മെഴുവേലി ബാബുജി നോവൽ എഴുതാൻ തുടങ്ങിയ കാലം മുതൽ പഴക്കമുണ്ട് ഞാനും അദ്ദേഹത്തിന്റെ പുസ്തകങ്ങളുമായിട്ടുള്ള വായനാ ബന്ധത്തിന്. സഖി ബുക്‌സിന്റെ ഒരു രൂപ വിലയുളള സമ്പൂർണ നോവലിൽ തുടങ്ങിയ ആ ശീലം അദ്ദേഹം മംഗളത്തിലും മനോരമയിലും നോവലെഴുതുമ്പോഴും തുടർന്നു പോയിട്ടുണ്ട്. ജനപ്രിയ സാഹിത്യം എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ജനകീയ സാഹിത്യശാഖയിൽ എന്നും ഞാൻ അത്ഭുതത്തോടെ വായിച്ചു പോയ രണ്ടു എഴുത്തുകാരുണ്ട്. ജോയ്‌സിയും മെഴുവേലി ബാബുജിയും. മംഗളം വാരികയുടെ ഡസ്‌കിൽ ചുരുങ്ങിയ കാലം ജോലി ചെയ്തപ്പോൾ ഇവരുടെ കൈയെഴുത്ത് പ്രതികൾ തന്നെ വായിക്കാനും ഭാഗ്യം സിദ്ധിച്ചു. ഇത്രത്തോളം അപ്‌ഡേറ്റഡ് ആയിട്ടുള്ള രണ്ടു സാഹിത്യകാരന്മാർ വേറെയുണ്ടോ എന്ന് സംശയമാണ്. എൺപതുകളുടെ തുടക്കത്തിൽ എഴുത്തുകാരായി വന്നവരാണ്. ഈ സോഷ്യൽ മീഡിയ കാലത്തും അവർ നോവൽ എഴുതിക്കൊണ്ടേയിരിക്കുന്നു. കാലത്തിന് അനുസരിച്ച് സ്ഥലവും സന്ദർഭവും ഭാഷയും മാറി. കാലത്തിന് അനുസരിച്ച് മാറുക. പുതുതലമുറയ്‌ക്കൊപ്പം നിന്നു കൊണ്ട് കഥയും നോവലും സൃഷ്ടിക്കുക. അതൊരു ജന്മവാസനയാണ്. എഴുത്തുകാരന്റെ പരിവർത്തനവും.

ചിത്രം – നല്ലൊരു കർഷകനും കൂടിയായ ബാബുജി . വലിയൊരു കപ്പ നട്ടത് വിളയെടുത്തപ്പോൾ.
ജനപ്രിയ സാഹിത്യം ശോഷിച്ചു വരുന്ന സോഷ്യൽ മീഡിയ കാലത്തും കഥാതന്തു തെരഞ്ഞെടുക്കുന്നതിൽ ഞെട്ടിക്കുകയാണ് മെഴുവേലി ബാബുജി എന്ന എന്റെ നാട്ടുകാരൻ നോവലിസ്റ്റ്. മാതൃഭൂമി ബുക്‌സ് ജനപ്രിയ സാഹിത്യത്തിന് വേണ്ടി ആരംഭിച്ച ഗ്രാസ് റൂട്ട് ബുക്ക്‌സ് പുറത്തിറക്കിയ കില്ലർ മെറ്റൽ എന്ന മെഴുവേലി ബാബുജിയുടെ ത്രില്ലർ നോവൽ ഒറ്റ ഇരുപ്പിന്, ഒന്നര ദിവസം കൊണ്ടാണ് വായിച്ചു തീർത്തത്.

ചിത്രങ്ങൾ – മെഴുവേലി ബാബുജിയുടെ ഇപ്പോൾ സൈന്ധവ ബുക്സ് പുറത്തിറക്കിയിരിക്കുന്ന പുതിയ നോവലുകൾ.

ചിത്രം – മനോരമയിലും മംഗളത്തിലും സുന്ദരികളെയും സുന്ദരന്മാരെയും സൃഷ്ടിക്കുന്ന ചിത്രകാരന്മാരായ ആർട്ടിസ്‌റ്റ് മോഹൻ ചേട്ടനും, സുരേഷ് ചേട്ടനും, അവർക്ക് കഥാപാത്രങ്ങളെ നൽകുന്ന മെഴുവേലി ബാബുജി അണ്ണനും പിന്നെ ഏറെക്കാലം മംഗളം വാരികയിൽ പത്രാധിപ സമിതി അംഗമായിരുന്ന വിശാഖനും. ഒപ്പമുള്ളത് ആർട്ടിസ്‌റ്റ് മനോജ് മുക്കൂർ.

