പത്തനംതിട്ട:- നിയമസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന്റെ നിർദ്ദേശപ്രകാരം ജില്ലാ അതിർത്തികളിലും പ്രധാന പട്ടണങ്ങളിലും സായുധ കേന്ദ്ര പോലീസ് സേനയുടെ സഹായത്തോടെ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഗ്രാമപ്രദേശങ്ങളിലും വനമേഖലയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും ലോക്കൽ പോലീസിന്റെ പരിശോധനയും നടന്നു വരികെയാണ്.
കഴിഞ്ഞ ദിവസം നടന്ന പരിശോധനയ്ക്കിടെ വിൽപ്പനയ്ക്കായി സൂക്ഷിച്ച വാറ്റ് ചാരായം, കൂടിയ അളവിലുള്ള വിദേശ മദ്യം, കഞ്ചാവ് എന്നിവ ഉൾപ്പെടെ പിടിച്ചെടുത്തു. പിടിയിലായ പ്രതികളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. 20 കുപ്പി വിദേശമദ്യവുമായി തണ്ണിത്തോട് പ്ലാച്ചേരി വീട്ടിൽ രാജേഷി(52)നെ ചിറ്റാർ പോലീസ് അറസ്റ്റ് ചെയ്തു. വില്പനയ്ക്കായി കൂടിയ അളവിൽ വിദേശമദ്യം കൈവശം സൂക്ഷിച്ച സീതത്തോട് ആങ്ങമൂഴി സ്വദേശി കാരക്കാട്ട് കുന്നിൽ വീട്ടിൽ രതീഷ് (43) , വാറ്റുചാരായം നിർമ്മിച്ച് വിൽപ്പന നടത്തിവന്ന ആങ്ങമൂഴി തേവർമല സ്വദേശി ചെരുവിൽ വീട്ടിൽ ദീപു (40) എന്നിവരെ മൂഴിയാർ പോലീസും അറസ്റ്റ് ചെയ്തു.
കഞ്ചാവ് വില്പന നടത്തിവന്ന അടൂർ പെരിങ്ങനാട് പഴകുളം സ്വദേശി പുന്നലത്ത് കിഴക്കേക്കര വീട്ടിൽ മനു (20) എന്നയാളും ഈ പരിശോധനകളുടെ ഭാഗമായി അടൂർ പോലീസിന്റെ പിടിയിലായി. ജില്ലയിൽ എല്ലാ സ്ഥലങ്ങളിലും വരുംദിവസങ്ങളിലും പരിശോധനകൾ കർശനമായി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.


