പത്തനംതിട്ട – രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ‘എന്റെ കേരളം’ പ്രദർശന വിപണന കലാമേളയുടെ ഒരുക്കം അവസാന ഘട്ടത്തിൽ. പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ മേളയ്ക്കായി ഒരുങ്ങുന്നത് ജർമൻ ഹാംഗറിൽ നിർമിച്ച 71,000 ചതുരശ്രയടി പവലിയൻ. കിഫ്ബിക്കാണ് നിർമാണ ചുമതല. മേയ് 16 മുതൽ 22 വരെയാണ് മേള. രാവിലെ 10 മുതൽ രാത്രി ഒമ്പത് വരെ പ്രവേശനം സൗജന്യം.
സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളുടെയും ശീതികരിച്ച 186 സ്റ്റാളുകളുണ്ട്. സംസ്ഥാനം കൈവരിച്ച നേട്ടം, ആധുനിക സാങ്കേതിക വിദ്യയുടെ പരിചയപ്പെടുത്തൽ, കാർഷിക പ്രദർശന വിപണന മേള, സാംസ്‌കാരിക – കലാ പരിപാടി, സെമിനാർ, കരിയർ ഗൈഡൻസ്, സ്റ്റാർട്ടപ്പ് മിഷൻ തുടങ്ങിയവ സംഘടിപ്പിക്കും. 45000 ചതുരശ്രയടിയാണ് സ്റ്റാളുകൾക്കുള്ളത്. ഓരോ സ്റ്റാളും 65 ചതുരശ്രഅടി വീതമുണ്ട്. രാജ്യത്തെ വൈവിധ്യമാർന്ന രുചികൂട്ടുകളുമായി മെഗാ ഭക്ഷ്യമേളയാണ് പ്രധാന ആകർഷണം. കുടുംബശ്രീക്കാണ് ചുമതല. സാംസ്‌കാരിക- കലാപരിപാടിക്കായി 8000 ചതുരശ്രയടിയിൽ വിശാലമായ സദസുണ്ട്. ഇതിനോട് ചേർന്നാണ് ഭക്ഷ്യമേള. ഒരേ സമയം 250 പേർക്ക് കലാപരിപാടി വീക്ഷിച്ച് ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ട്.
അഞ്ച് ജർമൻ ഹാംഗറുകളിലാണ് പവലിയന്റെ നിർമാണം. അലുമിനിയം ഫ്രെയിമിൽ വെളുത്ത ടാർപ്പോളിൻ വിരിച്ചിരിക്കുന്നു. മൂന്നെണ്ണം പൂർണമായും ശീതികരിച്ചിരിക്കുന്നു. 660 ടൺ എസിയിലാണ് പ്രവർത്തനം. പൊലിസ് ഡോഗ് ഷോ, കൃഷി- അനുബന്ധ ഉപകരണങ്ങളുടെ പ്രദർശനം എന്നിവയ്ക്കായി തുറസായ സ്ഥലമുണ്ട്. ക്യഷി ഉപകരണങ്ങളും കാർഷിക വിളകളും ഇവിടെ പ്രദർശിപ്പിക്കും. സാംസ്‌കാരിക- കലാ പരിപാടികളും ഭക്ഷ്യമേളയും പ്രത്യേക പവലിയനിൽ ക്രമീകരിച്ചിരിക്കുന്നു. 750 ഓളം കേസരകൾ സദസിൽ ഇടാനാകും. പവലിയനുള്ളിൽ പ്ലൈവുഡ് ഉപയോഗിച്ചാണ് പ്ലാറ്റ്‌ഫോം. ഇതിന് മുകളിൽ കാർപ്പെറ്റ് വിരിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്കുൾപ്പെടെ സ്റ്റാളുകൾക്കിടയിൽ സുഗമമായ സഞ്ചരിക്കാനാകും. 1500 ചതുരശ്രയടിയിലുള്ള ശിതീകരിച്ച മിനി സിനിമാ തിയേറ്ററും ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി 25 ബയോ ടോയ്‌ലറ്റുകളുണ്ട്. മാലിന്യ നിർമാർജനം ശുചിത്വ മിഷൻ നിർവഹിക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മുഴുവൻ സമയവും മെഡിക്കൽ സംഘമുണ്ടാകും.
മേയ് 16 ന് വൈകിട്ട് അഞ്ചിന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രദർശന വിപണന കലാമേള ഉദ്ഘാടനം ചെയ്യും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി, എംഎൽഎമാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാർ, പ്രമോദ് നാരായൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, പത്തനംതിട്ട നഗരസഭാ ചെയർമാൻ ടി സക്കീർ ഹുസൈൻ, ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.


