കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഗുരുതര വെളിപ്പെടുത്തലുകളുമായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) റിപ്പോർട്ട് പുറത്ത്. വൻ കവർച്ചയ്ക്കാണ് പദ്ധതിയിട്ടതെന്ന് എസ്‌ഐടി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 2025 ഒക്ടോബറിൽ ബെംഗളുരുവിൽ വച്ച് പ്രതികൾ ഗൂഢാലോചന നടത്തി. ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരാണ് ഗൂഢാലോചന നടത്തിയത്. ആസൂത്രിതമായ സംഘടിത കുറ്റകൃത്യമെന്നാണ് അന്വേഷണ സംഘം കവർച്ചയെ വിശേഷിപ്പിക്കുന്നത്.
ശ്രീകോവിലിലെ അവശേഷിക്കുന്ന സ്വർണം കൂടി തട്ടിയെടുക്കാൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായും, കേസ് ഹൈക്കോടതിക്ക് മുന്നിലെത്തിയപ്പോൾ പ്രധാന പ്രതികൾ ബെംഗളൂരുവിൽ രഹസ്യയോഗം ചേർന്ന് ഗൂഢാലോചന നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു. കേസിൽ ഉൾപ്പെട്ടാൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് യോഗത്തിൽ ചർച്ച നടന്നെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്.
ദ്വാരപാലക ശില്പങ്ങളിലെയും ഏഴ് ഭാഗങ്ങളുള്ള കട്ടിളപ്പാളികളിലെയും ശ്രീകോവിലിലെയും സ്വർണം പൊതിഞ്ഞ ഭാഗങ്ങളിൽ നിന്നടക്കം സ്വർണം കവരാൻ ഗൂഢാലോചന നടന്നു. കട്ടിളപ്പാളിയിൽനിന്ന് 409 ഗ്രാം സ്വർണമാണ് സ്മാർട്ട് ക്രിയേഷൻസിൽ വെച്ച് ശങ്കർ എന്ന വിദഗ്ധൻ വേർതിരിച്ചെടുത്തത്. ഈ സ്വർണം പിന്നീട് ബെല്ലാരിയിലെ വ്യാപാരിയായ ഗോവർധന്റെ കൈവശമെത്തിച്ചതായും എസ്‌ഐടി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


