പത്തനംതിട്ട ടൗൺഹാളിൽ ചലച്ചിത്ര പ്രദർശനം 23 ന്

Cinema Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – നഗരസഭയുടെയും, ലൂമിയർ ലീഗ് ഫിലിം സൊസൈറ്റിയുടെയും ആഭിമുഖ്യത്തിലുള്ള പ്രതിമാസ ചലച്ചിത്ര പ്രദർശനം 23 ന് വൈകിട്ട് 6 മണിക്ക് ടൗൺഹാളിൽ വെച്ച് നടക്കും. പ്രശസ്തനായ ഇറാനിയൻ ചലച്ചിത്രകാരൻ മൊഹ്സിൻ മഖ്‌ൽബാഫിന്റെ ” ദി പ്രസിഡന്റ് ” എന്ന സിനിമയാണ് പ്രദർശിപ്പിക്കുന്നത്. ലോക സിനിമയിലെ വേറിട്ട വ്യക്തിത്വവും, ചലച്ചിത്ര കലയിലെ പോരാളിയുമായ മഖ്‌ൽബാഫിന്റെ സിനിമകൾ മാനവികതയുടെയും സ്വാതന്ത്ര്യത്തിന്റെയും ആവിഷ്കാരങ്ങളാണ്. മലയാളം സബ് ടൈറ്റിലോടെയാണ് സിനിമ പ്രദർശിപ്പിക്കുന്നത്. പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് – 9447945710 , 9447439851 ]

മൊഹ്‌സെൻ മഖ്‌മൽബഫ് എന്ന സംവിധായകനെക്കുറിച്ചു ശ്യാം കുറിച്ചത്.

മൊഹ്‌സെൻ മഖ്‌മൽബഫ്. ഇറാനിയൻ സിനിമയുടെ നവതരംഗ പ്രസ്ഥാനത്തിൽപ്പെട്ട ചലച്ചിത്ര സംവിധായകനും എഴുത്തുകാരനും നിർമാതാവുമാണ് മൊഹ്‌സെൻ മഖ്‌മൽബഫ്.ഇരുപതിലധികം ഫീച്ചർ സിനിമകൾ ,അൻപതോളം പുരസ്‌ക്കാരങ്ങൾ ,പതിനഞ്ചോളം ചലച്ചിത്ര മേളകളിൽ ജൂറി അംഗം …അങ്ങനെ നീണ്ടുപോകുന്നു മഖ്‌മൽബഫ് എന്ന ചലച്ചിത്ര പ്രതിഭയുടെ നക്ഷത്ര തിളക്കം .മഖ്‌മൽബഫിന്റെ 2001 ൽ പുറത്തിറങ്ങിയ ” കാണ്ഡഹാർ ” എന്ന ചിത്രം എക്കാലത്തെയും മികച്ച 100 സിനിമകളിൽ ഒന്നായി ടൈം മാഗസിൻ തിരഞ്ഞെടുത്തു .

വ്യക്തിയും അയാളെ രൂപപ്പെടുത്തുന്ന സാമൂഹ്യ രാഷ്ട്രീയ പരിതഃസ്ഥിതിയും തമ്മിലുള്ള ബന്ധം അനാവരണം ചെയ്യുന്ന സിനിമകളിലൂടെ ഇറാന്റെ ദേശത്തെയും ജനതയെയും കുറിച്ചുള്ള ചരിത്രപുരോഗതിയുടെ സാക്ഷ്യപ്പെടുത്തലുകളായി മാറി മഖ്‌മൽ ബഫിന്റെ സിനിമകൾ .2023 ൽ ഇസ്രയേലിന്റെ ഗാസ അധിനിവേശത്തിൽ നിരപരാധികളായ സാധാരണക്കാരെ കൊന്നൊടുക്കുന്നത് അവസാനിപ്പിച്ച് ഗാസയിലേക്കു മാനുഷിക ഇടനാഴി തുറക്കണമെന്നാവശ്യപ്പെട്ടു അൻപതോളം ചലച്ചിത്രകാരന്മാർക്കൊപ്പം ഒപ്പിട്ട ഒരു തുറന്ന കത്ത് പ്രസിദ്ധീകരിച്ചതിലൂടെ തന്റെ രാഷ്ട്രീയ കാഴ്ചപ്പാട് അദ്ദേഹം വെളിപ്പെടുത്തി .മഖ്‌മൽബഫിനു സിനിമ കുടുംബകാര്യം കൂടിയായിരുന്നു . നവാഗതരായ ചലച്ചിത്ര പ്രതിഭകൾക്കായി 1996 ൽ അദ്ദേഹം ഒരു ഫിലിം ഹൗസിനു രൂപം നൽകുകയും ഭാര്യ മാർസി മേഷ്‌കിനി ,പെണ്മക്കൾ സമീറ ,ഹന എന്നിവർ കൂടി ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുകയും ചെയ്തു.

A Moment of Innocence ,Kandahar,The President , Boycott, The Cyclist, Time of Love, Gabbeh, തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന സിനിമകളാണ് .
‘The President ‘

വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ,ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേള, ബെയ്‌റൂട്ട് അന്താരാഷ്ട്ര ചലച്ചിത്രമേള, ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ലണ്ടൻ ഫിലിം ഫെസ്റ്റിവൽ, വാർസ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ടോക്കിയോ ഫിലിമെക്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (ഗോവ), ടിബിലിസി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ,കാർത്തേജ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ടെർഷ്യോ മില്ലേനിയോ ഫിലിം ഫെസ്റ്റിവൽ, ഇറ്റലി എന്നീ മേളകളിലെല്ലാം പ്രദർശിപ്പിച്ച ചിത്രമാണ് ” ദി പ്രസിഡന്റ് “.

സ്വേച്ഛാധിപതിയായ പ്രെസിഡന്റുള്ള ഒരു രാജ്യത്തു വിപ്ലവം നടക്കുകയും പ്രസിഡന്റ് തന്റെ കുടുംബത്തെ വിദേശത്തേക്കു രക്ഷപെടുത്താൻ ഒരുങ്ങുകയും അദ്ദേഹത്തിന്റെ കൊച്ചുമകൻ മുത്തശ്ശനൊപ്പം നില്ക്കാൻ ശ്രമിക്കുകയും ചെയ്യുകയാണ് .കുടുംബത്തെ രക്ഷിക്കാനായി ഒരു നാടോടിയുടെ വേഷത്തിൽ പ്രസിഡന്റ് അവർക്കൊപ്പം പോകുകയും യാത്രയിൽ അവർ അനുഭവിക്കുന്ന ദാരിദ്ര്യവും വിശപ്പുമെല്ലാം സ്വേച്ഛാധിപത്യം രാജ്യത്തെ എങ്ങനെയാണു ഗ്രസിച്ചതു എന്ന് അവരെ അനുഭവിപ്പിക്കുകയും ചെയ്യുന്നു.

യുണൈറ്റഡ് സ്റ്റേറ്റ്സിലെ ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്നുള്ള മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ഹ്യൂഗോ, 2014 ലെ ജപ്പാനിലെ 15-ാമത് ടോക്കിയോ ഫിലിമെക്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്നുള്ള മികച്ച ചിത്രത്തിനുള്ള പ്രേക്ഷക അവാർഡ്, പതിനാലാമത് ബെയ്റൂട്ട് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്നുള്ള പ്രേക്ഷകരുടെ വോട്ട് മികച്ച ഫീച്ചർ ഫിലിമിനുള്ള സൊസൈറ്റി ഗെനെറൽ അവാർഡ് എന്നീ പുരസ്ക്കാരങ്ങൾ ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട് . കാബൂളിലെ ദാറുൽ അമൻ കൊട്ടാരം ഒരിക്കൽ സന്ദർശിച്ചതും അറബ് വസന്തവുമെല്ലാം ഈ ചിത്രം നിർമിക്കാൻ മഖ്‌മൽബഫിനു പ്രചോദനം ആയിട്ടുണ്ട് .

ശ്യാം

Leave a Reply

Your email address will not be published. Required fields are marked *