പത്തനംതിട്ട – പരിമിതി മറന്ന്, പരിധികളില്ലാതെ പറന്നുയർന്ന് ”അനുയാത്ര റിഥം” സംഘം. സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ശബരിമല ഇടത്താവളത്തിൽ നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന വിപണന മേളയിൽ സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ചത് നിറവർണത്തിൽ വിരിഞ്ഞ ഭിന്നശേഷി കലോത്സവം. ആട്ടവും പാട്ടുമായി കലാപ്രതിഭകളുടെ സംസ്ഥാന ആർട്സ് ട്രൂപ്പ് അനുയാത്ര കലാകാരന്മാർ വേദിയിൽ റിഥമേകി. ഇല്ലുമിനാറ്റിയും രംഗണ്ണനും കട്ടപ്പനയിലെ ഋത്വിക് റോഷനും അരങ്ങിൽ എത്തിയപ്പോൾ കയ്യടിയുടെ പൊടിപൂരം. സർഗവാസനയുള്ളവർക്ക് കലാപ്രകടനത്തിന് ശാരീരിക പരിമിതി തടസമല്ലെന്ന് തെളിയിച്ച് ‘അനുയാത്ര റിഥ’ത്തിന്റെ കലോത്സവം മേളയേയും ആവേശത്തിലാക്കി.
രാഷ്ട്രീയ നേതാക്കളായ വി സ് അച്യുതാനന്ദനും ഉമ്മൻ ചാണ്ടിയും ഇഷ്ടതാരങ്ങളായ മോഹൻലാലും മമ്മൂട്ടിയും നസീറും ജയനും മധുവും തുടങ്ങി നിരവധി ‘പ്രകടന’വമായി എൽദോ കുര്യക്കോസ് വേദി കീഴടക്കി. നിറപുഞ്ചിരിയോടെ ശങ്കരാ… എന്നു തുടങ്ങുന്ന ഗാനം അനുവിന്ദ് സുരേന്ദ്രനും വാതാപി ഗണപതിയിലൂടെ പൂജ രമേശും ഓളം തീർത്തു. കാഴ്ചപരിമിതി കഴിവിനെ ബാധിക്കില്ലെന്ന് തെളിയിച്ചു ലൂസിഫറിലെ ‘റഫ്താര’ പാടി വിഷ്ണുപ്രിയയും ‘എന്നടി രാക്കമ്മ’യിലൂടെ അമൽ രാജും കാണികളെ കയ്യിലെടുത്തു. കലാകാരന്മാരുടെ ഒരുമിച്ചുള്ള നൃത്തപ്രകടനം അരങ്ങിനെ ആരവത്തിലാക്കി.
‘ടാലന്റ് സെർച്ച് ഫോർ യൂത്ത് വിത്ത് ഡിസെബിലിറ്റീസ്’ പദ്ധതി വഴി സ്‌ക്രീനിംഗ് നടത്തി തിരഞ്ഞെടുത്ത വിവിധ ജില്ലകളിൽ നിന്നുള്ള ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കലാകാരന്മാരാണ് കലാ വിരുന്നൊരുക്കിയത്.

ഭിന്നശേഷി മേഖലയിൽ ആവശ്യമായ ഇടപെടൽ സാധ്യമാക്കുന്നതിന് വിവിധ പ്രവർത്തനമാണ് നടത്തുന്നതെന്ന് സാമൂഹിക കലാപരിപാടി ഉദ്ഘാടനം ചെയ്ത ജില്ലാ സാമൂഹികനീതി ഓഫീസർ ഷംല ബീഗം പറഞ്ഞു.
ചിത്രം: ‘എന്റെ കേരളം’ പ്രദർശന വിപണന മേളയിൽ
ജില്ലാ സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന കലാപരിപാടി