ചിത്രം – സ്ഥലം കണ്ടും, അനുഭവിച്ചും നോവലെഴുതാൻ ബാബുജി ദുബായിൽ ചെന്നപ്പോൾ ജിബു വിജയനൊപ്പം.
ഇപ്പോൾ ഏറെ വിവാദമായിരിക്കുന്ന സ്വർണക്കടത്തിന്റെ ഉള്ളറകളിലൂടെ സഞ്ചരിക്കുന്ന സസ്‌പെൻസ് ത്രില്ലർ. ലൊക്കേഷൻ ചെങ്ങന്നൂരും മുളക്കുഴയും വന്മഴി ഷാപ്പും പ്രാവിൻകൂടും തിരുവൻവണ്ടൂരും വരട്ടാറുമൊക്കെയാണ്. നമുക്ക് ഏറെ പരിചിതമായ സ്ഥലങ്ങൾ. കേരളത്തിൽ സ്വർണക്കടത്ത് വ്യാപകമായി പിടിക്കപ്പെടുമ്പോൾ തമിഴ്‌നാട്ടിൽ കൊണ്ടിറക്കി ആംബുലൻസുകളിലും പച്ചക്കറി വാഹനങ്ങളിലും മറ്റും കേരളത്തിലേക്ക് സ്വർണം എത്തിക്കുന്ന സംഘം. അവരെ വേട്ടയാടാൻ രണ്ടു വർഷത്തോളം വേഷപ്രച്ഛന്നരായി കേരളത്തിൽ തമ്പടിക്കുന്ന തമിഴ്‌നാട് പോലീസിലെ ഐപിഎസുകാരിയും സംഘവും. ശിൽപികളുടെ വേഷത്തിൽ റോഡരികിൽ തമ്പടിച്ച് കേസ് അന്വേഷിക്കുന്ന രീതി. ഓരോ അധ്യായവും ത്രില്ലടിപ്പിക്കുന്നു. ഉദ്വേഗജനകം. ജനപ്രിയ വാരികകളിൽ അതാത് ലക്കം അവസാനിപ്പിക്കുന്നത് അടുത്ത ലക്കം വായിക്കാൻ പ്രേരിപ്പിക്കുന്ന ഒരു എൻഡ് പഞ്ചു ഇട്ടു കൊണ്ടാണ്. ശരിക്കും ഒരു പുസ്തകം ആകുമ്പോൾ ഇത്തരമൊരു എൻഡ് പഞ്ചിന് പ്രസക്തിയില്ല. പക്ഷേ, കില്ലർ മെറ്റലിന്റെ ഭംഗി ആ എൻഡ് പഞ്ച് തന്നെയാണ്.

ചിത്രം – മെഴുവേലി പദ്മനാഭോദയം ഹയർ സെക്കണ്ടറി സ്‌കൂളിലെ 1986 – 87 ബാച്ചിലെ വിദ്യാർത്ഥികളുടെ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ തങ്ങളുടെ ജൂനിയറായ സ്‌കൂളിൽ ഉണ്ടായിരുന്ന ഇപ്പോൾ പത്രപ്രവർത്തന രംഗത്ത് തിളങ്ങി നിൽക്കുന്ന ജി വിശാഖനെ ആദരിച്ചപ്പോൾ.
ഒരു സിനിമ കണ്ടു കഴിഞ്ഞ പ്രതീതിയാണ് നോവൽ വായിച്ചു കഴിയുമ്പോൾ. മനസിന്റെ തിരശീലയിൽ ഗണപതിയും മിത്രയും റോജാമണി ഐപിഎസും മിത്രയും ശീതളുമൊക്കെ ജീവനുള്ള കഥാപാത്രങ്ങളായി നിറയുന്നു. ഇപ്പോഴും മെഴുവേലി ബാബുജി എന്ന ആക്ഷൻ നോവലിസ്റ്റിന് പകരക്കാരനില്ല. ഈ മനുഷ്യൻ എന്നെ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുകയാണ്. 220 പേജുള്ള പുസ്തകത്തിന് വില 280 രൂപയാണ്. ഒറ്റ ഇരുപ്പിന് വായിച്ചു തീർക്കാമെന്നത് തന്നെയാണ് മെച്ചം. ഇതേ ഗണത്തിൽ ധാരാളം പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായി വരുന്നുണ്ട്. അദ്ധ്യാപനത്തിൽ നിന്ന് വിരമിച്ച ശേഷം സാഹിത്യ രചനയ്ക്ക് അദ്ദേഹത്തിന് കൂടുതൽ സമയം ലഭിക്കുന്നു. സാഹിത്യപ്രേമികൾക്ക് അതൊരു ഭാഗ്യം കൂടിയാണ്. എന്തായാലും കില്ലർ മെറ്റൽ ഉഗ്രനൊരു വായനാനഭുവം തരുന്നു.
ജി വിശാഖൻ ( KUWJ പത്തനംതിട്ട ജില്ലാ സെക്രട്ടറി )

ചിത്രം – മെഴുവേലി ബാബുജി, തോമ്പിൽ അനിൽ, ജിബു വിജയൻ ഇലവുംതിട്ട .


