927 പലിശയും ചേര്‍ത്ത് 2,12,15,579 രുപയുടെ ബാധ്യതയാണ് ഇവര്‍ക്കായുള്ളത്. ഈ തുക ഉപയോഗിച്ച് വീടും വസ്തുവും വാങ്ങിയെന്നാണ് ജെറി ഈശോ ഉമ്മന്‍ ക്രൈംബ്രാഞ്ചിന് നല്‍കിയിരിക്കുന്ന മൊഴി. വസ്തുവകകള്‍ വിറ്റ് തിരിച്ചടയ്ക്കാനുള്ള സന്നദ്ധതയും അദ്ദേഹം കാണിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

നിലവില്‍ തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിനും കുടുംബാംഗങ്ങള്‍ക്കും കൂടി ബാങ്കിലുള്ള വായ്പാ ബാധ്യത 1,88,34,472 കോടി രൂപയുടേതാണ്. 28 വായ്പകളാണ് ജോഷ്വായും കുടുംബാംഗങ്ങളുമായി എടുത്തിരിക്കുന്നത്. ജോഷ്വാ മാത്യുവിന്റെ പേരില്‍ ജീവനക്കാരനെന്ന നിലയില്‍ 2,98,701 രൂപയുടെ വായ്പയുണ്ട്. ഇതിന് 29,870 രൂപ പലിശയും ചേര്‍ത്ത് അടയ്ക്കാനുള്ളത് 3,28,571 രൂപയാണ്. ഭവന വായ്പയായി 5,14,235 രൂപ എടുത്തിരുന്നു. ഇതിന് 2,48,153 രൂപ പലിശ കൂടി ചേര്‍ത്ത് 7,62,388 രൂപ ബാധ്യതയായി നിലനില്‍ക്കുന്നു. പിതാവ്, ഭാര്യ രണ്ട് പെണ്‍മക്കള്‍, സഹോദരങ്ങള്‍, ഭാര്യാ സഹോദരി, അടുത്ത ബന്ധു എന്നിവര്‍ക്കെല്ലാം കൂടി 1,59,34,502 രൂപയാണ് വായ്പയായി ബാങ്ക് അനുവദിച്ചത്. ഇതിന്റെ പലിശയായി 28,99,970 രൂപയുണ്ട്.

വായ്പയുമായി ബന്ധപ്പെട്ട് ജോഷ്വാ മാത്യുവിന്റെ ബന്ധുവീടുകളില്‍ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തിയിരുന്നു. വായ്പ എടുത്തിട്ടുണ്ടെന്നുള്ളത് ബന്ധുക്കള്‍ സമ്മതിച്ചെങ്കിലും കണക്കില്‍ പറയുന്ന തുക തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നാണ് ഇവരില്‍ പലരുടെയും വാദം. ചിട്ടിയും വായ്പയുമെല്ലാം കൂടിയാണ് ബാധ്യതയായിട്ടുള്ളത്.

വാഴമുട്ടം സ്വദേശിയായ പത്തനംതിട്ടയിലെ മുന്‍ ആധാരം എഴുത്തുകാരന്റെ പേരിലുള്ളത് 28 വായ്പകളാണ്. ബാങ്കിന്റെ പ്രവര്‍ത്തന പരിധിക്കു പുറത്തുള്ളയാളാണ് ഇദ്ദേഹം. വസ്തു ആധാരം പണയപ്പെടുത്തിയാണ് വായ്പകള്‍ എടുത്തിട്ടുള്ളത്. എന്നാല്‍ ഈ ആധാരങ്ങള്‍ പലതും സഹകരണ നിയമപ്രകാരം നിശ്ചിത തുകയ്ക്കു ജാമ്യമായി നല്‍കാവുന്നവയല്ല. ഒരേ ആധാരം ഉപയോഗിച്ച് ഒന്നിലധികം വായ്പകള്‍ എടുത്തിട്ടുമുണ്ട്. ഇത്തരത്തില്‍ ബിനാമി വായ്പക്കാരുടേതായ വിവരങ്ങള്‍ െ്രെകംബ്രാഞ്ച് സംഘം ശേഖരിച്ചു വരികയാണ്. താമസിയാതെ ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. കോടിക്കണക്കിനു രൂപയുടെ വായ്പ ഒരു ആളുകള്‍ക്കു തന്നെ നല്‍കിയതുമായി ബന്ധപ്പെട്ട് ഭരണസമിതിയും ജീവനക്കാരും പ്രതിക്കൂട്ടിലാകുകയാണ്.

ഇതു സംബന്ധിച്ചു മുന്‍ സെക്രട്ടറിയോട് ക്രൈംബ്രാഞ്ച് സംഘം വിവരങ്ങള്‍ ആരാഞ്ഞുവെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. ഭരണ സമിതിയുടെ അറിവോടെയാണ് വായ്പകള്‍ അനുവദിച്ചിട്ടുള്ളതെന്നും ജോഷ്വാ മാത്യു വ്യക്തമാക്കിയിട്ടുണ്ട്. കണ്ടില്ലെന്നു നടിച്ച് ഓഡിറ്റ് ഉദ്യോഗസ്ഥര്‍ മൈലപ്ര സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി ചട്ടം മറികടന്നുള്ള വായ്പാ വിതരണമാണ് നടന്നു വന്നിരുന്നത്. പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ ഇതു കണ്ടില്ലെന്നു നടിക്കുകയായിരുന്നു. എല്ലാ വര്‍ഷവും ബാങ്കില്‍ ഓഡിറ്റ് നടക്കാറുള്ളതാണ്.

എന്നാല്‍ ചട്ടലംഘനങ്ങളും അനധികൃത വായ്പകളും ഇവര്‍ മൂടിവച്ചുവെന്നാണ് ആക്ഷേപം. സഹകരണ വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരും ഇക്കാര്യങ്ങള്‍ മറച്ചുവച്ചു. ചട്ടം 65 പ്രകാരം കഴിഞ്ഞയിടെ നടത്തിയ അന്വേഷണത്തില്‍ ഇപ്പോഴത്തെ ക്രമക്കേടുകള്‍ ഓരോന്നായി പുറത്തുവന്നത്. ഓരോ ബിനാമി വായ്പയുടെയും ഗുണഭോക്താക്കളായി ചുരുങ്ങിയത് അഞ്ചു പേര്‍ വീതമുണ്ടെന്നാണ് കണ്ടെത്തല്‍. ചട്ടം മറി കടന്ന് വായ്പ അനുവദിച്ചത് ഓഡിറ്റിലൂടെ കണ്ടെത്താതിരുന്നതും കണ്ടെത്തിയപ്പോള്‍ നടപടിയെടുക്കാതെ ഇരുന്നതും കുറ്റകൃത്യമായി കണക്കാക്കണമെന്ന് ബാങ്ക് മുന്‍ ഭരണസമിതിയംഗം ഗീവര്‍ഗീസ് തറയില്‍ ആവശ്യപ്പെട്ടു. നൂറു കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിട്ടും ഇതിനെ ലഘൂകരിച്ചു കാണാനുള്ള ശ്രമമാണ് ഇപ്പോഴും നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *