കൊട്ടാരക്കര – കേരള കോൺഗ്രസ് (ബി) നേതാവും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണപിള്ളയുടെ സ്മരണാർത്ഥമുള്ള സാംസ്കാരിക കേന്ദ്രത്തിന്റെ നിർമ്മാണത്തിന് തുടക്കം. നാലാം ചരമ വാർഷികത്തോടനുബന്ധിച്ചാണ് നിർമ്മാണ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചത്. കൊട്ടാരക്കര ചന്തമുക്ക് മൈതാനിയിലാണ് നിർമ്മിക്കുക. സംസ്ഥാന സർക്കാർ കഴിഞ്ഞ ബഡ്ജറ്റിൽ 2 കോടി രൂപ അനുവദിച്ചത് വിധിയോഗിച്ചാണ് പൂർത്തിയാക്കുക. അടുത്ത വർഷത്തോടെ പൂർത്തിയാകുമെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
മന്ദിരവും പാർക്കുമാണ് പിതാവിന്റെ സ്മരണകളായി പുനർജനിക്കുക എന്ന് അധ്യക്ഷനായ മന്ത്രി കെ. ബി. ഗണേഷ് കുമാർ പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് എന്നും പ്രാധാന്യം കൊടുത്ത മന്ത്രിയായിരുന്നു അദ്ദേഹമെന്നും കൂട്ടിച്ചേർത്തു. ശബരിമല ബെപാസ്സിന്റെ ആശയം മുന്നോട്ടുവെച്ചത് ബാലകൃഷ്ണ പിള്ളയാണെന്നു സ്മാരകത്തിനോടൊപ്പം അദ്ദേഹത്തിന്റെ പ്രതിമയും സ്ഥാപിക്കുമെന്നും പറഞ്ഞു.
കേരള കോൺഗ്രസ് (ബി ) ജില്ലാ പ്രസിഡന്റ് എ ഷാജു, കൊട്ടാരക്കര നഗരസഭാ ചെയർമാൻ അഡ്വ ഉണ്ണികൃഷ്ണ മേനോൻ, സാംസ്കാരിക- രാഷ്ട്രീയ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.


