ആറന്മുള – വള്ളസദ്യ വഴിപാടുകൾ, അഷ്ടമിരോഹിണി വള്ളസദ്യ, ഉത്രട്ടാതി ജലമേള എന്നിവയുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കുമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ആലോചനായോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മഴ പെയ്ത് പമ്പയാറ്റിലെ വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ ലൈഫ് ജാക്കറ്റും മറ്റ് സുരക്ഷാ ക്രമീകരണങ്ങളും ഉണ്ടെന്ന് ഉറപ്പാക്കണം. അപകടങ്ങൾ പൂർണ്ണമായി ഒഴിവാക്കുക എന്നതാണ് പ്രധാനം. അടിയന്തര വൈദ്യസഹായം വേണ്ട സാഹചര്യം മുന്നിൽ കണ്ട് ജില്ലാ മെഡിക്കൽ ഓഫീസർ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. തിരക്കുള്ള ദിവസങ്ങളിൽ ആംബുലൻസ് വിന്യാസം എങ്ങനെയെന്നുള്ളത് പോലീസുമായി ആലോചിച്ച് തീരുമാനിക്കണം.
മഞ്ഞപ്പിത്തം, കോളറ പോലുള്ള ജലജന്യ രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട് പ്രത്യേക ശ്രദ്ധ പുലർത്തണം. വാട്ടർ അതോറിറ്റി കൃതമായ പരിശോധന നടത്തി ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണം. വാട്ടർ പൈപ്പുകളിൽ ചോർച്ച ഉണ്ടായി മാലിന്യം കയറുന്ന സാഹചര്യമില്ലെന്ന് ഉറപ്പാക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പും കൃതമായ പരിശോധന നടത്തണം.
ഭക്ഷണം പാചകം ചെയ്യുന്നവർക്കും കൈകാര്യം ചെയ്യുന്നവർക്കും ഹെൽത്ത് കാർഡ് ഉണ്ടാകണം. ഇത് നൽകുന്നതിനായി ഡിഎംഒയുടെ നേതൃത്വത്തിൽ ആശുപത്രിയിൽ പ്രത്യേകം സമയക്രമം ഒരുക്കണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ, ജില്ലാ പോലീസ് മേധാവി വി. അജിത്ത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ, അംഗമായ ആർ. അജയകുമാർ, തിരുവല്ല സബ് കളക്ടർ സഫ്‌ന നസറുദ്ദീൻ, അടൂർ ആർഡിഒ വി. ജയമോഹൻ, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദ ഭവൻ, ട്രെഷറർ രമേഷ് കുമാർ, ഗ്രാമപഞ്ചായത്ത് അധ്യക്ഷൻമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


