അടൂരിൽ ഇന്നലെ നടന്ന രണ്ട് അപകടങ്ങളിലായി ഒരാൾ മരിച്ചു : രണ്ടു പേർക്ക് പരുക്ക് :

Kerala Pathanamthitta
Print Friendly, PDF & Email

അടൂർ – എം.സി റോഡിൽ ഇന്നലെ അപകടങ്ങളുടെ ദിനമായിരുന്നു. രണ്ട് അപകടങ്ങളിലായി ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരുക്കേറ്റു. നെല്ലിമൂട്ടിപ്പടി ഭാഗത്ത് ടോറസ് ലോറിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. ആലപ്പുഴ ഇലിപ്പകുളം വള്ളികുന്നം പള്ളിക്കൽ കൊച്ചയ്യത്ത് വീട്ടിൽ, ശിവരാജൻ (63) ആണ് മരിച്ചത്. വൈകിട്ട് ആറിന് നെല്ലിമൂട്ടിപ്പടി ട്രാഫിക്ക് ഐലൻഡ് ഭാഗത്തായിരുന്നു അപകടം. ലോറിയിൽ തട്ടിയതിനെ തുടർന്ന് വീണ സ്‌കൂട്ടറിൽ നിന്ന് ശിവരാജൻ അടിയിൽ അകപ്പെട്ടു. ലോറിയുടെ പിൻചക്രം കയറിയാണ് മരണം. ടോറസ് ലോറി ബൈപ്പാസിലൂടെ വന്ന് ടൗണിലേക്ക് തിരിയുമ്പോഴായിരുന്നു അപകടം. ടയറിനടിയിൽപെട്ടശിവരാജനെ സമീപത്ത് ഉണ്ടായിരുന്ന ട്രാഫിക് എസ്.ഐ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് ടോറസ് ലോറി പുറകോട്ട് നീക്കി പുറത്തെടുക്കുകയായിരുന്നു.

എം.സി റോഡിൽ മിത്രപുരത്ത് സ്‌കൂട്ടർ നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞാണ് രണ്ടാമത്തെ അപകടം. ദമ്പതികൾക്ക് പരുക്കേറ്റു. വെട്ടിയാർ വാലു പറമ്പിൽ അമൽ വില്ലയിൽ മാത്തുക്കുട്ടി (60), ഭാര്യ സാലിക്കുട്ടി (49) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ജനറലാശുപത്രിയിൽ പ്രഥമ ശുശ്രൂഷ നല്കിയ ശേഷം കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. മാത്തുക്കുട്ടിയുടെ കാൽമുട്ടിനാണ് പരുക്ക്. വൈകിട്ട് 5.30ന് കൊട്ടാരക്കരയിൽ നിന്നും മാവേലിക്കര വെട്ടിയാറിലേക്ക് പോകവെയാണ് അപകടം.

Leave a Reply

Your email address will not be published. Required fields are marked *