പന്തളം: ഇയാളുടെ സ്ഥിരം പരിപാടി സ്ത്രീകൾക്കും കുട്ടികൾക്കും നേരേ അശ്ലീലപ്രദർശനം നടത്തുകയും, ശല്യമുണ്ടാക്കുകയും ചെയ്യുകയാണ്, ഇയാളെ 17കാരിയെ കയറിപ്പിടിച്ചു ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പന്തളം ചേരിക്കൽ ലക്ഷം വീട് കോളനിയിൽ താമസം ഷാജഹാനാ(48)ണ് പിടിയിലായ ഞരമ്പൻ.. ഇന്നലെ രാവിലെ 7 മണിയോടെ പന്തളം ആൾ സൈന്റ്‌സ് ട്യൂഷൻ സെന്ററിലേക്ക് പോകുമ്പോൾ, പന്തളം ഗേൾസ് സ്‌കൂളിന് മുൻവശം എം സി റോഡിന്റെ നടപ്പാതയിൽ വച്ചാണ് പ്രതി പെൺകുട്ടിക്ക് നേരേ അതിക്രമം കാട്ടിയത്.
അശ്ലീലം പറഞ്ഞുകൊണ്ട് പിന്നാലെ കൂടിയ പ്രതി, കുട്ടിയുടെ ദേഹത്ത് കടന്നുപിടിച്ച് ലൈംഗിക അക്രമത്തിനു വിധേയയാക്കുകയായിരുന്നു. പെൺകുട്ടി ബഹളം കൂട്ടിയപ്പോൾ ഇയാൾ ഓടിപ്പോയി. ഭയന്നുപോയ കുട്ടി, തുടർന്ന് വീട്ടിലെത്തി വിവരം ധരിപ്പിച്ചു. വീട്ടുകാർ ഉടനടി പോലീസിൽ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ, കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പന്തളം പോലീസ് കേസെടുക്കുകയും ചെയ്തു. എസ് സി പി ഒ ജലജ മൊഴി രേഖപ്പെടുത്തി, എസ് ഐ അനീഷ് എബ്രഹാം പ്രതിക്കെതിരെ എഫ് ഐ ആർ ചെയ്തു അന്വേഷണം ആരംഭിച്ചു. കോടതിയിലും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രാഥമിക നടപടികൾക്ക് ശേഷം പോലീസ് പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം വ്യാപിപ്പിച്ചു.
കേസ് രജിസ്റ്റർ ചെയ്തത് മനസ്സിലാക്കി ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ പന്തളം മുട്ടാർ ഭാഗത്ത് നിന്നും പോലീസ് സംഘം ഉടനടി പിടികൂടി. വൈദ്യ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. സാക്ഷികളെ കാണിച്ചു തിരിച്ചറിഞ്ഞശേഷം വൈകിട്ട് നാലരയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾ സ്ഥിരമായി സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അശ്ലീലം കാട്ടുകയും, ലൈംഗികച്ചുവയോടെ സംസാരിക്കുകയും പൊതുസ്ഥലങ്ങളിൽ വച്ച് ശല്യം ചെയ്യുകയും ചെയ്യുന്ന ആളാണ്. ഇത്തരം കുറ്റകൃത്യങ്ങളുടെ പേരിൽ മുമ്പ് ഇയാൾക്കെതിരെ പന്തളം പോലീസിൽ തന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ് എച്ച് ഓ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ തന്ത്രപരമായി കുടുക്കിയത്. എസ് ഐമാരായ അനീഷ് എബ്രഹാം, വിനോദ് കുമാർ, എസ് സി പി ഓ വിജയകുമാർ, സി പി ഓമാരായ എസ് അൻവർഷ, അഖിൽ, ജലജ എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്.


