വയനാട് – ഒപ്പം താമസിച്ചിരുന്ന സുഹൃത്തിന്റെ വെട്ടേറ്റ് യുവതി മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി പിടിയിലായി. ഇന്നലെ നടന്ന ഈ സംഭവത്തിനു പിന്നാലെ കാണാതായ ഒമ്പതുവയസുകാരിയേയും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് തിരനെല്ലി ചേകാടി വാകേരിയിൽ വാടകയ്ക്ക് താമസിക്കുന്ന എടയൂർകുന്ന് സ്വദേശി പ്രവീണ (34) കൊല്ലപ്പെട്ടത്. ഇവരോടൊപ്പം കഴിഞ്ഞിരുന്ന സുഹൃത്ത് ദിലീഷാണ് കൊലപാതകം നടത്തിയത്. രാത്രി മുഴുവൻ നീണ്ട തിരച്ചിലിനൊടുവിൽ ചൊവ്വാഴ്ച രാവിലെയോടെയാണ് പോലീസും നാട്ടുകാരും അടങ്ങുന്ന സംഘം ദിലീഷിനേയും കുട്ടിയേയും കണ്ടെത്തിയത്.
കൊല്ലപ്പെട്ട പ്രവീണയുടെ ഭർത്താവായ സുധീഷുമായി അകന്നുകഴിഞ്ഞിരുന്ന പ്രവീണ മക്കളായ അനർഘ (14), അബിന (9) എന്നിവർക്കൊപ്പമാണ് വാകേരിയിൽ വാടകക്ക് താമസിച്ചിരുന്നത്. ഒപ്പം കൂടിയ ദിലീഷിന്റെ ആക്രമണത്തിൽ മൂത്തകുട്ടിയായ അനർഘയ്ക്കും പരിക്കേറ്റിരുന്നു. കഴുത്തിനും ചെവിക്കും വെട്ടേറ്റ അനർഘയെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ഇളയകുട്ടി അബിനയേയും ദിലീഷിനേയും കാണാതായിരുന്നു.
ആക്രമണം കണ്ട് ഭയന്ന കുട്ടി ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വഴിതെറ്റി വനത്തിൽ അകപ്പെട്ടിരിക്കാം എന്നായിരുന്നു ആദ്യം പോലീസിന്റെ നിഗമനം. വനത്തോട് ചേർന്നുള്ള പ്രദേശമാണ് അപ്പപ്പാറ. സ്ഥലത്തെ കനത്ത മഴയും തിരച്ചിലിനെ ദുഷ്‌കരമാക്കിയിരുന്നു. ആർആർടി സംഘവും നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ തെരച്ചിലിൽ തിങ്കളാഴ്ച രാവിലെയോടെയാണ് കുട്ടിയേയും ദിലീഷിനേയും കണ്ടെത്തിയത്. കുട്ടിയെ ദിലീഷ് തട്ടിക്കൊണ്ട് പോവുകയായിരുന്നു എന്നാണ് വിവരം.
കൊലപാതകം നടന്ന വീടിനു മീറ്ററുകൾക്കപ്പുറത്ത് വനമേഖലയോട് ചേർന്നുള്ള ഒരു ഒഴിഞ്ഞ വീട്ടിൽനിന്നാണ് ഇരുവരേയും കണ്ടെത്തിയത്. ദിലീഷ് കുട്ടിയെ ഇവിടെ പിടിച്ചു വെച്ചിരിക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് വിരാമമിട്ടുകൊണ്ട് പോലീസ് കുട്ടിയെ രക്ഷപ്പെടുത്തി ദിലീഷിനെ കസ്റ്റഡിയിലെടുത്തു. തിരുനെല്ലി പോലീസ് സ്‌റ്റേഷനിൽ എത്തിച്ചശേഷം കുട്ടിയെ പ്രാഥമിക ചികിത്സനൽകുന്നതിനായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകം നടന്ന സ്ഥലത്ത് ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.
ഒപ്പം കൂടുന്നവർ രക്ഷകരായിരിക്കണമെന്നില്ല. അന്തകരായിരിക്കാമെന്ന് മനസിലാക്കേണ്ട ഒരു ഉദാഹരണം കൂടി.!!


