മല്ലപ്പള്ളി: പരസ്യമായി മദ്യപിക്കുന്ന വിവരം പോലീസിൽ അറിയിച്ചതിന്റെ പേരിൽ വീട്ടിൽക്കയറി സ്ത്രീകൾ അടക്കമുള്ളവരെ മർദ്ദിച്ച രണ്ട് യുവാക്കളെ പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. വായ്പ്പൂര് കുളത്തൂർ നടുഭാഗം ഒരയ്ക്കൽപാറ ഓ.എം.അനൂപ് (39), വായ്പൂര് കുളത്തൂർ കിടാരക്കുഴിയിൽ വീട്ടിൽ കെ.ജി.സൈജു (43) എന്നിവരാണ് പിടിയിലായത്. പ്രതികൾ പൊതുസ്ഥലത്ത് മദ്യപിക്കുന്ന വിവരം പോലീസിൽ അറിയിച്ചത്. കുളത്തൂർ പുത്തൂർ വീട്ടിൽ വത്സല രാധാകൃഷ്ണ(68)ന്റെ മരുമകൻ പ്രദീപ് ആണെന്ന് സംശയിച്ചായിരുന്നു വെള്ളിയാഴ്ച രാത്രി എട്ടരയോടെ ആക്രമിച്ചത്.
പ്രദീപിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വന്ന പ്രതികൾ ബഹളം കേട്ട് ഇറങ്ങിവന്ന വത്സലയുടെ മകൾ രവിതയെ ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ചു. മർദ്ദിക്കുകയും തള്ളി താഴെയിടുകയും ചെയ്തു. തടയാൻ ഓടിയെത്തിയ പ്രദീപിന് നേരെ അനൂപ് കത്തി കൊണ്ട് വീശി. തടസം പിടിച്ച വത്സലയുടെ തലയ്ക്ക് പ്രതികൾ അടിച്ചു. ആക്രമണത്തിൽ വത്സലയ്ക്കും മകൾക്കും പരുക്ക് പറ്റി. ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ അനൂപും സൈജുവും ഓടിപ്പോയി. വൃക്കസംബന്ധമായ രോഗത്തിന് ചികിത്സയിൽ കഴിഞ്ഞു വരുന്ന രവിതയ്ക്ക് പ്രതികളുടെ ആക്രമണത്തിൽ ശാരീരിക അസ്വസ്ഥതയുണ്ടാവുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു.
കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയ പോലീസ് പ്രതികളെ വീടിനു സമീപത്ത് നിന്ന് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പരുക്കേറ്റ മൂവരും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. രവിതയെ സ്ഥിരം ചികിത്സിക്കുന്ന എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾ ഇവരുടെ വീടിന്റെ അടുത്ത് പൂത്തൂർപ്പടി എന്ന സ്ഥലത്ത് ഇരുന്ന് മദ്യപിക്കുന്ന വിവരം പ്രദീപ് പെരുമ്പെട്ടി പോലീസിൽ അറിയിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം. പോലീസ് ഇൻസ്‌പെക്ടർ സ്ഥലത്തെത്തി അനൂപിനെ കസ്റ്റഡിയിലെടുത്തു സ്‌റ്റേഷനിൽ കൊണ്ടുവരികയും പരസ്യമായി മദ്യപിച്ചതിന് കേസെടുത്ത് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. തുടർന്നാണ് സൈജുവുമായി ചേർന്ന് പ്രദീപിനെ ആക്രമിക്കാനെത്തിയത്.


